Gulf
യുഎഇ പൗരാണികതയുടെ നേര്‍ക്കാഴ്ചയായി റാസല്‍ഖൈമ നാഷണല്‍ മ്യൂസിയം
റാസല്‍ഖൈമ: ചരിത്ര ശേഷിപ്പുകളും ചരിത്ര പാഠങ്ങളും വിളിച്ചോതി റാസല്‍ഖൈമ നാഷനല്‍ മ്യൂസിയം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ആധുനിക ജീവിത രീതിയോട് ചേര്‍ന്ന് കിടക്കുന്ന പലതും സ്വായത്തമാക്കാനും പുരാതന മനുഷ്യരുടെ സ്‌നേഹവും സൗഹാര്‍ദവും കഠിനാധ്വാനവും പുതുതലമുറക്ക് പകര്‍ന്നു നല്‍കാനും ഉതകുന്ന ധാരാളം കാഴ്ചകള്‍ ഈ മ്യൂസിയലുണ്ട്. യു എ ഇയുടെ പൗരാണികത ഉള്‍കൊള്ളുന്ന നിരവധി ശേഷിപ്പുകളും ഇവിടെയുണ്ട്. രാജ്യത്തെ ചരിത്ര പഠന വിദ്യാര്‍ഥികള്‍ക്ക് ഒരു മുതല്‍ക്കൂട്ടുകൂടിയാണ് റാസല്‍ഖൈമയിലെ ഈ മ്യൂസിയം. റാസല്‍ഖൈമയിലെ പുരാതന നഗരവും അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും കഥകള്‍ പറയുന്ന ദയാ ഫോര്‍ട്ടും കൗതുകത്തോടൊപ്പം വിജ്ഞാനപ്രദമായും നിലകൊള്ളുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശൈഖ് സാഖറിന്റെ പിതാമഹന്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പണിത വീടാണ് ഇപ്പോള്‍ മ്യൂസിയമായി മാറിയത്. 1960 ല്‍ റാസല്‍ഖൈമ പോലീസ് ഹെഡ് ക്വാട്ടേര്‍സായും ജയിലാ യും പ്രവര്‍ത്തിച്ചിരുന്നു. 1984 ല്‍ മ്യൂസിയത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 1987 നവംബര്‍ 19 ന് റാസല്‍ഖൈമ നാഷണല്‍ മ്യൂസിയ മായി പ്രവര്‍ത്തനം ആരംഭിച്ചു.
റാസല്‍ഖൈമ മലയോര മേഖലയായതിനാല്‍ പ്രദേശത്തെ മലയിടങ്ങളില്‍ നിന്നും ശേഖരിച്ച വൈവിധ്യങ്ങളായ 12 ഇനം കല്ലുകളുടെ സാമ്പിളുകളും പഴയകാലത്തെ വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള നന്നങ്ങാടിയും വ്യതസ്തമായ മീനുകളുടെയും കടല്‍ ജീവികളുടേയും ഫോസിലുകളും ഇവിടെയുണ്ട്. ഹിജ്‌റ 401-413 കാലഘട്ടത്തിലെ നാണയങ്ങളും പത്താം നൂറ്റാണ്ടിലെ സില്‍വര്‍ നാണയവും അബ്ബാസിയ, സിയാരിദ് ബുവൈഹിദ് കാലഘട്ടത്തിലെ അപൂര്‍വ നാണയങ്ങളും മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
15-ാം നൂറ്റാണ്ട് വരെ യു എ ഇയുടെ ഉപജീവനമായ പവിഴ മുത്തുകള്‍, ആഴക്കടലില്‍ നിന്നും വാരി എടുക്കുന്നതിന്റെ ചിത്രങ്ങളും അവ ശേഖരിക്കുന്നതിനായി ഉപയോഗിച്ച ഉപകരണങ്ങളും ഇവിടെ കാണാം. ഉള്‍ക്കടലിലെ ജീവികളുടെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ധരിക്കുന്ന ശരീരം മുഴുവന്‍ മറക്കുന്ന വെള്ള വസ്ത്രവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കടല്‍ ജീവികള്‍ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ അത്യന്തം അപകടകാരികളായതിനാലാണ് ശരീരം പൂര്‍ണമായും മറക്കുന്നത്. ഈ വെള്ള വസ്ത്രം കണ്ടാല്‍ ജീവികള്‍ അടക്കില്ലത്രെ. കേരളത്തിലെ പഴയ കാല അടിമ സംവിധാനം ഓര്‍മപ്പെടുത്തുന്ന മനുഷ്യന്‍ മനുഷ്യരെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന ചിത്രങ്ങളും കാഴ്ചക്കാരിലേക്ക് ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം ഓര്‍മപുതുക്കുന്നു.
മലയാളികളുടെ നാലുകെട്ടിനോട് സമാനമായ നിര്‍മാണ രീതിയാണ് ഈ കെട്ടിടത്തിന് നടുമുറ്റവും പൂന്തോട്ടവും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് അതിനിവേശത്തെ ചെറുക്കാന്‍ ഉപയോഗിച്ചിരുന്നതിന്റെ ഓര്‍മപ്പെടുത്തലായി കവാടത്തിനു സമീപത്തെ പീരങ്കികളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. 2012 ല്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ച മ്യൂസിയത്തിന് സമ്മാനമായി ലഭിച്ച മുന്‍വശത്തെ മനോഹരമായ വഞ്ചിയും സന്ദര്‍ശകരില്‍ കൗതുകം ഉണര്‍ത്തുന്നു.