Connect with us

Kerala

ജസീറ കുട്ടികളെ സ്‌കൂളിലയക്കാത്തത് മനുഷ്യാവകാശ ലംഘനം ജ. സിറിയക് ജോസഫ്

Published

|

Last Updated

ന്യൂഡല്‍ഹി: ജസീറയ്ക്ക് സമരം നടത്താനുളള അവകാശമുണ്ടെങ്കിലും ഭരണഘടനയിലെ 21(എ) ചട്ടപ്രകാരം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്. ജസീറയുടെ ഡല്‍ഹിയിലെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ സന്ദര്‍ശനം.

മണല്‍ മാഫിയക്കെതിരെ നടപടിയാവശ്യപ്പെട്ട് ജസീറ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലും കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും സമരം നടത്തിയിരുന്നു. ഈ സമരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതായി പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സിറിയക് ജോസഫ് വ്യക്തമാക്കി. ജസീറ സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ തന്റെ ആവശ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മക്കളുടെ വിദ്യാഭ്യാസകാര്യം ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ജസീറ പറഞ്ഞു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് ജസീറ സമരം വ്യാപിപ്പിച്ചത്.

Latest