Articles
ആരാ നിങ്ങടെ നേതാവ്?
“ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി?” എന്നാണല്ലോ ചോദ്യം. ആരാണ് തന്റെ മാതൃകയെന്നത് വ്യക്തിയെക്കുറിച്ചുള്ള നിര്‍ണായകമായ ചോദ്യമാണ്. രാഷ്ട്രത്തോടാകുമ്പോള്‍ ആ ചോദ്യത്തിന് അപാരമായ ധ്വനി കൈവരുന്നു. മാതൃകകള്‍ പല തലങ്ങളില്‍ സ്വാധീനം പ്രസരിപ്പിച്ചുകൊണ്ടിരിക്കും. നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ എവിടെ നിന്നാണ് മാതൃകകള്‍ സ്വീകരിക്കുന്നത്? തീര്‍ച്ചയായും പടിഞ്ഞാറ് നിന്ന്. ആത്യന്തികമായി അത് അമേരിക്കയില്‍ ചെന്ന് നില്‍ക്കുന്നു. ഇവിടുത്തെ പല പദ്ധതികളുടെയും പേരു പോലും (എന്‍ സി ടി സി, എന്‍ എസ് എ തുടങ്ങിയവ ഉദാഹരണം) തികച്ചും അമേരിക്കന്‍ നിര്‍മിതമാണ്. ആഭ്യന്തര പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന ഒരു സമ്പദ്ഘടനക്കാണോ ഇന്ത്യയടക്കമുള്ളവര്‍ നേതൃസ്ഥാനം കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത് എന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കേണ്ട അവസരമാണ് 17 വര്‍ഷത്തിന് ശേഷം കൈവന്നിരിക്കുന്നത്. അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലാണ്. 1995-96 ആവര്‍ത്തിക്കുകയാണ് അവിടെ. അമേരിക്കക്ക് ആത്മവിശ്വാസം പകരാന്‍ പാടുപെടുന്ന മാധ്യമങ്ങള്‍ എത്ര ലളിതവത്കരിച്ചാലും അതത്ര ലളിതമാകില്ല. ദ്വികക്ഷി സമ്പ്രദായത്തില്‍ സ്വാഭാവികം, താത്കാലിക രാഷ്ട്രീയ പ്രതിഭാസം എന്നൊക്കെ പറഞ്ഞ് തള്ളാവുന്നതല്ല ഇത്. യു എസിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് അതേല്‍പ്പിക്കുന്ന ആഘാതം ആഴത്തിലുള്ളത് തന്നെയാണ്.
അടച്ചുപൂട്ടല്‍ പരിഹരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മേശക്ക് ചുറ്റും ഇരിക്കുന്നത് റിപ്പബ്ലിക്കന്‍ പ്രമുഖന്‍മാരും പ്രസിഡന്റ് ബരാക് ഒബാമയുടെ ഡെമോക്രാറ്റുകളുമാണെങ്കിലും അവരെല്ലാവരും വെറും നിഴലുകള്‍ മാത്രമാണ്. അവര്‍ വിവിധ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രതിനിധികളാണ്. ഭരണവ്യവസ്ഥയെ എങ്ങനെയാണ് കോര്‍പ്പറേറ്റുകള്‍ ബന്ദിയാക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല വര്‍ത്തമാനകാല നിദര്‍ശനമാണ് അടച്ചുപൂട്ടപ്പെട്ട അമേരിക്ക. ചര്‍ച്ചകള്‍ മുഴുവന്‍ തകരുന്നത് കോര്‍പ്പറേറ്റ് പിടിവാശിയില്‍ തട്ടിയാണ്. അവര്‍ക്ക് കൊട്ടക്കണക്കിന് നികുതി ഇളവ് നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. ഈ ശക്തികളുടെ പണക്കൊഴുപ്പില്‍ തന്നെയാണ് ബരാക് ഒബാമയും അധികാരമേറിയത് എന്നിരിക്കെ അദ്ദേഹമെന്താണ് കോര്‍പ്പറേറ്റുകള്‍ക്ക് വഴങ്ങാത്തത്? പ്രശ്‌നം പരിഹരിക്കേണ്ടത് അദ്ദേഹത്തിന്റെ കൂടി ആവശ്യമല്ലേ? ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ അദ്ദേഹവും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടതല്ലേ? സമ്പദ്‌വ്യവസ്ഥയെ റിപ്പബ്ലിക്കന്മാര്‍ ബന്ദിയാക്കിയെന്നാണല്ലോ പ്രസിഡന്റ് വിലപിക്കുന്നത്. സത്യത്തില്‍ ആരാണ് “ആയുധധാരി”കള്‍? അവര്‍ ആവശ്യപ്പെടുന്ന “മോചന ദ്രവ്യം” എന്ത്?
