International
മലാലയുടെ ആത്മകഥ പുറത്തിറങ്ങി
ലണ്ടന്‍: താലിബാന്‍ തനിക്കുനേരെ നടത്തിയ ആക്രമണങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയ മലാല യൂസഫായിയുടെ ആത്മകഥ പുറത്തിറങ്ങി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് മലാലയെ പരിഗണിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ആത്മകഥയുടെ പ്രകാശനം. ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാമ്പുമായി ചേര്‍ന്നെഴുതിയ “ഞാന്‍ മലാല: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്‍ വെടിവെച്ചിട്ട പെണ്‍കുട്ടി” എന്ന് നാമകരണം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസമാണ് നടന്നത്.
2012 ഒക്‌ടോബര്‍ ഒമ്പതിന് 16വയസുള്ളപ്പോള്‍ സ്‌കൂള്‍ ബസില്‍ വെച്ച് താലിബാന്‍ തീവ്രവാദികള്‍ തലക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കള്‍ പറയുന്നത് അവര്‍ ഒന്നിന് പിറകെ ഒന്നായി മൂന്ന് തവണ തനിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ്. എന്നെ ആശുപത്രിയിലെത്തിച്ചപ്പോള്‍ എന്റെ നീണ്ടമുടിയും ശിരോവസ്ത്രവും രക്തത്തില്‍ കുളിച്ചിരുന്നു- പുസ്തകത്തില്‍ മലാല പറയുന്നു. 2000 മധ്യത്തില്‍ താലിബാന്റെ ക്രൂരഭരണത്തിലുള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ മലാലയുടെ ജീവിതമെങ്ങിനെയായിരുന്നുവെന്ന് പുസ്തകം വിശദമാക്കുന്നുണ്ട്. പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹം സൂചിപ്പിക്കുന്ന പുസ്തകത്തില്‍ തന്റെ പിതാവ് ചെറുപ്പ കാലത്ത് വെച്ചുപുലര്‍ത്തിയിരുന്ന ഇസ്‌ലാമിക് മതമൗലികവാദവും വിഷയമാകുന്നുണ്ട്.
വെടിയേറ്റതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലണ്ടനിലെത്തിയ മലാല ബിര്‍മിംഗ്ഹം നഗരത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.