Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതോടെ സംസ്ഥാനത്ത് ഇന്നലെ രാത്രി അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. താല്‍ച്ചറില്‍ നിന്നും രാമഗുണ്ടത്തു നിന്നുമുള്ള വൈദ്യുതി വിഹിതത്തില്‍ ഇരുനൂറ് മെഗാവാട്ടിന്റെ കുറവുണ്ടായതിനാലാണ് വൈകീട്ട് 6.30 മുതല്‍ രാത്രി 9.00 മണി വരെ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര വിഹിതം പുനഃസ്ഥാപിക്കാനായില്ലെങ്കില്‍ ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. താല്‍ച്ചറില്‍ നിന്ന് മുന്നൂറ് മെഗാവാട്ടും ദീര്‍ഘകാല, ഹ്രസ്വകാല കരാര്‍ പ്രകാരം 298 മെഗാവാട്ടുമാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടത്. അതിനിടെ, ശബരിഗിരി നിലയത്തിലെ നാലാം നമ്പര്‍ ജനറേറ്ററില്‍ വീണ്ടും തകരാര്‍ കണ്ടെത്തിയതോടെ ഉത്പാദനം നിര്‍ത്തി.
അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ജൂണില്‍ വൈദ്യുതോത്പാദനം പുനരാരംഭിച്ച അറുപത് മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററാണ് ഉത്പാദനം നിര്‍ത്തിയത്. കനത്ത മഴയില്‍ ജലസംഭരണികള്‍ നിറഞ്ഞിരിക്കെ ജനറ്റേറ്ററിന്റെ തകരാര്‍ കെ എസ് ഇ ബിക്ക് തിരിച്ചടിയായി. 2008 മെയ് 17നാണ് ഇതിനു മുമ്പ് ഈ ജനറേറ്റര്‍ തകരാറിലായത്. ചൈനീസ് കമ്പനിയായ കെ ഇ എമ്മിനായിരുന്നു അറ്റകുറ്റപ്പണികളുടെ ചുമതല. കഴിഞ്ഞ ജൂണ്‍ ഇരുപതിനാണ് പണി പൂര്‍ത്തീകരിച്ച് ഉത്പാദനം ആരംഭിച്ചത്. പത്ത് ദിവസം കൊണ്ട് തകരാര്‍ തീര്‍ക്കാനാകുമെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest