Connect with us

Articles

ഉള്ഹിയ്യത്ത്: അയല്‍പക്കത്തെ അന്യദേശക്കാരനും കൂടിയായിക്കൂടേ?

Published

|

Last Updated

പ്രവാചകന്‍ ഇബ്‌റാഹിം (അ)മിന്റെയും പുത്രന്‍ ഇസ്മാഈല്‍(അ)ന്റെയും ത്യാഗജീവിതങ്ങളുടെ ഓര്‍മ പുതുക്കി മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ബലിപെരുന്നാളിന്റെ ഭാഗമായുള്ള പ്രധാന ആരാധനകളിലൊന്ന് ഉള്ഹിയ്യത്താണ്. പെരുന്നാള്‍ ദിനത്തിലോ അയ്യാമുത്തശ്‌രീഖിലോ ആണ് ഉള്ഹിയ്യത്ത് നടക്കാറുള്ളത്. കേരളത്തില്‍ ആയിരക്കണക്കിന് മഹല്ലുകളുണ്ട്. അവിടെയെല്ലാം ഉള്ഹിയത്ത് നടക്കാറുമുണ്ട്. അതിനു പുറമെ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലും ബലിയറുക്കാറുണ്ട്. ഇങ്ങനെ ബലിയാകുന്ന മൃഗങ്ങളുടെ മാംസം ആ നാടുകളിലെ മുസ്‌ലിം വീടുകളിലേക്ക് എത്തിക്കുകയാണ് പതിവ്. നമ്മുടെ മഹല്ല് സംവിധാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന വിധം മഹല്ലുകളില്‍ രജിസ്‌ട്രേഷനുള്ള വീടുകളില്‍ മാത്രം മാംസമെത്തിക്കുന്ന ശൈലിയാണ് കേരളത്തില്‍ പിന്തുടരുന്നത്. പ്രദേശത്തെ മുസ്‌ലിം ജനസാമാന്യത്തെ ദീനീചിട്ടയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കാനും അവരെ മതസ്ഥാപനങ്ങളുമായി (മസ്ജിദ്, മദ്‌റസ) അടുപ്പിക്കാനും ഇത്തരം ചില നിബന്ധനകള്‍ വേണ്ടതു തന്നെ. പക്ഷേ അതിനപ്പുറത്ത് നമ്മുടെ മഹല്ല് പരിധിയിലെ വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും പാര്‍ക്കുന്ന അന്യ ദേശക്കാരായ മുസ്‌ലിംകളെ കൂടി പരിഗണിക്കേണ്ടത് ആവശ്യമാണ്. കേരളത്തിലിപ്പോള്‍ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് നിഗമനം. എല്ലാ തൊഴില്‍മേഖലകളിലും അവരുണ്ട്. നിര്‍മാണ മേഖലയില്‍ ഗണ്യമായ എണ്ണം അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. ഇങ്ങനെ പുറത്തു നിന്നുള്ള തൊളിലാളികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. അവരില്‍ മഹാഭൂരിപക്ഷത്തിന് ഇസ്‌ലാം, സ്വന്തം പേരിലെ അറബി സ്വരം കൊണ്ട് മാത്രം തിരിച്ചറിയുന്ന ഒരിടപാടാണ്. ഒരനുഷ്ഠാനം പോലെ അവരില്‍ ചിലര്‍ തൊപ്പി ധരിക്കുന്നതു കൊണ്ട് അവര്‍ മുസ്‌ലിംകളാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടും. കേരളത്തിലെ മുസ്‌ലിംകളെപ്പോലെ ജീവിക്കാത്തതിന് അവരെ കുറ്റപ്പെടുത്തരുത്. മതപഠനത്തിന് അവസരങ്ങള്‍ കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പുകഞ്ഞുകത്തുന്ന ഗ്രാമങ്ങളിലാണ് അവര്‍ ജിവിതത്തിന്റെ ബാലപാഠങ്ങളറിഞ്ഞത്. മൂന്ന് നേരം വയര്‍ നിറച്ചുണ്ട്, ഏമ്പക്കം വിട്ട് ശീതീകരണമുറിയില്‍ അല്ലെങ്കില്‍ കറങ്ങുന്ന ഫാനിന് കീഴെ നീണ്ടു മലര്‍ന്നു കിടന്നുറങ്ങുന്ന മലയാളിയുടെ മനോമുകുരത്തില്‍ അങ്ങനെയൊരു ചിത്രം തെളിയണമെന്നില്ല. നമുക്കുടുക്കാന്‍ വില കൂടിയ വസ്ത്രങ്ങള്‍, സഞ്ചരിക്കാന്‍ പുതുപുത്തന്‍ വാഹനങ്ങള്‍, ഉണ്ണാന്‍ സമീകൃതാഹാരങ്ങള്‍, ഉറങ്ങാന്‍ മിനുസമുള്ള