Connect with us

National

രാജിയില്ല; ഐക്യ ആന്ധ്രക്കായി പൊരുതും- കിരണ്‍ കുമാര്‍

Published

|

Last Updated

ഹൈദരാബാദ്: താന്‍ രാജിവെക്കുന്നത് വിഭജനം തടയാന്‍ ഉപകരിക്കില്ലെന്നും സ്ഥാനത്തിരുന്നു കൊണ്ട് ഐക്യ ആന്ധ്രക്കായി പോരാടുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി. ആന്ധ്രാ ഐക്യം അനിവാര്യമാകുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുവഴി കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റെഡ്ഢി പറഞ്ഞു.
സ്ഥാനം ഉപേക്ഷിക്കുന്നത് ഗുണകരമാകില്ല. തനിക്ക് അധികാരദാഹം ഉള്ളതുകൊണ്ടല്ല ഇത് പറയുന്നത്. പദവിയിലിരുന്ന് ഐക്യ ആന്ധ്രക്കായി വാദിക്കുന്നതാണ് കൂടുതല്‍ ശക്തമെന്ന് കരുതുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ല. അത് ചര്‍ച്ചയാക്കുകയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്ര വിഭജിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തെറ്റായിരുന്നുവെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് റെഡ്ഢി ഇങ്ങനെ മറുപടി നല്‍കി: സീമാന്ധ്രാ മേഖലയിലെ ജില്ലകളില്‍ കടുത്ത ആശങ്കയുണ്ട്. ഈ ആശങ്കകള്‍ പരിഗണിക്കാതെ വിഭജനവുമായി മുന്നോട്ടു പോകുന്നത് ജനവിരുദ്ധമായിരിക്കും. ഹൈദരാബാദ് തെലങ്കാനയില്‍ പോകുമെന്നത് തന്നെയാണ് ഏറ്റവും വലിയ ആശങ്ക. സ്വതന്ത്ര ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനം വിഭജിക്കുകയോ പുതിയ സംസ്ഥാനത്തിന് നല്‍കുകയോ ചെയ്തിട്ടില്ല.
ഹൈദരാബാദിനെ കേന്ദ്രമാക്കിയാണ് സീമാന്ധ്ര മേഖലയുടെ വിദ്യാഭ്യാസ മുന്നേറ്റം നിലനില്‍ക്കുന്നത്. നദീജലം, വൈദ്യുതി തുടങ്ങിയവയെല്ലാം ആശങ്കകള്‍ പകരുന്നവയാണ്. ഹൈദരാബാദ് 10 വര്‍ഷത്തേക്ക് സംയുക്ത തലസ്ഥാനമായി തുടരുമെന്നത് അംഗീകരിക്കാനാകില്ലെന്ന് റെഡ്ഢി പറഞ്ഞു.

 

Latest