Articles
ദുല്‍ഹിജ്ജയുടെ സവിശേഷതകള്‍
വിശുദ്ധ ഖുര്‍ആനിന്റെ കാലഗണനയില്‍ പന്ത്രണ്ട് മാസങ്ങളാണുള്ളത്. എല്ലാം സമപ്രധാനങ്ങളല്ല. മാഹാത്മ്യത്തിലും വൈശിഷ്ട്യത്തിലും അവക്കിടയില്‍ വൈവിധ്യമുണ്ട്. അവയില്‍ കിരീടധാരി റമസാന്‍ തന്നെ. പക്ഷേ റമസാന്‍ മാത്രമല്ല വിശിഷ്ട മാസം. കൂടാതെ നാല് മാസങ്ങള്‍ കൂടി പവിത്രങ്ങളാണ്. സൂറത്തുത്തൗബ 36-ാം സൂക്തം അത് വ്യക്തമാക്കിയിട്ടുണ്ട്. അവയിലൊന്നാം സ്ഥാനക്കാരനാണ് ദുല്‍ഹിജ്ജ. ഇമാം ഗസ്സാലി (റ) യുടെയും മറ്റും അഭിപ്രായമാണിത് (മിര്‍ഖാത്ത് – 9 / 471). മുഹര്‍റം, സ്വഫര്‍, റജബ് എന്നിവയാണ് മറ്റു മൂന്ന് മാസങ്ങള്‍.
മാസങ്ങളിലെ ദിവസങ്ങള്‍ക്കിടയിലുമുണ്ട് പ്രകടമായ വൈജാത്യം. മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെ കനകം വിളയുന്ന നാളുകളാണ്. അതു പോലെ റമസാന്‍ മാസാന്ത്യത്തിലെ പത്ത് ദിവസങ്ങള്‍ മുസ്‌ലിം ലോകത്തിന്റെ ഹൃത്തടങ്ങളില്‍ അമൂല്യമായി സൂക്ഷിക്കപ്പെടുന്നു. അപ്രകാരം തന്നെയാണ് ദുല്‍ഹിജ്ജ മാസത്തിലെ പത്ത് ദിവസങ്ങളും. ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു “ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സത്കര്‍മങ്ങളേക്കാള്‍ അല്ലാഹുവിന്ന് പ്രിയങ്കരമായ മറ്റു കര്‍മങ്ങളില്ല. സംബോധിതര്‍ സംശയമുന്നയിച്ചു. തിരുദൂതരേ, ധര്‍മ സമരമാണെങ്കിലോ? (മറ്റു മാസങ്ങളില്‍ ധര്‍മ സമരം നടത്തിയാലും ദുല്‍ഹിജ്ജയിലെ സത്കര്‍മങ്ങളേക്കാള്‍ പ്രതിഫലം കുറവാണോ? ) പ്രവാചകന്‍ പ്രതിവചിച്ചു: അതെ, ധര്‍മസമരമാണെങ്കിലും ശരി. സ്വശരീരവും പണവുമായി രണാങ്കണത്തിലേക്ക് നീങ്ങുകയും അവയിലൊന്നുമായും തിരിച്ചു വരാതിരിക്കുകയും ചെയ്ത മനുഷ്യന്റെ ധര്‍മ സമരമൊഴികെ. (ബുഖാരി:1460)
ഈ ദശദിനങ്ങളില്‍ ഏറ്റയം ശ്രേഷ്ഠമായത് അറഫാ ദിനമാണ്. സംശയമില്ല, എന്നല്ല ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസവും അത് തന്നെ. അഥവാ മാസങ്ങളുടെ നേതാവ് റമസാനാണെങ്കിലും ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ നേതാവ് അറഫാ ദിനമാണ്. ഒരാഴ്ചയിലെ സപ്ത ദിനങ്ങളുടെ നേതാവ് വെള്ളിയാഴ്ചയായത് പോലെ. (തുഹ്ഫ 4/490, ശര്‍ഹുത്വീബി 4/1263)
മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കുമെല്ലാം ഇങ്ങനെ മൂല്യം നിര്‍ണയിക്കുന്നതിലെന്തു പ്രസക്തി? ഇമാം ഖാസിന്‍ രേഖപ്പെടുത്തുന്നു. “വിശുദ്ധ മാസങ്ങളില്‍ നന്മകളുടെ പ്രതിഫലം ഗുണീഭവിക്കും. തിന്മകള്‍ക്ക് ഇതര മാസങ്ങളിലുള്ളതിനേക്കാള്‍ ഗൗരവം വര്‍ധിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ഖാസിന്‍: 3/ 512) ഇബ്‌നുല്‍ മുല്‍ക്ക് പറഞ്ഞു: ഒരു സമയം കൂടുതല്‍ ശ്രേഷ്ഠതയുള്ളതായാല്‍ ആ സമയത്തുള്ള കര്‍മങ്ങള്‍ക്കും കൂടുതല്‍ ശ്രേഷ്ഠതയുണ്ട് (മിര്‍ഖാതുല്‍ മഫാതീഹ് : 3/512)