മെത്തകള്‍… ഒപ്പം മതപഠന രംഗത്തെ ഏറ്റവും ശ്രദ്ധേയമായ മദ്‌റസാ സംവിധാനം… അതിനപ്പുറം വേറെയും അവസരങ്ങള്‍. ആകയാല്‍ മുണ്ട് മുറുക്കിയുടുത്ത് വിശപ്പിനെ ശമിപ്പിക്കുന്നവരുടെ, വല്ലപ്പോഴുമെത്തുന്ന സര്‍ക്കാര്‍ പൈപ്പിലെ കുടിവെള്ളം കൊണ്ട് ദാഹവും വിശപ്പും അകറ്റുന്നവരുടെ കരളുരുക്കങ്ങള്‍ നമുക്ക് കാണാന്‍ പോയിട്ട് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. അതിനാല്‍ നമ്മുടെ പെരുന്നാളിന്റെ സന്തോഷം അവര്‍ക്കു കൂടി സ്‌നേഹത്തോടെ കൈമാറാന്‍ നമ്മള്‍ മനസ്സു വെക്കണം. അയല്‍ ബന്ധങ്ങള്‍ കാത്തു വെക്കേണ്ടതിന്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തിയത് മുത്തു നബി(സ)യാണ്. അയല്‍ക്കാരന്‍ സ്വന്തം വീട്ടിനടുത്ത് വീട് വെച്ചവനാകണമെന്നില്ല. വാടകക്ക് താമസിക്കുന്നതാണെങ്കിലും അതും അയല്‍പക്കം തന്നെയാണ്. അന്യ ദേശത്ത് നിന്ന് വന്ന് താല്‍ക്കാലികമായി നമ്മുടെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ക്കൊക്കെയും ഈ ബഹുമാനം നാം കൊടുക്കണം. അവന്റെ വിശപ്പ് നമ്മുടെ അസ്വസ്ഥതയായി കാണണം. അവരിലെ മുസ്‌ലിംകളോട് വിശ്വാസപരമായി നിര്‍വഹിക്കേണ്ട ധര്‍മങ്ങളുണ്ട്. ഉള്ഹിയ്യത്തിന്റെ വകയില്‍ വീട്ടിലെത്തുന്ന കിലോകണക്കിന് പൊതി മാംസങ്ങള്‍ റഫ്രിജറേറ്ററിന്റെ ഏറ്റവും തണുപ്പുള്ള അറയിലേക്ക് തള്ളുന്നതിന് മുമ്പ്, ദിവസങ്ങള്‍ പിന്നിട്ടാലും കേട് വരാതിരിക്കാന്‍ ഉപ്പും മുളകും ചേര്‍ത്ത് വേവിച്ച് സുരക്ഷിതമാക്കുന്നതിനു മുമ്പ്, ഒന്ന് ആലോചിക്കുക. അസമില്‍ നിന്നുള്ള, ബംഗാളില്‍ നിന്നുള്ള നമ്മുടെ സഹോദരങ്ങള്‍ സമീപത്തെ പീടിക മുറികളില്‍, വാടക മുറികളില്‍ പെരുന്നാളിന്റെ മാധുര്യവും ഭക്ഷണത്തിന്റെ രുചിയുമറിയാതെ ജീവിക്കുന്നുണ്ട്. അവരിലേക്ക് ആ ഇറച്ചിപ്പൊതി നീട്ടാന്‍ നമുക്ക് മടി തോന്നേണ്ടതില്ല. നമ്മളേക്കാള്‍ അര്‍ഹതപ്പെട്ടവര്‍ തീര്‍ച്ചയായും അവര്‍ തന്നെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ഏതോ ഒരു വീട്ടില്‍ അടുപ്പ് പുകക്കാനാണ് ആ സുഹൃത്തുക്കള്‍ ഇവിടെ വന്ന് പുകയുന്നത്. അവരോട് ഇത്തിരി കാരുണ്യം കാട്ടുമ്പോള്‍ നമുക്കൊന്നും നഷ്ടപ്പെടാനില്ല. സംഭവിക്കുന്നതോ, നബി പഠിപ്പിച്ച മാനവിക സൗഹൃദത്തിന്റെ തുടര്‍ച്ചയാണ്. അതിനാല്‍ മഹല്ലു കമ്മറ്റികളും സുന്നി സംഘടനകളും നമ്മുടെ പ്രദേശത്തുള്ള ഇത്തരം പാവപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ബലി മാംസം എത്തിക്കുന്നതില്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കട്ടെ. അതു പോലെ നമ്മുടെ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയുമൊക്കെ സന്തോഷവും അനുഗ്രഹവും അവര്‍ക്കും കൈമാറി അവരെയും നമ്മുടെ ആദര്‍ശ ജീവിതത്തിലെ കൂട്ടുകാരാക്കിക്കൊണ്ട് ഇസ്‌ലാമിക സൗഹൃദത്തിന്റെ പുതിയൊരു പച്ചപ്പ് സൃഷ്ടിക്കാന്‍ ഉത്സാഹിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തട്ടെ!.