National
യു എസിലെ സാമ്പത്തിക അടിയന്തരാവസ്ഥ: ഇന്ത്യയുടെ ചൊവ്വ ദൗത്യം കരിനിഴലില്‍
ബംഗളൂരു: അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചൊവ്വ ദൗത്യത്തിന് മേലും കരിനിഴല്‍ വീഴ്ത്തുന്നു. അടിയന്തരവാസ്ഥയെ തുടര്‍ന്ന് നാസയിലുണ്ടായ പ്രതിസന്ധിയാണ് കാരണം. സാമ്പത്തിക അടിയന്തരവാസ്ഥ തുടര്‍ന്നാല്‍ ഈ മാസം 28ന് നിശ്ചയിച്ചിരിക്കുന്ന ദൗത്യം നടക്കില്ല. ഒക്‌ടോബര്‍ 18നും നവംബര്‍ 19നും ഇടയിലുള്ള സമയത്തിനിടക്ക് വിക്ഷേപണം നടക്കാതെ പോയാല്‍ പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞേ ദൗത്യം നടക്കൂവെന്നത് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ അസ്വസ്ഥരാക്കുന്നുണ്ട്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സഹായത്തോടെയാണ് ഐ എസ് ആര്‍ ഒ ചൊവ്വാ ദൗത്യത്തിന് ഒരുങ്ങുന്നത്. അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ നാസയില്‍ നിന്ന് 97 ശതമാനം ശാസ്ത്രജ്ഞരും നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 18,000 ശാസ്ത്രജ്ഞരാണ് നാസയിലുള്ളത്. ഇവരില്‍ 97 ശതമാനവും അവധിയില്‍ പ്രവേശിച്ചതോടെ നാസയുടെ പല കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ നാസയുമായുള്ള ആശയവിനിമയം സാധ്യമാകാതെ വന്നാല്‍ ഇന്ത്യക്ക് പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവരും.