Connect with us

Gulf

സുന്നികള്‍ക്കെതിരെയുള്ള അക്രമം: ഖത്തര്‍ ഐ.സി.എഫ് പ്രതിഷേധിച്ചു

Published

|

Last Updated

ഖത്തര്‍: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെയും ജനങ്ങളെ യും സേവിച്ചുകൊണ്ടിരിക്കുന്ന സുന്നിസംഘടനകളെയും പ്രവര്‍ത്തകരെയും മാരകമായ അക്രമങ്ങളിലൂടെ നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ വിഘടിതസുന്നിവിഭാഗത്തിന്റെ ഹീനമായ നടപടികള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഖത്തര്‍ നാഷണല്‍ ഐ.സി.എഫ് സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കേരളീയ ഗ്രാമാന്തരങ്ങളില്‍ ശാന്തമായി പ്രവര്‍ത്തിക്കുന്ന സുന്നികള്‍ക്കെതിരെ ബോംബുനിര്‍മ്മാണം ഉള്‍പ്പെടെയുള്ള വഴിവിട്ട മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുനിയുകയും നേതാക്കള്‍ക്കും പ്രവ ര്‍ത്തകര്‍ക്കുമെതിരെ നിരന്തരം ഭീഷണിയുടെ സ്വരം മുഴക്കി സാധാരണക്കാരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന അക്രമികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണം. കേരളത്തില്‍ തികഞ്ഞ അച്ചടക്കത്തോടെയും സാമൂഹ്യ ബോധത്തോടെയുമാണ് സുന്നികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖനായ ഒരു മന്ത്രിയുടെ കൈവെട്ടുമെന്നു പറഞ്ഞവരുടെ പിന്തുണയിലും പ്രോത്സാഹനത്തിലുമാണ് ചിലര്‍ തളിപ്പറമ്പിലെ പള്ളിയക്രമിച്ചതും എളംകൂറിലെ കൊലപാതകം നടത്തിയതും ഒടുവില്‍ സുന്നികള്‍ക്കെതിരെ ഉപയോഗിക്കാനായി ബോംബ് നിര്‍മ്മിച്ചതുമെന്നു സുന്നിസമൂഹം മനസ്സിലാക്കുന്നു. രാജ്യത്തെ സ്വതന്ത്രവും നിര്‍ഭയപൂര്‍ണ്ണവുമായ ജനജീവിതത്തെയാണ് ഇവര്‍ കലുഷമാക്കുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടലും പ്രതികരണവും ആവശ്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. അബ്ദുല്‍ കരീം ഹാജി മേമുണ്ട, അഷ്‌റഫ് എ.വി, അബ്ദുസ്സലാം ഹാജി പുത്തനത്താണി, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, അബ്ദുള്ള മുസ്‌ലിയാര്‍ കടവത്തൂര്‍, അബ്ദുസ്സലാം പാപ്പിനിശ്ശേരി, ബഷീര്‍ പുത്തൂപ്പാടം, മുഹമ്മദ് ഷാ ആയഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest