Connect with us

Editors Pick

വിടയില്ല, സച്ചിന്‌

Published

|

Last Updated

കാലഘട്ടം മാറിയിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ വാര്‍ത്ത നേരിയതും വലുതുമായ നിരാശ മാത്രം പടര്‍ത്തി മാറി നില്‍ക്കുകയാണ്. ഹൃദയം പൊട്ടി ആരും മരിച്ചു വീഴില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ ദേശീയതയുടെ മുഖമായി നില്‍ക്കുന്ന സച്ചിന്‍ കലശലായ പുറംവേദന കാരണം ടീമില്‍ നിന്ന് വിട്ടുനിന്ന കാലത്ത് ചിലയിടങ്ങളില്‍ ആത്മഹത്യാപ്രവണതയുണ്ടായിരുന്നു. കാരണം, സച്ചിന്‍ ഇല്ലാത്ത ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത കാലഘട്ടത്തിന്റെ പ്രതിനിധികളായിരുന്നു അവര്‍. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തീ പടര്‍ത്തുന്ന അതിവേഗ ക്രിക്കറ്റില്‍ നിന്നാണ് സച്ചിന്‍ വിട പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് സച്ചിന്‍ തന്റെ പാഡഴിക്കുന്നത്. ടെസ്റ്റിന് കാഴ്ചക്കാരെ നഷ്ടപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും സച്ചിനും. പക്ഷേ, ആ പ്രതിഭയെ ഒരു നോക്കു കാണാന്‍ മാത്രം ടെസ്റ്റ് മത്സരം കണ്ടവരുണ്ടായിരുന്നു. അത്തരക്കാര്‍, ദ്രാവിഡിന്റെ കൂടി വിരമിക്കല്‍ നടന്ന സ്ഥിതിക്ക് ടെസ്റ്റിനോട് അകലം പ്രാപിക്കും. ഇതു തന്നെയാകും സച്ചിനും ദ്രാവിഡും ഇല്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ പ്രതിസന്ധി.
ടെസ്റ്റിന് ഇരുപതോവര്‍ ക്രിക്കറ്റിന്റെ വേഗത കൈവരിക്കാന്‍ സാധിച്ചാല്‍ മാത്രം അതിജീവന സാധ്യത. ഒരേയൊരു രാജ്യാന്തര ടി20 കളിച്ചു കൊണ്ട് അതില്‍ നിന്ന് പാടെ മാറി നിന്ന സച്ചിന്‍ ലോകകപ്പ് ജയത്തോടെ തന്നെ ഏകദിനത്തോട് വിട പറയാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, തന്റെ വിരമിക്കല്‍ തീരുമാനം ഇന്ത്യയുടെ രണ്ടാം ലോകകിരീടാഘോഷങ്ങളുടെ പൊലിമ കളയരുതെന്ന നിര്‍ബന്ധം സച്ചിനുണ്ടായിരുന്നു. 2012 ഡിസംബര്‍ അവസാനത്തിലേക്ക് സച്ചിന്‍ തന്റെ ഏകദിന വിരമിക്കല്‍ മാറ്റി വെച്ചു. പിന്നീട് ഐ പി എല്ലില്‍ നിന്ന്, കിരീട വിജയത്തോടെ വിടപറയല്‍.
ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ നിന്ന് കിരീട വിജയത്തോടെ മുംബൈ ഇന്ത്യന്‍സിലെ കരിയറിനും അന്ത്യമിട്ടു. ശേഷിക്കുന്നത് ടെസ്റ്റ് മാത്രം. വെസ്റ്റിന്‍ഡീസിനെതിരെ നവംബറില്‍ അതും സംഭവിക്കും. കിരീട മധുരം നുണഞ്ഞു നില്‍ക്കുന്ന സച്ചിന്‍ വിന്‍ഡീസിനെതിരെയും നല്ല ഓര്‍മകള്‍ സൃഷ്ടിച്ചേക്കാം. ഒരു പക്ഷേ, സച്ചിന്‍ വീണ്ടും സെഞ്ച്വറി നേടാം. തുടരെ സെഞ്ച്വറി നേടിയാല്‍ ! പുതിയൊരു ചര്‍ച്ചക്ക് സാധ്യതയുണ്ടാകാം. സച്ചിന്‍ തുടരട്ടെ, എന്തിന് വിരമിക്കണം. അദ്ദേഹത്തിന്റെ സ്വപ്നം പോലെ ജീവിത കാലം മുഴുവന്‍ കളിക്കട്ടെ…ക്രീസിന്റെ നിത്യ കാമുകന്‍ കളിക്കളത്തോട് വിട പറഞ്ഞാലും അതംഗീകരിക്കാന്‍ ഒരു പക്ഷേ, ക്രിക്കറ്റ് പ്രേമികള്‍ക്ക് കാലങ്ങള്‍ വേണ്ടി വരും. വിടപറയാതെയുള്ള യാത്ര ചോദിക്കല്‍ മാത്രമാണിതെന്ന് വിശ്വസിക്കാനാകും ബഹുഭൂരിപക്ഷത്തിനും താത്പര്യം.
**** **** ****** **** ****** ******* ***** *******
ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സച്ചിന്‍ കളിച്ച അവസാന സ്‌കോറിംഗ് ഷോട്ടാണ് അദ്ദേഹത്തിന്റെ കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ചത് –
ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് ഇതിഹാസം).

