Connect with us

Ongoing News

സച്ചിന്റെ വിരമിക്കല്‍ മുംബൈയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്വദേശമായ മുംബൈയിലാകും അദ്ദേഹത്തിന്റെ വിടപറയല്‍ ടെസ്റ്റ് മത്സരം അരങ്ങേറുകയെന്ന് ബി സി സി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനും സച്ചിന്റെ ഇരുനൂറാം ടെസ്റ്റിന് വേദിയാകാന്‍ രംഗത്തുണ്ടെങ്കിലും സച്ചിന്റെ ഹോംഗ്രൗണ്ട് എന്ന നിലക്ക് മുംബൈ വാംഖഡെക്ക് മേല്‍ക്കൈയ്യുണ്ട്.
അവസാന മത്സരം മുംബൈയില്‍ കളിക്കാനാകും സച്ചിനും താത്പര്യം. ചൊവ്വാഴ്ച നടക്കുന്ന യോഗതത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളും- ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. സച്ചിന് ക്രിക്കറ്റ് ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത വിധം യാത്രയയപ്പ് നല്‍കാനാണ് ബി സി സി ഐ പദ്ധതിയിടുന്നതെന്ന് ശുക്ല അറിയിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് നവംബര്‍ ആറ് മുതല്‍ പത്ത് വരെയും രണ്ടാം ടെസ്റ്റ് നവംബര്‍ പതിനാല് മുതല്‍ പതിനെട്ട് വരെയുമാണ്. സച്ചിന്റെ വിരമിക്കലിന് ശേഷം വെസ്റ്റിന്‍ഡീസ് ഇന്ത്യന്‍ പര്യടനം തുടരും. മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശേഷമേ അവര്‍ മടങ്ങൂ. നവംബര്‍ 21, 24, 27 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍.ഈ മാസം പതിനെട്ടിന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വേദി തീരുമാനിക്കുന്ന് ബി സി സി ഐ വൈകിപ്പിക്കുന്നത്. കേന്ദ്ര കാര്‍ഷിക മന്ത്രിയായ ശരദ് പവാര്‍ എം സി എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അടുത്ത വര്‍ഷം ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് എന്‍ ശ്രീനിവാസനെതിരെ മത്സരിക്കാന്‍ പദ്ധതിയിടുന്ന ശരദ് പവാര്‍ ക്രിക്കറ്റ് ഭരണത്തിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിടുന്നു.

Latest