Kozhikode
പാറാട് ബോംബ് സ്‌ഫോടനം: മുസ്‌ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണം - എസ് എസ് എഫ്
കോഴിക്കോട്: കണ്ണൂര്‍ പാറാടില്‍ സുന്നികള്‍ക്കെതിരെ ഉപയോഗിക്കുന്നതിന് വേണ്ടി നിര്‍മിച്ച ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിരിക്കെ ഇക്കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളും ബുദ്ധി ജീവികളും നിലപാട് വ്യക്തമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
സമാധാനവും ശാന്തിയും മുഖമുദ്രയാക്കിയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പ്രവര്‍ത്തിച്ചു വന്നത്. കേരളീയ മുസ്‌ലിംകളുടെ പൈതൃകത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണ് വിമത വിഭാഗം സമസ്തയുടെ നിലപാടുകളെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
പാറാട് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണം. തുടരെയുള്ള അക്രമ സംഭവങ്ങളിലൂടെ കേരളത്തിലെ മതാന്തരീക്ഷത്തെ കലുഷിതമാക്കാനാണ് വിഘടിത ശ്രമം. ഓണപ്പറമ്പിലെ പള്ളിക്ക് നേരെയുള്ള കൈയേറ്റവും എളങ്കൂറിലെ കൊലപാതകവും വിഘടിതരുടെ ഫാസിസ്റ്റ് മനോഭാവത്തിന് തെളിവാണ്. ജനാധിപത്യ രാജ്യത്ത് ഒരു മന്ത്രിയുടെ കൈവെട്ടുമെന്നുള്ള വിഘടിത നേതാവിന്റെ പരസ്യ പ്രസ്താവനയും ഇതോട് ചേര്‍ത്ത് വായിക്കണം. അക്രമവും തീവ്രവാദ പ്രവര്‍ത്തനവും പതിവാക്കിയ വിഘടിതരെ സംരക്ഷിക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം കേരളത്തിന്റെ മതേതരത്വ പൈതൃകത്തോടുള്ള അവഹേളനമാണ്. അത്തരം ശ്രമങ്ങള്‍ക്ക് പാര്‍ട്ടികള്‍ വലിയ വില നല്‍കേണ്ടി വരും.
സുന്നി സംഘടനകള്‍ക്കെതിരെ പൊതു വേദിയുണ്ടാക്കി പ്രസ്താവന നടത്തുന്ന മുസ്‌ലിം സംഘടനകളുടെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായങ്ങള്‍ പറയുന്ന ബുദ്ധിജീവികളുടെയും മൗനം ദുരൂഹമാണ്. കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകത്തിനേറ്റ കളങ്കമാണ് പാറാട് സംഭവമെന്നും യോഗം വിലയിരുത്തി. തീവ്രവാദ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഇസ്‌ലാമിന്റെയും സമസ്തയുടെയും പേര് ദുരുപയോഗം ചെയ്യരുതെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍ റശീദ് സഖാഫി കുറ്റിയാടി, റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍ പ്രസംഗിച്ചു.