sachin-laraമുംബൈ ഇന്ത്യന്‍സിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തോടെ സച്ചിന്‍ ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞ വേളയില്‍ ബ്രയാന്‍ ലാറ ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകള്‍. ഇത് ആവര്‍ത്തിച്ച് വായിക്കുമ്പോളാണ് ലാറ സച്ചിന്‍ എന്ന ഇതിഹാസത്തെ എത്രത്തോളം അളന്ന്തൂക്കിയാണ് ഈ വാക്കുകള്‍ ട്വിറ്റര്‍ എക്കൗണ്ടില്‍ കോറിയിട്ടതെന്ന് വ്യക്തമാവുക. സച്ചിന്‍ കളിച്ച അവസാനത്തെ ഷോട്ടാണത്രേ, ഏറ്റവും മികച്ചത്. അതായത് സച്ചിനില്‍ നിന്ന് ഏറ്റവും വൈവിധ്യാത്മകവും സ്‌ഫോടനാത്മകവുമായ ഷോട്ടുകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന്.
ആ പ്രതിഭയുടെ ഉറവ വറ്റിയിട്ടില്ലെന്നാണ് ലാറ സമര്‍ഥിക്കുന്നതെന്ന് വളരെ മനോഹരമായി നമുക്ക് വ്യാഖാനിച്ചെടുക്കാം. ഇരുപത്തിനാല് വര്‍ഷം ക്രിക്കറ്റില്‍ സജീവമായി നിലകൊണ്ട സച്ചിന്‍ തന്റെ റിസ്റ്റ്‌വര്‍ക്കും ടൈമിംഗും പ്രതിഭയും കോര്‍ത്തിണക്കി ഭാരമേറിയ ബാറ്റില്‍ നിന്ന് പുറന്തള്ളാത്ത ക്രിക്കറ്റ് ഷോട്ടുകളില്ല. ഷെയിന്‍ വോണിനെയും മുത്തയ്യ മുരളീധരനെയും പാറ്റ് സിംകോക്‌സിനെയും സഖ്‌ലെയിന്‍ മുഷ്താഖിനെയും പോലുള്ള സ്പിന്നര്‍മാരെ നേരിടാന്‍ സച്ചിന്‍ വ്യത്യസ്തമായ ഷോട്ടുകള്‍ പരീക്ഷിച്ചു. കാട്‌ലി ആംബ്രോസ്, വസീം അക്രം, കോട്‌നി വാല്‍ഷ്, ഗ്ലെന്‍ മെഗ്രാത് എന്നീ ലോകോത്തര പേസര്‍മാരെ നേരിടാന്‍ സച്ചിന്‍ ടൈമിംഗ് മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഇതൊക്കെ, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രീസ് അടക്കിവാണ കാലത്ത്. സച്ചിനെ അന്ന് പ്രകീര്‍ത്തിക്കാത്തവരില്ല. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ പറഞ്ഞത് അയാള്‍ തന്നെ പോലെ ബാറ്റ് ചെയ്യുന്നുവെന്നാണ്. ഫോം മങ്ങി, തന്റെതായ എല്ലാ ബാറ്റിംഗ് ടെക്‌നിക്കുകളും കൈമോശം വന്ന കാലത്ത്, കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്ന വേളയില്‍ സച്ചിനുള്ള പ്രശംസാ വചനങ്ങള്‍ ഏറെയും അദ്ദേഹത്തിന്റെ മഹനീയമായ കരിയറിനെ കുറിച്ചാണ്. ഇവിടെയാണ്, ലാറയും സച്ചിന്റെ അവസാന ടി20 ഷോട്ടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റും പ്രസക്തമാകുന്നത്.
**** **** ****** **** ****** ******* ***** *******
Sachin-Tendulkar-002സ്വന്തം ഇഷ്ടപ്രകാരം വിരമിക്കല്‍ തീരുമാനിക്കാന്‍ സാധിച്ച എത്ര ക്രിക്കറ്റ് താരങ്ങളുണ്ട്. മോശം ഫോമിന്റെ പേരില്‍ ഒരിക്കല്‍ പോലും ടീമിന് പുറത്തു പോകാത്ത ഏ ക ക്രിക്കറ്റ് താരവും സച്ചിന്‍ തന്നെ. ഒരിക്കല്‍ തുടരെ ഫോം ഔട്ടായപ്പോള്‍ അന്നത്തെ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്‌വാദിനോട് മാധ്യമങ്ങള്‍ ചോദിച്ചു: എന്തിനാണ് സച്ചിനെ ടീമിലുള്‍പ്പെടുത്തുന്നത്. മറ്റാര്‍ക്കെങ്കിലും അവസരം നല്‍കരുതോ ?
