Connect with us

Editorial

പാറാട്: സൂത്രധാരര്‍ പുറത്തു വരട്ടെ

Published

|

Last Updated

മുസ്‌ലിം കേരളത്തെ നടുക്കിയ സംഭവമാണ് ഈ മാസം മൂന്നിന് കണ്ണൂര്‍ ജില്ലയിലെ പാറാട് നടന്ന ബോംബ് സ്‌ഫോടനം. ഏതാനും യുവാക്കള്‍ രാത്രിയുടെ മറവില്‍ ബോംബ് നിര്‍മിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അബദ്ധവശാല്‍ അത് പൊട്ടി നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പ്രസിദ്ധമാണ് ഈ പ്രദേശമെന്നതിനാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായിരിക്കാം ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് തുടക്കത്തില്‍ അന്വേഷണോദ്യോഗസ്ഥരും ജനങ്ങളും ധരിച്ചത്. എന്നാല്‍ പ്രതികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ,് സ്ഥലത്തെ സുന്നി പ്രവര്‍ത്തകരെ വകവരുത്താനായി ചേളാരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുന്നി സംഘടനയുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. താജുല്‍ ഉലമയും ശൈഖുനാ കാന്തപുരവും നൂറുല്‍ ഉലമ എം എ ഉസ്താദും നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനത്തിന്റെ പാനൂര്‍ മേഖലയിലെ അഭൂതപൂര്‍വമായ വളര്‍ച്ചയെ ആദര്‍ശപരമായി നേരിടാനാകാത്തതിലുള്ള നിരാശയും വിദ്വേഷവുമാണ് അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് നീങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സംഭവത്തില്‍ പിടിയിലായ ഒരാള്‍ പറഞ്ഞുവെന്ന് പോലീസ് വെളിപ്പെടുത്തുകയുണ്ടായി.
ആശയപ്രചാരണത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു മുസ്‌ലിം സമുദായം; പ്രത്യേകിച്ചും സുന്നികള്‍. ഇതര മതക്കാരുടെയും പ്രസ്ഥാനക്കാരുടെയും വികാരം മാനിച്ചും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താതെയും നോവിക്കാതെയുമാണ് സുന്നി സംഘടനകള്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചു വന്നത്. ഇടക്കാലത്ത് കേരളത്തിലെ സുന്നികള്‍ക്കിടയില്‍ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പുണ്ടായി. സുന്നി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തന മികവിലും അസൂയ പൂണ്ട ഇസ്‌ലാമിലെ തിരുത്തല്‍വാദികളുടെ കെണിയില്‍ അകപ്പെട്ട് ആദര്‍ശത്തില്‍ നിന്നൊരു വിഭാഗം വ്യതിചലിക്കാന്‍ തുടങ്ങിയതിന്റെ അനിവാര്യ പരിണതിയായിരുന്നു ഈ വഴിപിരിയല്‍. സമുദായ രാഷ്ട്രീയക്കാരുടെ പിന്തുണയോടെ സുന്നികളുടെ വളര്‍ച്ചക്ക് തടയിടാമെന്നും നാമാവശേഷമാക്കാമെന്നുമായിരുന്നു വേറിട്ടുപോയ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റി. സുന്നി പ്രസ്ഥാനം അടിക്കടി വളര്‍ന്നുവെന്ന് മാത്രമല്ല, കേരളത്തിന്റെ അതിര്‍ത്തി കടന്ന് കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെല്ലാം ശരവേഗത്തില്‍ അത് പന്തലിക്കുകയുമുണ്ടായി.
നയിക്കാന്‍ സംഘടനകളും വഴികാട്ടാന്‍ കര്‍മോത്സുകരായ പണ്ഡിതരുമില്ലാതെ അസംഘടിതരായി ദുരിതപൂര്‍ണ ജീവിതം നയിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ ആശാകേന്ദ്രമായി മാറാന്‍ കേരളത്തിലെ സുന്നി പണ്ഡിതര്‍ക്കും സംഘടകള്‍ക്കും ഇന്നായിട്ടുണ്ട്. ആവശ്യത്തിന് പള്ളിയും മതപഠന കേന്ദ്രങ്ങളും ഇല്ലാതിരുന്നതിനാല്‍ ഇസ്‌ലാമിക വിജ്ഞാനത്തിലും ബോധത്തിലും ഏറെ പിറകിലായിരുന്ന ഉത്തരേന്ത്യയില്‍, മതവിദ്യാഭ്യാസം പരിപോഷിപ്പിക്കാനും ആരാധനക്കുമായി നിരവധി പള്ളികളും മതപഠന കേന്ദ്രങ്ങളും കേരളത്തിലെ സുന്നി സംഘടകളുടെയും മര്‍കസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും കീഴില്‍ സ്ഥാപിതമായിക്കഴിഞ്ഞു. ഇത്തരം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ചിലരെ അസ്വസ്ഥരാക്കി. സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണ നേടുന്നതിനു പകരം, നിഷേധാത്മക സമീപനങ്ങളാണ് അവര്‍ സ്വീകരിച്ചത്. അതിന്റെ പ്രാദേശികമായ ഉദാഹരണമാണ് പാറാട്ട് ബോംബിന്റെ രൂപത്തില്‍ പുറത്തുവന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ സമീപിക്കേണ്ടത് ആശയ സംവാദങ്ങളിലൂടെയാണെന്നും അല്ലാതെ അടിച്ചു കൊന്നും ബോംബെറിഞ്ഞും അപവാദ പ്രചാരണങ്ങള്‍ നടത്തിയും സ്ഥാപനങ്ങള്‍ തകര്‍ത്തുമല്ലെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സ്വന്തം പാളയത്തില്‍ ആരുമുണ്ടായില്ല.
എതിരാളികളെ തോക്ക്, ബോംബ് തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് നേരിടുന്നത് ഫാസിസത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും ശൈലിയാണ്. ഒരു മത സംഘടന എന്ന് നടിക്കുന്നവര്‍ ഇതനുകരിക്കുന്നത് അപമാനവുമാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അവസരം നല്‍കിക്കൂടാ. സുന്നി പ്രസ്ഥാനത്തെ സഹായിക്കുന്നു എന്ന് ആരോപിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടാന്‍ ആഹ്വാനം നല്‍കുകയും മുസ്‌ലിം ലീഗ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ ഹൈദരലി തങ്ങള്‍ അടക്കമുള്ള ഉന്നത ലീഗ് നേതാക്കളെ തടഞ്ഞു വെക്കുകയും ചെയ്ത ചേളാരി വിഭാഗത്തിലെ തീവ്രവാദ സ്വഭാവമുള്ള നേതാക്കളാണോ ബോംബ് നിര്‍മാണത്തിന് ക്വട്ടേഷന്‍ നല്‍കിയതിന്റെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. ബോംബെറിഞ്ഞും അക്രമമഴിച്ചു വിട്ടും സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനൊരുമ്പെടുന്ന കറുത്ത ശക്തികളാരെന്ന് കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പാറാട് സംഭവത്തിന്റെ പിന്നിലാരാണെങ്കിലും നിര്‍ദാക്ഷിണ്യം അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എസ് വൈ എസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലത്തില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ അത് പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.

Latest