Connect with us

National

മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കും തിരക്കും: മരണം 115 ആയി

Published

|

Last Updated

ദാതിയ (മധ്യപ്രദേശ്): നവരാത്രി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 115 ആയി. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ നദിക്ക് കുറുകെയുള്ള പാലം കടക്കുന്നതിനിടെ പാലം തകരുന്നുവെന്ന അഭ്യൂഹം പരന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ച് ദാതിയ കലക്ടര്‍, എസ് പി, എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കമ്മീഷനോട് ശിപാര്‍ശ ചെയ്തത്. ദാതിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. 115 പേര്‍ മരിച്ചതായി ഡി ഐ ജി. എ കെ ആര്യ സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളില്‍ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കമ്മീഷനെ നിയമിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
അപകടം “മനുഷ്യനിര്‍മിതമാണെ”ന്നാണ് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം അപകടം നടന്ന അതേ സ്ഥലത്ത് അഞ്ച് വര്‍ഷം മുമ്പ് അപകടമുണ്ടായിരുന്നു. ഇതില്‍ നിന്ന് സര്‍ക്കാര്‍ യാതൊന്നും പഠിച്ചിട്ടില്ല. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങളില്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കാണുകയാണെന്ന് ബി ജെ പി വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. 2000ത്തില്‍ ഇവിടെ 56 പേര്‍ പുഴയില്‍ ഒലിച്ചു പോയിരുന്നു.
111 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 സ്ത്രീകളും പത്തൊമ്പത് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. മരിച്ചവരുടെ അടുത്ത ബന്ധുവിന് ഒന്നര ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നിസ്സാര പരുക്കുള്ളവര്‍ക്ക് 25,000 രൂപയും ധനസഹായം നല്‍കും.

 

Latest