സത്കര്‍മങ്ങള്‍ അനുഷ്ഠിക്കപ്പെടാന്‍ അല്ലാഹുവിന് ഏറ്റവും സംതൃപ്തികരമായത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണ്. അതിലെ ഓരോ ദിവസത്തെ നോമ്പും ഓരോ വര്‍ഷത്തെ നോമ്പിന് സമാനമാണ്. അതിലെ ഓരോ രാവിലുള്ള നിസ്‌കാരവും ലൈലത്തുല്‍ ഖദ്‌റിലെ നിസ്‌കാരത്തിന് തുല്യമാണ്. (തുര്‍മുദി : 758)
പ്രായോഗിക തലത്തില്‍ ഈ വചനങ്ങള്‍ക്ക് തിരുനബി വ്യാഖ്യാനം നല്‍കി. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ നോമ്പെടുത്തു. മാത്രമല്ല ഒരു വര്‍ഷവും പ്രസ്തുത നോമ്പുകള്‍ നഷ്ടപ്പെട്ടു പോകരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു പ്രവാചകന്. ഈ ആവേശത്തെ ഹഫ്‌സ്വ ബീവി ചിത്രീകരിക്കുന്നതിങ്ങനെ: ഒരിക്കലും ഉപേക്ഷിക്കാതെ പ്രവാചകന്‍ (സ) കാത്തുസൂക്ഷിച്ചിരുന്ന നാല് കാര്യങ്ങളില്‍ ഒന്നാണ് ദുല്‍ഹിജ്ജ പത്ത് വരെയുള്ള നോമ്പ് (നസാഈ : 2724) ഈ ഒമ്പത് ദിവസത്തെ നോമ്പുകള്‍ ശക്തമായ സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വിധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒമ്പതില്‍ ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹിജ്ജ ഒന്‍പതിന്റെ (അറഫ ദിനം) നോമ്പാണ്.
അതിന്റെ മഹത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് നബി (സ) പ്രതിവചിച്ചതിങ്ങനെ: വിട പറയുന്ന വര്‍ഷത്തെയും സമാഗതമാകുന്ന വര്‍ഷത്തെയും ദോഷങ്ങള്‍ പ്രസ്തുത നോമ്പ് കാരണത്താല്‍ പൊറുക്കപ്പെടുന്നതാണ്. (മുസ്‌ലിം: 1162) ഈ ഹദീസിന്റെ അര്‍ഥവൈപുല്യം അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) വിശകലനം ചെയ്തത് കാണുക. ഈ തിരു വചനം, അറഫ നോമ്പെടുക്കുന്നവന് വരും വര്‍ഷത്തെ ദീര്‍ഘായുസ്സുണ്ടെന്ന സുവിശേഷ സൂചനയാകുന്നു. ( ഇആനത്തുത്വാലിബീന്‍ – 2/265 ) ഒന്‍പതിലെ നോമ്പ് നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതില്‍ ദുല്‍ഹിജ്ജ എട്ടിന്റെ നോമ്പിന് ഗണ്യമായ പങ്കുള്ളതിനാല്‍ അതിന്റെ മുന്‍ദിവസങ്ങളിലെ ഏഴ് നോമ്പിനേക്കാള്‍ അതിന്ന് ശ്രേഷ്ഠത കൂടുതലുണ്ട്. (ഇആനത്തു ത്വാലിബീന്‍ – 2/266)
