Education
സ്വയംഭരണ കോളജുകള്‍ക്ക് ബിരുദദാനാവകാശം: യു ജി സി ആക്ടില്‍ ഭേദഗതി വരുത്തും
ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് സ്വയംഭരണാവകാശം നല്‍കിയിട്ടുള്ള കോളജുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേന്ദ്രമാനവ വിഭവശേഷി വകുപ്പും യു ജി സിയും തിരഞ്ഞെടുക്കപ്പെട്ട സ്വയംഭരണ കോളജുകളുടെ തലവന്മാരുമായും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ രാഷ്ട്രീയ ശിക്ഷാ അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി സര്‍വകലാശാലകളായി മാറാന്‍ താത്പര്യമുള്ള സ്വയംഭരണ കോളജുകള്‍ക്ക് 55 കോടി രൂപവരെ ലഭ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തനാധികാരം, നിയന്ത്രണം എന്നിവയെക്കുറിച്ച് പ്രൊഫ. സെയ്ദ് ഹസ്‌നൈന്‍ അധ്യക്ഷനായ യു ജി സി സ്റ്റാന്‍ഡിംഗ് കമ്മിറ്റി രണ്ട് മാസത്തിനകം ശിപാര്‍ശ സമര്‍പ്പിക്കും.
സ്വയംഭരണ കോളജുകള്‍ക്ക് ബിരുദദാനാവകാശം നല്‍കാനായി നിലവിലെ യു ജി സി ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും. പന്ത്രണ്ടാം പദ്ധതി അവസാനിക്കുന്നതോടെ യോഗ്യമായ കോളജുകളില്‍ 10 ശതമാനത്തിനെങ്കിലും സ്വയംഭരണാവകാശം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. പന്ത്രണ്ടാം പദ്ധതിക്കാലയളവിനുള്ളില്‍ 45 സ്വയംഭരണ കോളജുകളെ സര്‍വകലാശാലകളാക്കി ഉയര്‍ത്തും.