Articles
സിറിയയില്‍ തോറ്റത് അമേരിക്ക
സിറിയക്കെതിരായ ഒബാമ ഭരണകൂടത്തിന്റെ ആക്രമണ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രതിഫലിച്ചിരുന്നത്. അതിന് ശേഷം നടന്ന ജനീവാ ചര്‍ച്ചയിലും പിന്നീട് പാസ്സാക്കിയ രക്ഷാസമിതി പ്രമേയത്തിലുമെല്ലാം അമേരിക്ക ഒറ്റപ്പെടുന്നതാണ് ലോകം കണ്ടത്. സെപ്തംബര്‍ 6, 7 തീയതികളില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ചേര്‍ന്ന ജി20 ഉച്ചകോടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സിറിയയെ ആക്രമിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരായ ലോക രാജ്യങ്ങളുടെ പൊതു വികാരത്തിന്റെ പേരിലാണ്. വികസ്വര- വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20 ഉച്ചകോടി സാധാരണ ഗതിയില്‍ ലോക സാമ്പത്തിക രംഗത്തെ ഇടപെടലുകളുടെയും ആഹ്വാനങ്ങളുടെയും പേരിലാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ആഗോള വ്യാപാരത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന തടസ്സങ്ങള്‍ 2016 ആകുമ്പോഴേക്കും പൂര്‍ണമായി നീക്കിത്തരണമെന്നതടക്കമുള്ള 27 പേജുള്ള ഒരു പ്രസ്താവന ഉച്ചകോടിയുടെ സമാപനം കുറിച്ചുകൊണ്ട് പുറപ്പെടുവിച്ചെങ്കിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഉച്ചകോടി ശ്രദ്ധിക്കപ്പെട്ടത് സിറിയന്‍ പ്രശ്‌നത്തിന്റെ പേരിലാണ്.
ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്ര നേതാക്കളും മാധ്യമങ്ങളും സിറിയന്‍ പ്രശ്‌നമാണ് ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത്. സിറിയന്‍ ആക്രമണത്തില്‍ സമവായമുണ്ടാക്കാമെന്ന ധാരണയോടെ ഉച്ചകോടിക്കെത്തിയ അമേരിക്കക്ക് കടുത്ത നിരാശയോടെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നും മടങ്ങേണ്ടി വന്നു. ജി20 രാജ്യങ്ങളുടെ സമവായം ഉണ്ടെന്ന് പറഞ്ഞ് സിറിയയെ ആക്രമിക്കാനുള്ള പദ്ധതിക്ക് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അനുവാദം നേടിയെടുക്കാമെന്നായിരുന്നു ഒബാമ കണക്കു കൂട്ടിയത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമായ രീതിയിലാണ് ഉച്ചകോടി അവസാനിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ അവര്‍ ഒറ്റപ്പെട്ടുവെന്നതാണ് ഈ ഉച്ചകോടി നിരീക്ഷിച്ച എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഈ ഒറ്റപ്പെടല്‍ സിറിയന്‍ വിഷയത്തില്‍ പിന്നീട് നടന്ന അന്താരാഷ്ട്ര കൂടിക്കാഴ്ചയിലെല്ലാം ശക്തമായി നിലനിന്നതോടെ മേഖലയില്‍ നിന്ന് ആക്രണ ഭീതി നീങ്ങിയിരിക്കുകയാണ്. എന്നാല്‍ വിമതരെ സഹായിച്ച് നടത്തുന്ന പരോക്ഷ യുദ്ധം അമേരിക്ക തുടരുന്നുവെന്നാണ് സിറിയയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ പിന്‍താങ്ങിയായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും സിറിയയില്‍ സൈനികമായി ഇടപെടുന്നതിനെതിരായി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി എന്നതും സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ഉച്ചകോടിയെ ശ്രദ്ധേയമാക്കി. അത്തരമൊരു നിലപാടിലേക്ക് മന്‍മോഹന്‍ സിംഗിനെ എത്തിച്ചത് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പും ഇന്ത്യയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യശോഷണവുമാണെന്നതാണ് പല മാധ്യമങ്ങളും വിലയിരുത്തിയത്. അമേരിക്ക സ്വന്തം വിപണി സംരക്ഷിക്കാനായി നടത്തിയ ധനപരമായ നടപടികളാണ് ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം രൂക്ഷമാക്കിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ കറന്‍സി വിപണിയിലെ ഇടപെടലുകളാണ് രൂപയെ തകര്‍ത്തതും വിദേശ നാണ്യശേഖരത്തെ ശോഷിപ്പിച്ചതുമെന്ന തിരിച്ചറിവ് അമേരിക്കന്‍ ഭക്തനായ മന്‍മോഹന്‍ സിംഗിനു പോലും മറച്ചുപിടിക്കാന്‍ കഴിയാത്ത വിധം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
