Ongoing News
വേഗപ്പൂട്ട്: സംസ്ഥാനത്ത് കര്‍ശന പരിശോധന തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് അനുവദിച്ച സമയപരിധി അവസാനിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി. സ്വകാര്യബസുകള്‍, കെ എസ് ആര്‍ ടി സി ബസുകള്‍, ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധനക്ക് വിധേയമാക്കിയത്.
വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടിനല്‍കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും സര്‍ക്കാറും വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ 95 ശതമാനം വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചതായാണ് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓടിച്ച് നോക്കിയുള്ള പരിശോധനകളാണ് നടത്തുന്നത്. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വേഗപ്പൂട്ട് സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ മുഖേന വാങ്ങിയതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വാഹനങ്ങളിലെ വേഗപ്പൂട്ട് സീലിംഗ് ജോലികളാണ് പുരോഗമിക്കുന്നത്.
1980 ലെ മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 118 പ്രകാരം വേഗപ്പൂട്ടില്‍ ഒരു സീലെങ്കിലും പതിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. രണ്ട് ദിവസത്തിനകം സീലിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും. സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണക്കനുസരിച്ച് വലിയ വാഹനങ്ങളുടെ എണ്ണം ലക്ഷങ്ങള്‍ വരും. സ്വകാര്യബസുകള്‍ പതിനായിരത്തിലേറെയും. അമിതവേഗത്തില്‍ അപകടങ്ങള്‍ പെരുകുന്നതിനാല്‍ സ്വകാര്യബസുകളിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി നടത്തിയ വാഹനപരിശോധനയില്‍ അമിതവേഗത്തിലും ഹെല്‍മറ്റ് ധരിക്കാതെയും യാത്ര ചെയ്ത 201 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 817 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം-5, പത്തനംതിട്ട- 26, ആലപ്പുഴ- 6, കോട്ടയം- 15, തൃശ്ശൂര്‍- 7, പാലക്കാട്- 6, മലപ്പുറം- 25, കാസര്‍കോട്- 22, ആറ്റിങ്ങല്‍- 4, എറണാകുളം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്- 14, തിരുവനന്തപുരം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്- 56, തൃശൂര്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്- 12, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ്- 11 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലായി ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം- 84, കൊല്ലം- 9, പത്തനംതിട്ട- 74, ആലപ്പുഴ- 58, കോട്ടയം- 22, ഇടുക്കി- 20, എറണാകുളം- 5, തൃശ്ശൂര്‍- 32, പാലക്കാട്- 100, മലപ്പുറം- 32, കോഴിക്കോട്- 9, വയനാട്- 15, കണ്ണൂര്‍- 18, കാസര്‍കോട്- 27, ആറ്റിങ്ങല്‍- 10, മൂവാറ്റുപുഴ- 26, വടകര- 15, എറണാകുളം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്- 20, തിരുവനന്തപുരം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്- 144, തൃശ്ശൂര്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്- 82, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ്- 15 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.