Connect with us

Ongoing News

ആത്മസമര്‍പ്പണത്തിന്റെ ഓര്‍മയില്‍

Published

|

Last Updated

ഇബ്‌റാഹീം നബി(അ)മിന്റെ അനുപമ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണകളുയര്‍ത്തി ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍ വന്നിരിക്കുന്നു. നീണ്ട കാലത്തെ പ്രാര്‍ഥനക്കൊടുവില്‍, ജീവിതത്തിന്റെ സായാഹ്നഘട്ടത്തില്‍ ലഭിച്ച അരുമപ്പൈതല്‍ ഇസ്മാഈല്‍ (അ)നെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലി നല്‍കാന്‍ ഇബ്‌റാഹീം (അ) കാണിച്ച ത്യാഗസന്നദ്ധത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അല്ലാഹുവിന്റെ പരീക്ഷണമായിരുന്നു പുത്രനെ ബലിയര്‍പ്പിക്കാനുള്ള കല്‍പന. അതില്‍ ഇബ്‌റാഹീം(അ) പൂര്‍ണ്ണമായും വിജയിച്ചു. അല്ലാഹുവിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന തക്ബീര്‍ ധ്വനികളുയര്‍ത്തി അദ്ദേഹം വിജയാഹഌദം പ്രകടിപ്പിച്ചു. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ദുല്‍ഹിജ്ജ പത്തിന് നടന്ന ഈ മഹദ്‌സംഭവത്തിന്റെ സ്മരണ അയവിറക്കിയാണ് വര്‍ഷം തോറും ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇതൊന്ന് മാത്രമായിരുന്നില്ല; ഇബ്‌റാഹീം (അ) മിന്റെ ജീവിതമുടനീളം അഗ്നിപരീക്ഷണങ്ങളുടേതായിരുന്നുവെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു ഏകനാണെന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ അഗ്നികുണ്ഠത്തില്‍ എറിയപ്പെട്ടത്, സ്‌നേഹനിധിയായ ഭാര്യയെയും മകനെയും വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് തുടങ്ങി എത്രയെത്ര കടുത്ത പരീക്ഷണങ്ങള്‍. എല്ലാം അദ്ദേഹം ധീരമായി നേരിട്ടു. സത്യദീനിന്റെ മാര്‍ഗത്തില്‍ ഒരിക്കല്‍ പോലും പതര്‍ച്ചയോ ഇടര്‍ച്ചയോ നേരിട്ടില്ല. ഇത് പോലുള്ള പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു അവയെ വിജയകരമായി തരണം ചെയ്യാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാണെന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്.
വിശ്വാസികള്‍ ഇന്ന് കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങും നംറൂദുമാരും ഫറോവകളും. പുറത്ത് മാത്രമല്ല, അകത്തുമുണ്ട് പ്രതിലോമ ശക്തികള്‍. ദൈവീക പ്രസ്ഥാനത്തെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇവരൊന്നടങ്കം. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടം. ഈ ഘട്ടത്തില്‍ ഇബ്‌റാഹീം നബിയുടെ ത്യാഗ സന്നദ്ധത ഉള്‍കൊണ്ട്, എല്ലാം അല്ലാഹുവിലര്‍പ്പിച്ച് സത്യമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും അതിനായി പ്രയാസങ്ങളെ നേരിടാനുമുള്ള മനക്കരുത്തും സമര്‍പ്പണ ബോധവും വിശ്വാസ ദാര്‍ഢ്യവുമാണ് സത്യവിശ്വാസികള്‍ പ്രകടിപ്പിക്കേണ്ടത്. ഈ സമര്‍പ്പണസന്നദ്ധതയുടെ ഒരു പ്രതീകാത്മക ചടങ്ങാണല്ലോ യഥാര്‍ഥത്തില്‍ ബലിപെരുന്നാളിലെ ഉള്ഹിയ്യത്ത്. ഇബ്‌റാഹീം നബി ഇലാഹീമാര്‍ഗത്തില്‍ സ്വന്തം പുത്രനെ തന്നെ ബലി നല്‍കാന്‍ തയാറായെങ്കില്‍, ആ മാതൃക പിന്തുടര്‍ന്നു അല്ലാഹുവിന് വേണ്ടി എന്തും ത്യജിക്കാനും സഹിക്കാനും സന്നദ്ധനാണെന്നാണ് പെരുന്നാളിലെ ബലിയറുക്കുന്നതിലൂടെ സത്യവിശ്വാസികള്‍ ഉദ്‌ഘോഷിക്കുന്നത്. അഥവാ ഇതായിരിക്കണം അന്നേരം അവന്റെ മനസ്സില്‍ ഉണര്‍ന്നു വരേണ്ട വിചാരവും വികാരവും. എങ്കിലേ പെരുന്നാള്‍ ആഘോഷം സാര്‍ഥകമാവുകയുള്ളൂ.