ബ്രികിസ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മ) രാജ്യങ്ങള്‍ ജി20 ഉച്ചകോടി തുടങ്ങുന്നതിനു തൊട്ടുമുമ്പ് “അളവുപരമായ ഇളവ്” എന്ന ഡോളര്‍ നോട്ട് അടിച്ചിറക്കല്‍ പരിപാടിയില്‍ നിന്ന് പിന്നോട്ടു പോകാനുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. അമേരിക്കയില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് തങ്ങളുടെ സമ്പദ്ഘടനകളെ തകര്‍ക്കുകയാണ് ഫെഡറല്‍ റിസര്‍വിന്റെ ധന നടപടികള്‍ എന്ന വിമര്‍ശം ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന തങ്ങളുടെ രാജ്യങ്ങള്‍ക്കും സിവിലിയന്‍ ആക്രമണം കനത്ത സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന തിരിച്ചറിവും അമേരിക്കന്‍ നീക്കങ്ങളെ എതിര്‍ക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഒബാമ, ബുഷിനെ കടത്തിവെട്ടുന്ന തന്ത്രങ്ങളിലൂടെയാണ് സിറിയയെ ആക്രമിക്കാനുള്ള പദ്ധതിക്ക് സ്വന്തം നാട്ടിലെ ജനങ്ങളുടെയും ജനപ്രതിനിധിസഭയുടെയും സമ്മതി നേടിയെടുക്കാനായി പാടുപെട്ടിരുന്നത്. ബശര്‍ അല്‍ അസദിന്റെ പട്ടാളം സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ആഗസ്റ്റ് 21ന് രാസായുധം പ്രയോഗിച്ച് ആയിരക്കണക്കിനു പേരെ കൊന്നൊടുക്കി എന്ന പ്രചാരണമാണ് ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പടച്ചുവിട്ട് നടത്തിയത്. വിശ്വസനീയമായ ഒരു തെളിവും മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. യഥാര്‍ഥത്തില്‍ വിമത സേനയായ ഫ്രീ സിറിയന്‍ സേനയാണ് രാസായുധം പ്രയോഗിച്ചതെന്ന വിശ്വാസം ലോക ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുകയും ചെയ്തു. 2013 മാര്‍ച്ചില്‍ ഖാന്‍ അല്‍ അസലില്‍ വിമതസേന നടത്തിയ സരിന്‍ എന്ന രാസായുധ പ്രയോഗത്തിന് തെളിവുകളുണ്ടുതാനും.
ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രനേതാക്കള്‍ക്ക് അമേരിക്കന്‍ പദ്ധതിയെ എതിര്‍ക്കേണ്ടി വന്നതും അവരുടെ ഏറ്റവും വിശ്വസ്തരായ മന്‍മോഹന്‍ സിംഗിനെപ്പോലുള്ളവര്‍ പോലും അനുകൂലിക്കാതിരുന്നതും ഈയൊരു സാഹചര്യത്തിലാണ്. രാസായുധം പ്രയോഗിച്ചതിന്റെ പേരില്‍ ഒരു രാജ്യത്തെ ശിക്ഷിക്കാന്‍ അമേരിക്കക്ക് ധാര്‍മികമായി എന്തവകാശമെന്ന ചോദ്യവും ലോക മനഃസാക്ഷിയുടെ മുന്നിലുണ്ട്. വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ചും സറിനും പ്രയോഗിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയ അപരാധപൂര്‍ണമായ ഭൂതകാലമാണ് അമേരിക്കക്കുള്ളത്. ഇപ്പോള്‍, സിറിയയില്‍ കണ്ടെടുക്കപ്പെട്ട രാസായുധം ഏതെങ്കിലും ഫാക്ടറിയില്‍ നിര്‍മിക്കപ്പെട്ടതോ ഔദ്യോഗിക സൈന്യത്തിന്റെ ശേഖരത്തിലുള്ളതോ അല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഊദി അറേബ്യയുടെ സഹായത്തോടെ സിറിയയില്‍ കലാപം അഴിച്ചുവിടുന്നത് അല്‍ നുസ്‌റയാണ്. അസദിനെ അട്ടിമറിച്ച് അല്‍ഖാഇദ വിഭാഗത്തെ അധികാരമേല്‍പ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തോടുള്ള കടുത്ത വിയോജിപ്പ് വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഈ പൊതു ജനാഭിപ്രായമാണ് സത്യത്തില്‍ ആക്രമണത്തില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചതും രാസായുധങ്ങള്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നശിപ്പിക്കുകയെന്ന റഷ്യന്‍ നിര്‍ദേശം അംഗീകരിക്കുന്നതിലേക്ക് നയിച്ചതും.
ഇറാഖ് ആക്രമണങ്ങളില്‍ അമേരിക്കയോടൊപ്പം നിന്ന് പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങള്‍ സിറിയന്‍ ആക്രമണ നീക്കത്തെ തുടക്കത്തിലേ എതിര്‍ത്തിരുന്നു. ഇറ്റലിയും ജര്‍മനിയും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇസ്‌റാഈലും ഫ്രാന്‍സും മാത്രമാണ് സിറിയന്‍ ആക്രമണത്തിന് വാശി പിടിച്ചിരുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി കാമറൂണിന് ബ്രിട്ടീഷ് പാര്‍ലിമെന്റ് തന്നെ കടിഞ്ഞാണിട്ടു.
ലോക പൊതുജനാഭിപ്രായത്തെയും സ്വന്തം ജനതയുടെ ഇച്ഛയെയും മറികടന്നു ലോക രാജ്യങ്ങള്‍ക്കു നേരെ അക്രമം അഴിച്ചുവിടാന്‍ മടിക്കാത്ത ചരിത്രമാണ് അമേരിക്കയുടെത്. പക്ഷേ, റഷ്യയുടെ നയതന്ത്ര ശ്രമങ്ങള്‍ വിജയം കാണുകയും ആക്രമണ ഭീതി ഒഴിയുകയും ചെയ്തതില്‍ ലോകത്തിന് സമാധാനിക്കാം.