Connect with us

National

നുഴഞ്ഞുകയറ്റം: കേരന്‍ സെക്ടറില്‍ സൈനിക നടപടി രണ്ടാഴ്ച പിന്നിട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപം കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ക്കെതിരെയുള്ള സൈനിക നടപടി 14 ദിവസം പൂര്‍ത്തിയായി. ഇന്നലെ രാവിലെ വന്‍തോതിലുള്ള വെടിവെപ്പാണ് ഉണ്ടായത്. മേഖല പൂര്‍ണമായും സൈന്യം വളഞ്ഞിട്ടുണ്ട്. ശാല്‍ഭാട്ടി ഗ്രാമത്തിലേക്ക് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഉത്തര കാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ വെങ്കാര വനത്തില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സൈന്യം കണ്ടെത്തി. നാല് പേര്‍ക്ക് തങ്ങാന്‍ സാധിക്കുന്ന സങ്കേതം ഭൂമിക്കടിയിലാണ്. ഇവിടെ നിന്ന് ഒരു എ കെ- 47, റോക്കറ്റ് ലോഞ്ചര്‍, ഒരു പിസ്റ്റള്‍, വെടിത്തിര, രണ്ട് റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ്, വെടിമരുന്ന്, പാക്കധീന കാശ്മീരിന്റെ ഭൂപടം, പോലീസ് യൂനിഫോം, തോള്‍ സഞ്ചി, തീവ്രവാദ സംഘടനയുടെ ലെറ്റര്‍ഹെഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
കേരന്‍ സെക്ടറിലെ ശാല്‍ഭാട്ടി ഗ്രാമത്തിലേക്ക് 30 മുതല്‍ 40 വരെ പേരടങ്ങുന്ന സംഘം നുഴഞ്ഞുകയറുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 24 മുതലാണ് സൈനിക നടപടി തുടങ്ങിയത്. നുഴഞ്ഞുകയറ്റം വിഫലമാക്കുന്നതില്‍ സൈന്യം വിജയിച്ചിട്ടുണ്ട്. വ്യാപക തിരച്ചിലാണ് ഇവിടെ നടക്കുന്നത്. ഗുജ്ജാര്‍ദുറിലും ഫത്തേ ഗാലിയിലും നേരത്തെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം വിഫലമാക്കിയിരുന്നു. ഞായറാഴ്ച രണ്ട് സൈനിക ജനറല്‍മാര്‍ കേരന്‍ സെക്ടര്‍ സന്ദര്‍ശിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ സഞ്ജീവ് ചച്ര, 15 ാം ദളത്തിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലെഫ്. ജനറല്‍ ഗുര്‍മീത് സിംഗ് എന്നിവരാണ് സന്ദര്‍ശനം നടത്തിയതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് കേണല്‍ സഞ്ജയ് മിത്ര അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പാക് സൈന്യത്തിന്റെ പരിശീലനം ലഭിച്ച സായുധ സംഘം ഈ കാലയളവില്‍ വര്‍ഷം തോറും രാജ്യത്തേക്ക് നുഴഞ്ഞുകയറാറുണ്ട്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാലയന്‍ വഴികള്‍ അടയുന്നതിനാലാണ് അതിന് മുമ്പ് വ്യാപകമായി നുഴഞ്ഞുകയറ്റം നടത്തുന്നത്. തീവ്രവാദികള്‍ നുഴഞ്ഞുകയറി അധീനതയില്‍ വെച്ച ശാ ലാഭാട്ടി ഗ്രാമത്തിന് സമീപമാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
ഈ ഗ്രാമത്തില്‍ 40 വിമതര്‍ ഉണ്ടെന്ന് ബുധനാഴ്ച ലെഫ്. ജനറല്‍ ഗുര്‍മീത് സിംഗ് അറിയിച്ചിരുന്നു. അന്ന് 12 തീവ്രവാദികളെ വധിച്ചതായും അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഈ തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. പാക് സൈനികര്‍ ഈ ഗ്രാമത്തില്‍ കടന്നുകയറിയെന്നതും കാര്‍ഗില്‍സമാന സ്ഥിതിയുണ്ടെന്നതുമായ വാര്‍ത്തകള്‍ സൈനിക വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.

 

Latest