International
സിറിയയിലെ രാസായുധ നശീകരണം നല്ല തുടക്കമാണെന്ന് കെറി
ബാലി: സിറിയയില്‍ നടക്കുന്ന രാസനിരായുധീകരണം നല്ല തുടക്കമാണെന്നും അസദ് ഭരണകൂടത്തിന്റെത് ഉചിതമായ തീരുമാനമാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. യു എന്‍ സംഘം സിറിയയില്‍ രാസായുധങ്ങള്‍ നശിപ്പിക്കുന്ന ജോലി ഒരു ദിനം പിന്നിട്ടപ്പോഴാണ് അസദ് ഭരണകൂടത്തെ പുകഴ്ത്തി കെറി സംസാരിച്ചത്. എപെക് ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയപ്പോഴാണ് സിറിയക്കനുകൂലമായി കെറി സംസാരിച്ചത്. ഉച്ചകോടിക്കെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കെറി ചര്‍ച്ച നടത്തുകയും രാസായുധ നിരായുധീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരണമഭ്യര്‍ഥിക്കുകയും ചെയ്തു.
സിറിയന്‍ സര്‍ക്കാര്‍ രാസായുധ പരിശോധകരുമായി സഹകരിക്കുന്ന കാര്യം റഷ്യ ഉറപ്പ് വരുത്തുമെന്ന് ലാവ്‌റോവ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന സംഭാഷണത്തിന്റെ മുന്നോടിയായി യുഎന്നിലെ അറബ് ലീഗ് പ്രതിനിധിയുമായി നവംബറില്‍ ചര്‍ച്ച നടത്താനും കെറിയും ലാവ്‌റോവും തമ്മില്‍ ധാരണയായിട്ടുണ്ട്.