കേവല വ്രതാനുഷ്ഠാനത്തില്‍ പരിമിതപ്പെടുന്നതല്ല ഈ വിശുദ്ധ ദിനങ്ങളിെല ആരാധനകള്‍. സര്‍വസുകൃതങ്ങള്‍ക്കും നിസ്സീമമായ പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടാണ് ദുല്‍ഹിജ്ജ സമാഗതമാകുന്നത്. സഈദുബ്‌നു ജുബൈര്‍ (റ) ല്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കല്‍ ഈ ദിവസങ്ങളേക്കാള്‍ (ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങള്‍) ശ്രേഷ്ഠമായ മറ്റു ദിവസങ്ങളില്ല. ഈ ദിവസങ്ങളിലുള്ളതിനേക്കാള്‍ അവന്ന് സന്തുഷ്ടകരമായ മറ്റു കര്‍മങ്ങളുമില്ല. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നിങ്ങള്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും വര്‍ധിപ്പിക്കുക. ഈ ദിവസങ്ങളില്‍ സല്‍ക്കര്‍മങ്ങള്‍ക്ക് എഴുനൂറ് മടങ്ങ് പ്രതിഫലമുണ്ട് ” (ബൈഹഖി : 3749)
ദുല്‍ഹിജ്ജ പത്ത് ദിവസങ്ങളില്‍
സുന്നത്തായ മറ്റു കര്‍മങ്ങള്‍
1. പെരുന്നാള്‍ ദിവസം കുളിക്കുക, സുഗന്ധം പൂശുക, സൗന്ദര്യമുള്ള വസ്ത്രം ധരിക്കുക.
2. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് ആഹാരം കഴിക്കാതിരിക്കുക. നിസ്‌കാര ശേഷം കഴിക്കുന്ന പ്രഥമാഹാരം ഉള്ഹിയ്യത്ത് മാംസമാകുക.
3. പെരുന്നാള്‍ രാവ് ആരാധനകള്‍ കൊണ്ട് സജീവമാക്കുക. ഉസാമതുബ്‌നു സ്വാമിത് (റ) വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ആരെങ്കിലും ചെറിയ പെരുന്നാളിന്റെയും ബലിപെരുന്നാളിന്റെയും രാത്രികള്‍ ആരാധാനകള്‍ കൊണ്ടു സജീവമാക്കിയാല്‍ ഹൃദയങ്ങള്‍ നിര്‍ജീവമാക്കുന്ന (പരി്രഭാന്തമാകുന്ന) ദിവസം അവന്റെ ഹൃദയം നിര്‍ജീവമാകുകയില്ല. (മജ്മഉസ്സവാഇദ് – 2 / 198) രാത്രിയുടെ പ്രധാന ഭാഗം സജീവമാക്കുന്നത് കൊണ്ട് ഈ പുണ്യം നേടാം. രാത്രി കൂടുതല്‍ സമയം സജീവമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇശാഅ്, സുബ്ഹ് എന്നീ നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതു കൊണ്ട് അതിന്റെ മിനിമം പുണ്യം നേടാന്‍ സാധിക്കും (ശര്‍വാനി 3/510)
4. ഉള്ഹിയ്ത്ത് ഉദ്ദേശിച്ച വ്യക്തി അറവ് നടക്കുന്നതു വരെ ശരീരത്തില്‍ നിന്ന് മുടി, നഖം പോലെയുള്ള വസ്തുക്കള്‍ നീക്കം ചെയ്യാതിരിക്കുക.
5. തക്ബീര്‍
ബലി പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമനം മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന്റെ തക്ബീറത്തുല്‍ ഇഹ്‌റാം വരെ നിരന്തരമായ തക്ബീര്‍ സുന്നത്താണ്. ജമാഅത്തായി നിസ്‌കരിക്കുന്നുവെങ്കില്‍ ഇമാമിന്റെ തക്ബീറത്തുല്‍ ഇഹ്‌റാമോടെ ഈ തക്ബീറിന് സമാപ്തിയായി. പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നില്ലെങ്കില്‍ ളുഹ്‌റിന്റെ സമയമാണ് അതിന്റെ അന്തിമ പരിധി.
