Connect with us

International

ജന്മനാട്ടില്‍ മലാലക്ക് സ്വീകാര്യതയില്ലെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

ഇസ്‌ലാമാബാദ്: നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന മലാല യൂസുഫ്‌സായിക്ക് ജന്മനാട്ടില്‍ സ്വീകാര്യതയില്ലെന്ന് റിപ്പോര്‍ട്ട്. മലാല പാശ്ചാത്യ ശക്തികളുടെ കേവലമൊരു ഉപകരണം മാത്രമാണെന്നാണ് സ്വാത് താഴ്‌വരയിലെ ജനങ്ങളില്‍ പലരുടെയും അഭിപ്രായമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ നടത്തിയ സര്‍വേയിലെയും ഫലം മറിച്ചല്ല. മലാല യൂസുഫ്‌സായിയെ കുറിച്ച് എത്ര പേര്‍ കേട്ടിട്ടുണ്ടെന്ന ചോദ്യത്തിന് സ്വാത് താഴ്‌വാരത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥാനായ ഫാറൂഖ് ആതിഖ് പറഞ്ഞത്. ഒന്നുകില്‍ കുട്ടികള്‍ ആരെയോ ഭയക്കുന്നുണ്ട് അല്ലെങ്കില്‍ മലാലയെ അവര്‍ അംഗീകരിക്കുന്നില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഞാന്‍ മലാലക്ക് എതിരാണ്. മാധ്യമങ്ങള്‍ അവരെ വീരവനിതയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ഈ സ്വാത്തിന് വേണ്ടി എന്താണ് അവര്‍ ചെയ്തത്?” സ്വാത് താഴ്‌വാരയിലെ മലാലയുടെ പഴയ സ്‌കൂളിന് സമീപത്ത് കച്ചവടം നടത്തുന്ന മുഹമ്മദ് അയാസിന്റെ പ്രതികരണമായിരുന്നു ഇത്. മലാല രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും കേവലം പ്രശസ്തിക്ക് വേണ്ടിയാണ് മലാലയുടെ മാതാപിതാക്കളും മറ്റും അവരെ കൊണ്ടുനടക്കുന്നതെന്നും സ്വാത് താഴ്‌വാരത്തിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കുറ്റപ്പെടുത്തയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനില്‍ വിദ്യാഭ്യാസത്തിനെതിരെ താലിബാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അതിശയോക്തി കലര്‍ത്തി പറയുകയാണ് മലാലയെന്ന് സ്വാത് ജില്ലയിലെ വിദ്യാഭ്യാസ ഡയറക്ടറായ ദില്‍ശാദ് ബീഗം പറഞ്ഞു. തന്റെ നേതൃത്വത്തില്‍ നിരവധി അധ്യാപകര്‍ വീടുകള്‍ തോറും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തനം നടത്തി വരികയാണെന്നും 25 വര്‍ഷമായി തുടുരുന്ന ഈ പ്രവര്‍ത്തനത്തിനെതിരെ ഇതുവരെ താലിബാന്റെ ഭാഗത്ത് നിന്ന് ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.