ഒരു കാര്യത്തില്‍ മാത്രം തീര്‍ച്ചയുണ്ട്. അമേരിക്കന്‍ ജനത ബന്ദിയാക്കപ്പെട്ടിരിക്കുന്നു. ഒമ്പത് ലക്ഷം തൊഴിലാളികള്‍ ശമ്പളമില്ലാതെ അവധിയെടുത്ത് വീട്ടിലിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം പേര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. പ്രധാന സര്‍ക്കാര്‍ സേവനങ്ങളെല്ലാം റദ്ദാക്കിയിരിക്കുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടക്കുന്നു. പാര്‍ക്കുകളും മ്യൂസിയങ്ങളും തുറക്കുന്നില്ല. ഓഹരി വിപണികള്‍ നിലത്ത് മൂക്കു കുത്തി കിടപ്പാണ്. അടച്ചിടല്‍ ഒരാഴ്ച നീണ്ടാല്‍ നഷ്ടം 55 ബില്യണ്‍ (5500 കോടി) ഡോളറിന്റെതായിരിക്കും. ഒരു മാസം നീണ്ടാല്‍ ജി ഡി പിയിലെ ഇടിവ് 1.4 ശതമാനമായിരിക്കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന ബില്‍ പാസ്സാക്കേണ്ട അവസാന തീയതി ഈ മാസം 17 ആണ്. 10 ശതമാനമാണ് അമേരിക്കയിലെ സാമ്പത്തിക കമ്മി. ആഭ്യന്തരവും വൈദേശികവുമായ കടമെടുപ്പിലൂടെയാണ് ഇത് നികത്തി വരുന്നത്. ഇക്കണക്കിന് പോയാല്‍ ജനപ്രതിനിധി സഭയും സെനറ്റും സമ്മേളിക്കാനാകില്ല. കടമടക്കാന്‍ ശേഷിയില്ലാത്ത പാപ്പര്‍സൂട്ടായി കുപ്പായമഴിച്ച് നില്‍ക്കേണ്ടി വരും ഈ ആഗോള നേതാവിന്.
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് മാര്‍ച്ച് 31ന് ആണ്. അമേരിക്കയില്‍ അത് സെപ്തംബര്‍ 30ന് ആണ്. എന്നുവെച്ചാല്‍ ബജറ്റ് കാലാവധി 30ന് അവസാനിക്കുന്നു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഖജനാവില്‍ നിന്ന് ചില്ലിക്കാശ് ചെലവാക്കണമെങ്കില്‍ പുതിയ ബജറ്റ് പാസ്സാക്കണം. ജനപ്രതിനിധി സഭയിലും സെനറ്റിലും പാസ്സായാലേ ബജറ്റ് നിലവില്‍ വരൂ. പ്രസിഡന്റായി ഒബാമക്ക് രണ്ട് ഊഴം ലഭിച്ചെങ്കിലും ജനപ്രതിനിധി സഭയില്‍ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ല. ഇവിടെ മേല്‍ക്കൈയുള്ള റിപ്പബ്ലിക്കന്‍മാര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒബാമകെയര്‍ എന്ന് അപഹസിക്കപ്പെടുന്ന ആരോഗ്യരക്ഷാ പദ്ധതി പൂര്‍ണമായി പിന്‍വലിക്കാതെ സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് അവര്‍ ആണയിടുന്നു. തന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്ന പിടിവാശിയില്‍ ഒബാമയും നില്‍ക്കുന്നു. വലിയ ധൂര്‍ത്താണ് പദ്ധതിയെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ തീവ്രവാദികളായ ടീ പാര്‍ട്ടിക്കാര്‍ പ്രചരിപ്പിക്കുന്നു. സത്യത്തില്‍ ഈ ഒബാമകെയര്‍ കൊള്ളാവുന്ന ഒരു പരിപാടിയാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാനതത്വമായ ഇടപെടാതിരിക്കല്‍ നയത്തിന് നേര്‍ വിപരീതമാണ് അത്. കൂടുതല്‍ പേരെ അത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നു. ഗുണഭോക്താക്കള്‍ മിക്കവാറും സാധാരണക്കാരും ഇടത്തരക്കാരുമാണ്. ആഗോളതലത്തില്‍ ഒബാമ കാണിച്ചുകൂട്ടിയ വിഡ്ഢിത്തങ്ങള്‍ക്കുള്ള പ്രതിക്രിയയായാണ് അദ്ദേഹം ഈ പദ്ധതിയെ കാണുന്നത്. താന്‍ അറിയപ്പെടേണ്ടത് ഈ പദ്ധതിയുടെ പേരിലാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് റിപ്പബ്ലിക്കന്‍ പക്ഷം അതിനെ ഒബാമകെയര്‍ എന്ന് വിളിച്ച് കളിയാക്കുന്നത്. പദ്ധതി ഉപേക്ഷിക്കാതെ സഹകരിക്കില്ലെന്ന് അവര്‍ തീര്‍ത്തു പറയുന്നതും അതുകൊണ്ടാണ്. രണ്ട് കൂട്ടരും നിന്നിടത്ത് നിന്നതോടെ ഒബാമക്ക് മുന്നില്‍ അടച്ചുപൂട്ടല്‍ അല്ലാതെ വഴിയില്ലെന്നായി. അങ്ങനെയാണ് ബില്‍ ക്ലിന്റന്റെ കാലത്തെ അടിയന്തരാവസ്ഥ പുനരവതരിച്ചത്. പൗരന്‍മാര്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ഉത്തരവാദികള്‍ റിപ്പബ്ലിക്കന്‍ പക്ഷത്തെ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുകയാണ് ഒബാമയിപ്പോള്‍. മോചനദ്രവ്യം എന്ന പരാമര്‍ശം ഇതിന്റെ ഭാഗമാണ്. ഈ പ്രചാരണ തന്ത്രം ഏറെക്കുറെ വിജയം കാണുന്നുവെന്നാണ് ഏറ്റവും പുതിയ സര്‍വേകള്‍ കാണിക്കുന്നത്. അവര്‍ സമ്മര്‍ദത്തിലാണ്. മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അനുരഞ്ജനത്തിന് തയ്യാറാകുമെന്നാണ് സൂചന.
സംഭവവിവരണം ഇവിടെ അവസാനിപ്പിക്കാം. ഗുണപാഠത്തിലേക്ക് വരാം. അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ആന്തരിക ദൗര്‍ബല്യം തന്നെയാണ് ഒന്നാമത്തെ കാര്യം. നേരിട്ടുള്ള വോട്ടെടുപ്പില്‍ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വെച്ച് സൈ്വരമായി ഭരിക്കാന്‍ അദ്ദേഹത്തിന് സാധ്യമല്ല. 2010ല്‍ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ഒബാമ ശ്രമിച്ചപ്പോള്‍ അത് വ്യക്തമായി കണ്ടു. റിപ്പബ്ലിക്കന്‍മാര്‍ സമ്മതിച്ചില്ല. കൊച്ചു കൊച്ചു ധനാഭ്യര്‍ഥനകള്‍ നടത്തി ഞെങ്ങി ഞെരുങ്ങിയാണ് ഭരണപക്ഷം കാര്യങ്ങള്‍ നീക്കിയത്. എന്നുവെച്ചാല്‍ നമ്മുടെ “നേതാവ്” അത്ര ശക്തനൊന്നുമല്ല എന്നു തന്നെ. ഒരു കക്ഷിയിലെ ഏതാനും പേര്‍ വിചാരിച്ചാല്‍ നിശ്ചലമാകുന്ന ഒരു രാഷ്ട്രീയ ഘടനയെ വിശ്വസിച്ചാണ് അറബ് രാജ്യങ്ങളും ഇന്ത്യയുമൊക്കെ അവരുടെ സാമ്പത്തിക മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത്. അവരുടെ നീക്കിയിരുപ്പ് മുഴുവന്‍ സൂക്ഷിക്കുന്നത് ഈ ദുര്‍ബല രാജ്യത്തിന്റെ കറന്‍സിയിലാണ്. അമേരിക്ക അടച്ചുപൂട്ടുമ്പോള്‍ സാമന്തന്‍മാര്‍ മുഴുവന്‍ വിറക്കുന്നു. ചത്തത് അവിടെ, കരച്ചിലിവിടെ എന്നതാണ് സ്ഥിതി.
