National
തെലുങ്കാന: ജഗന്‍മോഹന്‍ റെഡ്ഡി നിരാഹാര സമരം തുടങ്ങി
ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാനാ സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് മേധാവി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നിരാഹാര സമരം തുടങ്ങി. ഹൈദരാബാദിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
കോണ്‍ഗ്രസിന്റെ വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമാണ് വിഭജനമെന്ന് കഡപ്പയില്‍ നിന്നുള്ള എം പിയായ ജഗന്‍ കുറ്റപ്പെടുത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചഞ്ചല്‍ഗുഡ ജയിലിലായിരുന്ന ജഗന് ഈയിടെയാണ് ജാമ്യം ലഭിച്ചത്.
വിഭജനമെന്ന അനീതിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണം. മറ്റ് സംസ്ഥാനങ്ങളെക്കൂടി ഏകപക്ഷീയമായി വിഭജിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാറിന്റെത്. സംസ്ഥാന നിയമസഭയില്‍ ഒരു പ്രമേയം പോലുമില്ലാതെയാണ് വിഭജന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതെങ്ങനെ ജനാധിപത്യപരമാകും? മുമ്പ് സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോഴെല്ലാം അതത് നിയമസഭകളില്‍ പ്രമേയം പാസ്സാക്കിയിരുന്നു. ആന്ധ്രയില്‍ എത്തുമ്പോള്‍ മാത്രം ഈ കീഴ്‌വഴക്കം പാലിക്കാത്തത് എന്ത്‌കൊണ്ടാണെന്ന് ജഗന്‍ ചോദിച്ചു. നദീജലം പങ്കുവെക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കേന്ദ്ര മന്ത്രിതല സമിതിക്ക് സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.