ഗെയ്ക്‌വാദ് : നിങ്ങള്‍ക്കത് പറയാം. അടുത്ത മത്സരത്തില്‍ സച്ചിന്‍ സെഞ്ച്വറിയടിച്ച് മറുപടി തന്നാല്‍ വിമര്‍ശനം പാളും. സച്ചിനെ നിങ്ങള്‍ക്കറിയില്ല.
അതേ, സച്ചിനെ ശരിക്കും അറിഞ്ഞു. പറഞ്ഞതു പോലെ അടുത്ത മത്സരത്തില്‍ സച്ചിന്‍ സെഞ്ച്വറിയടിച്ചു.
ടീമിനുള്ളില്‍ ഇത്രയധികം സ്വാധീനമുള്ള മറ്റൊരു താരമുണ്ടായിട്ടില്ല. അതേ സമയം, അധികാരം പിടിച്ചെടുക്കാനും ഈഗോ കാണിക്കാനും സച്ചിന്‍ മത്സരിച്ചില്ല. മഹേന്ദ്ര സിംഗ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് സച്ചിന്‍ സ്വയം മാറി നിന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല. നേതൃപാടവമുള്ള യുവാവിന് അവസരം നല്‍കുകയായിരുന്നു സച്ചിന്‍. ആ തീരുമാനം എത്ര വലുതായിരുന്നു. ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ചില്ലേ.
2011 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെമിഫൈനലില്‍ സച്ചിന്‍ ധോണിയെ ശാസിക്കുന്ന ഒരു രംഗമുണ്ട്. ഔട്ട്ഫീല്‍ഡില്‍ നിന്ന് സച്ചിന്‍ ത്രോ ചെയ്യാനൊരുങ്ങുമ്പോള്‍ ധോണി വിക്കറ്റ് വിട്ട് മുന്നോട്ട് ഓടിക്കയറി. ഇത് സച്ചിനെ ക്ഷുഭിതനാക്കി. നിര്‍ണായക മത്സരത്തില്‍ ബാലപാഠം മറന്ന ധോണിയെ സച്ചിന്‍ തെറ്റ് ചൂണ്ടിക്കാട്ടി ശകാരിച്ചു. ക്യാപ്റ്റന്‍ ധോണി ക്ഷമ ചോദിച്ച് അതുള്‍ക്കൊള്ളുന്നതും കാണാമായിരുന്നു. യുവത്വം നിറഞ്ഞ ടീമിനെ ശാസിച്ചും നിര്‍ദേശിച്ചും ഉപദേശിച്ചും മാര്‍ഗദര്‍ശിയായി നിലകൊണ്ടത് സച്ചിനായിരുന്നു.
യുവതലമുറക്ക് മാതൃകാബിംബമാണ് സച്ചിന്റെ ജീവിതമെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത് പറയുന്നു. കാരണം, പണവും പ്രശസ്തിയും അടിഞ്ഞു കൂടുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതാകും. സച്ചിന്‍ പക്ഷേ, മികച്ചൊരു കുടുംബനാഥനായിക്കൊണ്ട് ഏവര്‍ക്കും മാതൃകയായി. ബോളിവുഡ് നടി നമ്രത ശിരോദ്കറുമായി പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള അഭ്യൂഹം സച്ചിനെ വിഷമിപ്പിച്ചു. ഡോക്ടര്‍ അഞ്ജലിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു കൊണ്ട് സച്ചിന്‍ ആ ഗോസിപ്പിനെ തല്ലിക്കെടുത്തിയത് മറ്റൊരു കഥ. ഐ പി എല്‍ പാര്‍ട്ടികളില്‍ കളിക്കാരുടെ മാന്യത എത്രത്തോളമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ചിയര്‍ലീഡര്‍ ഒന്നൊന്നായി വെളിപ്പെടുത്തിയപ്പോള്‍ പലരും ഞെട്ടി. എന്നാല്‍, താന്‍ കണ്ട മാന്യനായ വ്യക്തിയെന്ന് അവര്‍ സച്ചിനെ വിശേഷിപ്പിച്ചു.
**** **** ****** **** ****** ******* ***** *******

Indian-cricketer-Sachin-T-001സച്ചിന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാകും എന്ന ചര്‍ച്ചക്കാണ് ഇനി സ്‌കോപ്പ്. മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്‌മെന്റിലേക്ക് വരുന്ന സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിനും മറ്റ് കായിക രംഗത്തിനും വേണ്ടി മുന്‍നിര പ്രവര്‍ത്തനം നടത്തുമെന്ന് പ്രതീക്ഷിക്കാം. 2012 ല്‍ രാജ്യസഭാംഗമായ സച്ചിന്‍ അടുത്തിടെ സ്‌കൂള്‍ തലം തൊട്ട് കായിക വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു.
ഒളിമ്പിക്‌സില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് സച്ചിന്‍ ഓര്‍മപ്പെടുത്തുന്നു. ഇനിയുള്ള കാലവും സ്‌പോര്‍ട്‌സിന് വേണ്ടി തന്നെ സച്ചിന്‍ ജീവിതം മാറ്റിവെച്ചാല്‍, ക്രീസില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ഒരു പക്ഷേ മറ്റൊരു മാതൃകാ കരിയറിനുള്ള തുടക്കമാകും. രാഷ്ട്രീയത്തിലെ കരുത്തുപയോഗിച്ച് സ്‌പോര്‍ട്‌സിനെ ഉയര്‍ത്താന്‍ സച്ചിന് സാധിക്കട്ടെ – അതുവഴി ഭാരതത്തിന്റെ രത്‌നമായി ജ്വലിക്കട്ടെ.
**** **** ****** **** ****** ******* ***** *******
കായിക രംഗത്തെ രാഷ്ട്രീയക്കളിയോട് പ്രതികരിക്കാതെ മാറി നില്‍ക്കുമ്പോഴാകും ഒരു പക്ഷേ സച്ചിന്‍ വിമര്‍ശിക്കപ്പെടുക.

---- facebook comment plugin here -----

Latest