വോട്ട് തന്നെയാണ് അവിടെയും പ്രശ്‌നമെന്നതാണ് രണ്ടാമത്തെ ഗുണപാഠം. സാധാരണക്കാരും ഇടത്തരക്കാരുമാണ് ഡെമോക്രാറ്റുകളുടെ വോട്ട് ബേങ്ക്. ഈ വിഭാഗത്തിന് ആശ്വാസം പകര്‍ന്നു മാത്രമേ അവര്‍ക്ക് മുന്നോട്ട് പോകാനാകുകയുള്ളൂ. റിപ്പബ്ലിക്കന്‍മാര്‍ക്കാകട്ടെ അതിസമ്പന്നരാണ് കൂട്ട്. അവര്‍ക്കുള്ള നികുതിയിളവുകളിലാണ് അവരുടെ കണ്ണ്. ഈ ഒബാമകെയര്‍ കൊണ്ട് അവരുടെ വോട്ട് ബേങ്കിന് ഒരു ഗുണവും കിട്ടാനില്ല. ദോഷമുണ്ടുതാനും. ഈ പദ്ധതി നടപ്പാക്കിയാല്‍ അതിനുള്ള അധിക വിഭവസമാഹരണം നടത്തുക അതിസമ്പന്നരെ പിഴിഞ്ഞു തന്നെയാകും. ഈ അര്‍ഥത്തില്‍ ഒരു കാരണവശാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ പദ്ധതിയെ പിന്തുണക്കാനാകില്ല.
അമേരിക്കയിലെ ഇപ്പോഴത്തെ അടിയന്തരാവസ്ഥ അനിവാര്യമാക്കിയത് തീര്‍ത്തും ആഭ്യന്തരമായ ഘടകങ്ങളല്ലെന്നതാണ് മൂന്നാമത്തെ കാര്യം. അത് തികച്ചും രാഷ്ട്രീയവുമല്ല. “അമേരിക്ക അപകടത്തില്‍” എന്ന മുദ്രാവാക്യം അടിച്ചേല്‍പ്പിച്ച് ആ രാജ്യം കാലങ്ങളായി നടത്തി വരുന്ന ഇടപെടലുകളുടെ ആത്യന്തിക ഫലം തന്നെയാണ് ഈ പ്രതിസന്ധിയും. ചെലവേറിയ നരഹത്യകളാണ് അമേരിക്ക നടത്തുന്നത്. ഇറാഖ്, അഫ്ഗാന്‍ പോലുള്ള ആക്രമണ തുറകള്‍ അമേരിക്കയില്‍ ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതം ഭീകരമാണ്. കൂടുതല്‍ കടമെടുത്തും കൂടുതല്‍ ചെലവിട്ടുമാണ് രാജ്യം ഇത് മറികടക്കുന്നത്. കെയിനീഷ്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു ഭാഗം ഈ മുതലാളിത്ത മാടമ്പി അനുവര്‍ത്തിക്കുന്നു. എന്നാല്‍, ആരാന്റെ ചെലവിലുള്ള ഈ ആഡംബരം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് അച്ചടക്കത്തിലേക്ക് നീങ്ങാനുള്ള ആന്തരിക ഘടന അതിനില്ല താനും.
ഒരു വസ്തുത കൂടിയുണ്ട്. ഈ അടിയന്തരാവസ്ഥാ കാലത്ത് കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങളോട് പോരാടി ചോരയൊലിപ്പിച്ച് നില്‍ക്കുകയാണ് ബരാക് ഒബാമയെന്ന് വിധിയെഴുതാമോ? ഒരിക്കലുമില്ല. റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ വലിയ കോര്‍പ്പറേറ്റ് ഭക്തനാണ് ഒബാമ. ആഭ്യന്തരമായി കോര്‍പ്പറേറ്റുകളില്‍ നിന്ന് ഒബാമ എന്തെങ്കിലും പിടിച്ചെടുക്കുന്നുവെങ്കില്‍ അതിന്റെ പതിന്‍മടങ്ങ് വിദേശ കരാറുകളിലൂടെ അദ്ദേഹം നേടിക്കൊടുക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ആണവ കരാര്‍ മാത്രമെടുക്കൂ. ലാഭപ്രതീക്ഷക്ക് തടസ്സമായി നിന്ന ആണവ ബാധ്യതാ നിയമത്തിന്റെ ചിറകരിഞ്ഞത് നാം കണ്ടതാണല്ലോ. ഇനിയെങ്കിലും പറയൂ. ആരാകണം നമ്മുടെ നേതാവ്?