Kerala
ഹജ്ജ് യാത്രക്ക് നാളെ സമാപനം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് നാളെ സമാപനം. നാളെ രാവിലെ 9.05നുള്ള അവസാനത്തെ വിമാനം കരിപ്പൂര്‍ വിടുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് സമാപനമാകും. ഇന്നലെ വരെ 7,970 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി.
ലക്ഷദ്വീപില്‍ നിന്നും മാഹിയിയില്‍ നിന്നുമുള്ള ഹാജിമാര്‍ ഇന്നലെ ഹജ്ജ് ക്യാമ്പിലെത്തി. ഇവര്‍ ഇന്ന് യാത്ര തിരിക്കും. ദ്വീപില്‍ നിന്നുള്ള 314 ഹാജിമാരില്‍ 266 പേര്‍ ആദ്യ വിമാനത്തിലും 48 പേര്‍ രണ്ടാമത്തെ വിമാനത്തിലും യാത്ര തിരിക്കും. മാഹിയില്‍ നിന്നുള്ള അമ്പത്തിയൊമ്പത് ഹാജിമാരും രണ്ടാമത്തെ വിമാനത്തിലാണ് യാത്ര തിരിക്കുന്നത്.
ലക്ഷദ്വീപ് ഹാജിമാരെ യാത്ര അയക്കുന്നതിന് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ എച്ച് രാജേഷ് പ്രസാദ്, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കെ ഹംസ കോയ ഫൈസി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍, ലക്ഷദ്വീപ് എം പി ഹംദുല്ല സഈദ് എന്നിവര്‍ ഹജ്ജ് ഹൗസിലെത്തിയിരുന്നു. മന്ത്രി എം കെ മുനീര്‍, എം എല്‍ എമാരായ പി ഉബൈദുല്ല, അബ്ദുസ്സമദ് സമദാനി, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ സൈദാലിക്കുട്ടി എന്നിവര്‍ ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.
ഹാജിമാരുടെ മടക്ക യാത്ര ഈ മാസം 31 മുതല്‍ നവംബര്‍ പതിനഞ്ച് വരെ നീണ്ടുനില്‍ക്കും. മദീനയില്‍ നിന്നായിരിക്കും ഹാജിമാരുടെ മടക്കം. ഹാജിമാര്‍ക്കുള്ള സംസം വെള്ളം നേരത്തെ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. മടക്ക ദിവസം ഇത് വിതരണം ചെയ്യും. കഴിഞ്ഞ 25നാണ് ആദ്യ സംഘം വിശുദ്ധ ഭൂമിയിലെത്തിയത്.