മയ്യിത്ത് നിസ്‌കാരമടക്കമുള്ള എല്ലാ നിസ്‌കാരങ്ങളുടെ ശേഷവും തക്ബീര്‍ സുന്നത്തുണ്ട്. അറഫ ദിവസത്തെ സുബ്ഹി മുതല്‍ അത് ആരംഭിക്കും. അയ്യാമുത്തശ്‌രീഖി(ദുല്‍ഹിജ്ജ 11,12,13)ലെ അവസാന ദിവസത്തെ അസ്വ്‌റ് വരെയുള്ള അഞ്ച് ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. ഈ തക്ബീര്‍ നിസ്‌കാരാനന്തരമുള്ള ദിക്‌റുകള്‍ക്ക് മുമ്പാണ് നിര്‍വഹിക്കപ്പെടേണ്ടത്. ചെറിയ പെരുന്നാളാകുമ്പോള്‍ നിസ്‌കാരാനന്തരമുള്ള ദിക്‌റുകള്‍ക്ക് ശേഷമാണ് ഈ തക്ബീറിന്റെ സമയം (തുഹ്ഫ- 3/512) ദുല്‍ഹിജ്ജ പത്ത് ദിവസങ്ങളിലും നാല്‍ക്കാലികളെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താലും തക്ബീര്‍ സുന്നത്തുണ്ട്.
6. ഈദ് ആശംസകള്‍ കൈമാറുക.
ചെറിയ പെരുന്നാളിന് ഇതിന്റെ സമയം റമസാന്‍ അവസാനത്തിലെ സൂര്യാസ്തമനം മുതലാണ്. എന്നാല്‍ ബലി പെരുന്നാള്‍ ആശംസകള്‍ അറഫ ദിനത്തിലെ സുബഹ് മുതല്‍ ആരംഭിക്കുന്നു. ഇതോടൊപ്പം നിഷിദ്ധമല്ലാത്ത ഹസ്തദാനവും സുന്നത്തുണ്ട്. ആശംസക്ക് ഏത് വാക്കും ഉപയോഗിക്കാം.
അല്ലാഹു നമ്മളില്‍ നിന്നും നിങ്ങളില്‍ നിന്നും സ്വീകരിക്കട്ടെ, എന്നു പറയണം. പ്രത്യഭിവാദ്യമായി അല്ലാഹു നിങ്ങളില്‍ നിന്ന് സ്വീകരിക്കുമാറാകട്ടെ, ക്ഷേമത്തിലായിരിക്കെ ഓരോ വര്‍ഷവും തത്തുല്യമായ സുദിനങ്ങളില്‍ അല്ലാഹു നിങ്ങളെ ജീവിപ്പിക്കട്ടെ എന്നും പറയല്‍ സുന്നത്താണ്. (ശര്‍വാനി 3/520)
ഈ കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സുന്നത്താണ്. പക്ഷേ അന്യപുരുഷന്‍മാര്‍ ശബ്ദം കേള്‍ക്കാത്ത വിധത്തിലാണ് സ്ത്രീകള്‍ തക്ബീര്‍ ചൊല്ലേണ്ടത്. അതുപോലെ ഹസ്തദാനവും ആശംസകളും സ്ത്രീകള്‍ പരപുരുഷന്മാരുമായുള്ള സങ്കലനമില്ലാതെ സൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. പുണ്യദിനരാത്രങ്ങളെയും ആഘോഷസുദിനങ്ങളെയും സല്‍ക്കര്‍മങ്ങള്‍ കൊണ്ട് അലങ്കരിക്കലാണ് യഥാര്‍ഥ വിശ്വാസിയുടെ ലക്ഷണം. കാരണം പാപങ്ങളുടെ പടുകുഴിയിലേക്ക് കൂപ്പ് കുത്തിയ ദുര്‍ബല മനസ്സിന്റെ ഉടമകളെ ആത്മീയോല്‍ഗതിയുടെ അനന്തവിഹായസ്സിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന് ദൈവസാമീപ്യത്തിന്റെ ഉന്നതസോപാനങ്ങളില്‍ അവരോധിക്കാന്‍ വേണ്ടിയാണ് ഇത്തരം സുവര്‍ണാവസരങ്ങള്‍ അല്ലാഹു നല്‍കിയത്.
kareem irfani@gmail.com