പെരുന്നാള്‍നിസ്‌കാരം, ഉളുഹിയ്യത്ത് എന്നിവയാണ് ബലിപെരുന്നാളിലെ പ്രധാന കര്‍മങ്ങള്‍. പെരുന്നാളിലെ സൂര്യോദയത്തിന് ശേഷം അല്‍പ സമയം കഴിഞ്ഞ് ളുഹ്‌റ് വരെയാണ് നിസ്‌കാരസമയം. സുന്നത്ത് നിസ്‌കാരങ്ങളില്‍ ശ്രേഷ്ഠമാണ് പെരുന്നാളിന്റെ രണ്ട് റക്അത്ത്. ഫാതിഹക്ക് മുമ്പായി ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകളുണ്ടെന്നതാണ് ഇതിന്റെ സവിശേഷത.

മൃഗത്തെ അറുത്ത് ദാനം ചെയ്യലാണ് ഉള്ഹിയ്യത്ത്. സമുദായത്തിലെ പാവങ്ങള്‍ക്കും അഗതികള്‍ക്കും ഭക്ഷണമൊരുക്കി അവരുടെ പെരുന്നാള്‍ സുഭിക്ഷമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിയറുക്കാവുന്ന മൃഗങ്ങള്‍. ഒട്ടകത്തിന് അഞ്ചു വയസ്സും മാടിനും(മൂരി, പശു, പോത്ത്, എരുമ)കോലാടിനും രണ്ട് വയസ്സും നെയ്യാടിന് ഒരു വയസ്സും പൂര്‍ത്തിയായിരിക്കണം. ഒരു മൃഗത്തെ സ്വന്തമായി അറുക്കാന്‍ കഴിയാത്തവര്‍ക്ക്, ഏഴു പേര്‍ ചേര്‍ന്നു ഒരു ഒട്ടകത്തെയോ മാടിനെയോ അറുക്കാവുന്നതാണ്. എന്നാല്‍ ഒരാടില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളികളാകാന്‍ പറ്റില്ല
നേര്‍ച്ചയാക്കിയ ഉള്ഹിയ്യത്താണെങ്കില്‍ മാംസം പൂര്‍ണ്ണമായും ദാനം ചെയ്യണം. ഉടമ അല്‍പം പോലും അതില്‍ നിന്നെടുത്ത് ഭക്ഷിക്കരുത്. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അറുത്തയാള്‍ക്ക് ഭക്ഷിക്കാവുന്നതാണ്. എന്നാല്‍ അല്‍പം മാത്രമെടുത്ത് ബാക്കി ദാനം ചെയ്യലാണ് ഉത്തമം.
മൂന്നില്‍ ഒന്നില്‍ കൂടുതല്‍ എടുക്കുന്നത് ഉത്തമമല്ല.ഉള്ഹിയ്യത്ത് ഒരു സവിശേഷമായ മതചടങ്ങായതിനാല്‍ അത് വിതരണം ചെയ്യുന്നത് മുസ്‌ലിമിനായിരിക്കണമെന്ന് നിബന്ധനയുണ്ട്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞത് മുതല്‍ മൂന്നാമത്തെ അയ്യാമുത്തശ്‌രീഖിന്റെ(ദുല്‍ഹിജ്ജ 13) അസര്‍ വരെയാണ് ഉള്ഹിയ്യത്തിന്റെ സമയം. മറ്റു ആരാധനകളെ പോലെ തന്നെ ഉള്ഹിയ്യത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്.
തക്ബീര്‍ ചൊല്ലുക, കുടുംബങ്ങളെ സന്ദര്‍ശിച്ചു ബന്ധങ്ങള്‍ സുദൃഡമാക്കുക, പുതുവസ്ത്രങ്ങള്‍ അണിയുക തുടങ്ങിയ കാര്യങ്ങളും സുന്നത്താണ്.