Kerala
വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയാല്‍ രണ്ട് ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കാം
തിരുവനന്തപുരം: വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്രതിദിനം രണ്ട് ലക്ഷത്തോളം ലിറ്റര്‍ ഡീസല്‍ ലാഭിക്കാനാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വാഹനത്തിന്റെ ഇന്ധനക്ഷമത ഏറ്റവും കൂടുന്നത് അതിന് അനുവദിച്ചിട്ടുള്ള അനുയോജ്യമായ വേഗത്തില്‍ ഓടുമ്പോഴാണ്. വേഗപ്പൂട്ട് ഘടിപ്പിക്കുന്നതോടെ മത്സരഓട്ടവും അമിത വേഗവും കുറയുന്നതിനൊപ്പം അനുവദിച്ചിട്ടുള്ള സ്പീഡില്‍ ഓടാന്‍ നിര്‍ബന്ധിതമാകും.
റിപ്പയര്‍ ചാര്‍ജ് കുറയുന്നതോടൊപ്പം ഒരു ബസിന് ഏകദേശം പത്ത് ലിറ്ററോളം ഡീസല്‍ ദിവസവും ലാഭിക്കാന്‍ കഴിയും. അഞ്ഞൂറോളം രൂപ ചെലവിനത്തില്‍ ലാഭിക്കാന്‍ ഇത് സഹായിക്കും. സംസ്ഥാനത്ത് 15,000 പ്രൈവറ്റ് ബസുകളും 5,000 കെ എസ് ആര്‍ ടി സി ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് ലക്ഷം ലിറ്ററോളം ഡീസല്‍ ലാഭിക്കുന്നതോടെ ഇതിലൂടെ ഒരു കോടി രൂപയുടെ വിദേശ നാണ്യം ലാഭിക്കാന്‍ കഴിയുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.