International
വെടിനിര്‍ത്തലിന് ഒ പി സി ഡബ്ല്യു ആഹ്വാനം ചെയ്തു
ദമസ്‌കസ്: സിറിയയില്‍ രാസായുധ നശീകരണത്തില്‍ ഏര്‍പ്പെട്ട ദൗത്യ സംഘം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിമതരുടെ സ്വാധീന മേഖലകളില്‍ പരിശോധന നടത്തുന്നതിന് മുന്നോടിയായാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒ പി സി ഡബ്ല്യു) മേധാവി അഹ്മദ് ഊസുമ്കു ഇരുവിഭാഗത്തോടും താത്കാലിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച അറുപത് വിദഗ്ധ സംഘങ്ങളടങ്ങിയ ഒ പി സി ഡബ്ലുവിന്റെ പരിശോധന വിജയകരമായി നടന്നിട്ടുണ്ട്.
സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും പൂര്‍ണ പിന്തുണയില്‍ നിരവധി രാസായുധ പ്ലാന്റുകളില്‍ നശീകരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനകം ഇരുപത് പ്ലാന്റുകളില്‍ അഞ്ചെണ്ണത്തിലെ പരിശോധനയും മറ്റ് നടപടികളും വളരെ വേഗത്തില്‍ നടന്നിട്ടുണ്ടെന്നും പരിശോധനക്കിടെ സിറിയന്‍ സൈന്യത്തിന്റെ പൂര്‍ണ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ അഹ്മദ് ഊസുമ്കു വ്യക്തമാക്കി.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് സംഘത്തിന് ഏറെ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വിമതര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ പരിശോധന നടത്തുകയെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണെന്നും വ്യക്തമാക്കിയ അദ്ദേഹം വിമത സൈനിക നേതൃത്വം പരിശോധനയോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒ പി സി ഡബ്ലു സംഘം താമസിച്ചിരുന്ന ഹോട്ടലിന് സമീപം ശനിയാഴ്ച വിമതര്‍ സ്ഫാടനങ്ങള്‍ നടത്തിയിരുന്നു.
അതിനിടെ, സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരത്തിനായി നടത്താന്‍ നിശ്ചയിച്ച സമാധാന ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.