National
സല്‍മാന്‍ ഖുര്‍ശിദ് ഇന്ന് ശ്രീലങ്കയിലേക്ക്
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. വിദേശകാര്യ മന്ത്രിയായ ശേഷം ഖുര്‍ശിദിന്റെ ആദ്യ ലങ്കന്‍ സന്ദര്‍ശനമാണിത്. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിയും ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കൂടാതെ വ്യാപാര രംഗത്തെ പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടാകുമെന്നും കരുതുന്നു.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് ആധിപത്യമുള്ള വടക്കന്‍ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ് ദേശീയ സഖ്യം ( ടി എന്‍ എസ്) വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഖുര്‍ശിദിന്റെ സന്ദര്‍ശനം. പ്രസിഡന്റ് മഹീന്ദ രജപക്‌സെ, വിദേശകാര്യ മന്ത്രി ജി എല്‍ പെരിസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജാഫ്‌ന സന്ദര്‍ശിക്കുന്ന അദ്ദേഹം വടക്കന്‍ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സി വി വിഘ്‌നേശ്വരനെ കാണും.
ശ്രീലങ്കന്‍ സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന വിഷയം ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉന്നയിച്ചിരുന്നു. കൊളംബോയില്‍ അടുത്ത മാസം നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ബോട്ടുകള്‍ വിട്ടുനല്‍കാന്‍ അനുമതിയുണ്ടായില്ല. അതിനിടെ പാക് കടലിടുക്കില്‍ വെച്ച് 20 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന പിടികൂടിയിട്ടുണ്ട്.