Ongoing News
തെലുങ്കാന: പ്രതിഷേധം ശക്തം; സീമാന്ധ്രയില്‍ വൈദ്യുതി വകുപ്പ് സമരത്തില്‍
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം മുറുകുന്നു. ആന്ധ്രാ പ്രദേശ് വിഭജന തീരുമാനത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി. വൈദ്യുത വകുപ്പിലെ 30,000ത്തോളം ജീവനക്കാരാണ് മിന്നല്‍പണിമുടക്ക് ആരംഭിച്ചത്. ഇതോടെ ആന്ധ്രയിലെ ആറ് ജില്ലകള്‍ ഇരുട്ടിലായി. റെയില്‍ ഗതാഗതത്തേയും ഇത് ബാധിച്ചിട്ടുണ്ട്.
സീമാന്ധ്രയിലെ വൈദ്യുത വകുപ്പ് ജീവനക്കാരുടെ സംഘടനയായ ജെ എ സിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ആശുപത്രി, ജലം, കൃഷി തുടങ്ങി അവശ്യസര്‍വീസുകളെ പോലും സമരം ബാധിച്ചിട്ടുണ്ട്. ആന്ധ്രാ വിഭജന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകും വരെ സമരം തുടരുമെന്ന് ജെ എ സി ചെയര്‍മാന്‍ പറഞ്ഞു. ഇപ്പോള്‍ തീരദേശ ജില്ലകളെ മാത്രം ബാധിച്ച സമരം തുടരുകയാണെങ്കില്‍ സീമാന്ധ്രയിലെ 13 ജില്ലകളും ഹൈദരാബാദും തെലുങ്കാനയും ഇരുട്ടിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ, പ്രതിഷേധം പടരുന്നത് കണക്കിലെടുത്ത് സീമാന്ധ്രയിലെ വിഴിയാനഗരത്തില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരെ വെടിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ശക്തമായ പ്രതിഷേധം തുടരുന്ന ഇവിടെ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ധനകാര്യ സഥാപനത്തിന് പ്രതിഷേധക്കാര്‍ തീവെച്ചു. ടയര്‍ കത്തിച്ച് റോഡ് തടയല്‍ ഉള്‍പ്പെടെയുള്ളവയും നടക്കുന്നുണ്ട്.