Gulf
ബലിപെരുന്നാള്‍ ആഘോഷത്തിന് രാജ്യം ഒരുങ്ങി
ഷാര്‍ജ: ത്യാഗത്തിന്റെയും ദൈവ കല്‍പന സാക്ഷാത്കരിക്കുന്നതിന്റെയും സ്മരണ പുതുക്കുന്ന ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങി. പെരുന്നാള്‍ നിസ്‌കാര ശേഷം വിശ്വാസികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ഈദ് സന്ദേശങ്ങള്‍ കൈമാറും. പെരുന്നാള്‍ ദിനത്തിന്റെ തലേദിവസം വിശ്വാസികള്‍ അറഫ നോമ്പ് നോല്‍ക്കും. ഈ നോമ്പ് അനുഷ്ഠിച്ചാല്‍ അടുത്ത ഒരു വര്‍ഷം വരെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് പ്രവാചക മൊഴി.
രാജ്യത്തെ മസ്ജിദുകളും മറ്റും പെരുന്നാള്‍ നിസ്‌കാരത്തിനും മറ്റുമായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ബലി നല്‍കുന്നതായി രാജ്യത്ത് വന്‍ തോതില്‍ മൃഗങ്ങളെ ഇറക്കുമതി ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഇവ അംഗീകൃത അറവുശാലകള്‍ വഴിയെ അറുക്കാന്‍ പാടുള്ളൂ. അനധികൃതമായി മൃഗങ്ങളെ അറുക്കുന്നവര്‍ക്ക് വന്‍ തുക പിഴ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം, അവധി ദിനങ്ങള്‍ ആഹ്ലാദരമാക്കാന്‍ വിപുലമായ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം 13 മുതല്‍ 17 വരെ നാല് വാരാന്ത്യ അവധിയടക്കം ഒമ്പത് അവധി ദിനങ്ങളാണ് പൊതുമേഖലയില്‍ ലഭിക്കുക. സ്വകാര്യ മേഖലയില്‍ ഈ മാസം 14 മുതല്‍ 16 വരെ മൂന്ന് ദിവസവും.
രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പൊതുമേഖല അവധി ബാധകമാണ്. ഇത് സംബന്ധിച്ച് വിദ്യാലയ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു.
റോഡുകളും വീടുകളും അലങ്കാര വിളക്കുകളാലും വിവിധ വര്‍ണങ്ങളാലും അലങ്കൃതമാണ്. ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഒമാനിലെ സലാലയിലേക്കും യു എ ഇയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതര സംഘടനകള്‍ പല സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
അതേസമയം പെരുന്നാള്‍ കുടുംബ സമേതം ആഘോഷിക്കാന്‍ പലരും നാട്ടിലേക്ക് പറന്നിട്ടുണ്ട്. ഇടത്തരം വരുമാനക്കാര്‍ക്കും അത് സ്വപ്‌നമായി ഇന്നും അവശേഷിക്കുന്നു. വിമാന ചാര്‍ജ് ഏറിയതാണ് ഇടത്തരക്കാരെ നാട്ടില്‍ പോകുന്നതില്‍ നിന്നും പിന്നോട്ടടിച്ചത്. മറ്റുചിലരാകട്ടെ പെരുന്നാള്‍ അവധി ദിനങ്ങള്‍ എങ്ങനെ വിരസമല്ലാത്തതാക്കാന്‍ എന്ന ചിന്തയിലും.
രാജ്യത്തെ വാണിജ്യ മേഖലയും വിവിധ മാളുകളും പെരുന്നാള്‍ വിഭവങ്ങളാല്‍ സജീവമാണ്. മിക്കവയും വന്‍ ഓഫറും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം തന്നെ ജനത്തിരക്കൊഴിഞ്ഞു നേരമില്ല. രാജ്യത്തെ പാര്‍ക്കുകളും മറ്റും സന്ദര്‍ശകരെ കൊണ്ട് നിറയുമെന്നതിനാല്‍ വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇവിടങ്ങളില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.