Connect with us

Ongoing News

നൂറ്റാണ്ടുകള്‍ക്കപ്പുറം...

Published

|

Last Updated

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയില്‍ നടന്ന ചരിത്ര സംഭവങ്ങളുടെ മഹദ് സ്മരണകള്‍ അയവിറക്കി ഇന്ന് മുസ്‌ലിം ലോകം വലിയ പെരുന്നാളിന്റെ ആഘോഷനിറവില്‍. ഒരുമയുടെയും സ്‌നേഹത്തിന്റെയും ജീവിത രുചിക്കൂട്ടുകളാണ് പെരുന്നാളിലൂടെ ഓരോ ഹൃദയവും കൈമാറുന്നത്.

മനസ്സിന്റെ വിശുദ്ധിയും വിശ്വാസ ദാര്‍ഢ്യവും പ്രശ്‌നങ്ങളെ ധാര്‍മികമായി പ്രതിരോധിക്കാനുള്ള ഇച്ഛാശക്തിയും ഒരു വിശ്വാസി എല്ലായ്‌പ്പോഴും കൈക്കൊള്ളണമെന്നാണ് പ്രവാചക ശ്രേഷ്ഠര്‍ ഇബ്‌റാഹീം നബി(അ) നല്‍കുന്ന ജീവിത സന്ദേശം.

മാനുഷികതയുടെ മഹാചരിത്രത്തിനാണ് മക്കയുടെ മണലാരണ്യത്തില്‍ ഇബ്‌റാഹീം നബി (അ) തുടക്കം കുറിച്ചത്. പ്രകൃതിയും ആവാസ വ്യവസ്ഥിതിയും പ്രതികൂലമായിരുന്നിട്ടും കറകളഞ്ഞ ഇലാഹീ വിശ്വാസത്തിന്റെ ആത്മപ്രകാശത്തില്‍ ഒരു മഹാനാഗരികതക്കും സംസ്‌കാരത്തിനും വളവും വെള്ളവും നല്‍കി നട്ടു വളര്‍ത്താന്‍ ഇബ്‌റാഹീം നബിക്കു സാധിച്ചു. ഖുര്‍ആന്‍ മാനവലോകത്തോട് പറഞ്ഞത് ഇബ്‌റാഹീം നബി(അ) യുടെ സരണിയെ അനുധാവനം ചെയ്യാനാണ്.
ലോകത്തിന്റെ കണ്ണും ഖല്‍ബുമൊക്കെ മക്കയിലേക്കാണ് തിരിയുന്നത്. ഇബ്‌റാഹിം നബി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വളര്‍ത്തിയെടുത്ത ഒരു സംസ്‌കാരത്തിന്റെ ഭാഗഭാക്കാകാന്‍, ഇലാഹീ വിശ്വാസത്തിന്റെ ദൃഷ്ടാന്തങ്ങള്‍ ചരിത്ര പൈതൃകങ്ങളായും തിരുശേഷിപ്പുകളായും പ്രസരണം ചെയ്യുന്ന വിശുദ്ധ മണ്ണിലേക്ക് തീര്‍ഥാടനം നടത്താന്‍ ഓരോ ഹൃദയവും കൊതിക്കുന്നു.

hajj1മക്കയിലെത്തുന്ന സത്യവിശ്വാസികള്‍ പ്രവാചക ശ്രേഷ്ഠര്‍ സൃഷ്ടിച്ചെടുത്ത ചരിത്ര ഗാഥകള്‍ നേരില്‍ കാണുന്നു, കണ്ടറിയുന്നു, സംശുദ്ധ വിശ്വാസത്തിന്റെ മറയില്ലാത്ത സത്യങ്ങള്‍… ഇലാഹി സ്‌നേഹത്തിന്റെ നഗ്ന യാഥാര്‍ഥ്യങ്ങള്‍…
സഫയും മര്‍വയും മിനയും അറഫയും മുസ്ദലിഫയും സംസവുമെല്ലാം ഒരുപാട് ചരിത്രാനുഭവങ്ങള്‍ ഓരോ തീര്‍ത്ഥാടകനോടും നിശബ്ദമായി പങ്ക് വെക്കുന്നു. ബീവി ഹാജറയെയും പിഞ്ചിളം പൈതല്‍ ഇസ്മാഈലിനെയും മരുഭൂമിയുടെ വിജനതയില്‍ ഇട്ടേച്ച് പോയതും, സ്വപുത്രനെ ബലിയറുക്കാന്‍ തയാറായതും നംറൂദിന്റെ അഗ്നിജ്വാലയിലേക്ക് എടുത്ത് ചാടിയതുമെല്ലാം ഒരേ ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ പ്രീതി… അനശ്വരമായ മോക്ഷം..
ഭൗതികമായ സര്‍വ സമൃദ്ധിയും ആസ്വദിക്കാനും അനുഭവിക്കാനും അവസരം സിദ്ധിച്ചിട്ടും പ്രപഞ്ചനാഥന്റെ പൊരുത്തത്തിനും സ്‌നേഹത്തിനും വേണ്ടി എല്ലാ സൗഭാഗ്യങ്ങളും അവിടുന്ന് ത്യജിച്ചു. പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ കിടന്നു വെന്തുരുകി സ്ഫുടംചെയ്ത ജീവിതം, അതാണ് ആ മനുഷ്യസ്‌നേഹി സ്വപ്‌നം കണ്ടത്. സംസമിന്റെ തെളിനീരുപോലെ ഹൃദയങ്ങള്‍ക്ക് കുളിരേകി ആ ജീവിതം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

ഹജ്ജ് കര്‍മത്തിലൂടെ, ബലിപെരുന്നാള്‍ ആഘോഷത്തിലൂടെ സത്യവിശ്വാസികള്‍ ആ ധന്യ ജീവിതത്തെ സ്മരിക്കുന്നു. സര്‍വവും അല്ലാഹുവില്‍ സമര്‍പ്പിക്കാനുള്ള പ്രതിജ്ഞയെടുക്കുന്നു.
ഇലാഹീ അന്‍ത മഖ്‌സൂദീ
വരിളാക മത്‌ലൂബി..
അല്ലാഹുവേ നീയാണെന്റെ ലക്ഷ്യം നിന്റെ പൊരുത്തമാണെന്റെ തേട്ടം
ഓരോ ഹൃദയവും മന്ത്രിക്കുന്നു!
ഭൗതികതയോടുള്ള അടങ്ങാത്ത അഭിനിവേശവും വിചാര വികാരങ്ങളുമാണ് നമ്മെ ഗ്രസിച്ചിരിക്കുന്നത്. സ്വാര്‍ഥതയുടെയും താത്പര്യങ്ങളുടെയും തടവുകാരായിരിക്കുന്നു നാം. സ്‌നേഹവും സഹാനുഭൂതിയും നഷ്ടപ്പെടുത്തി മാനുഷിക ബന്ധങ്ങള്‍ക്ക് വിലയും നിലയും കല്‍പ്പിക്കാത്ത യാന്ത്രിക ജീവിതം നയിക്കുന്നവരായി നാം പരിണമിച്ചിരിക്കുന്നു. ഇതില്‍ നിന്നും വിമുക്തമായി മനുഷ്യത്വത്തിലേക്ക് വഴി നടത്താനുള്ള സന്ദേശമാണ് ഹജ്ജ് കര്‍മവും ബലിപെരുന്നാള്‍ ആഘോഷവും നല്‍കുന്നത്.

ഭൗതിക ജീവിതം ലളിതവും നിസാരവുമാണെന്ന തിരിച്ചറിവാണ് ഹജ്ജ് കര്‍മത്തിലൂടെ ഓരോ വിശ്വാസിയും നേടിയെടുക്കുന്നത്. അവര്‍ ഹൃദയം തുറന്ന് തേടുന്നതോ മനുഷ്യത്വത്തിന്റെ സര്‍വ ഗുണങ്ങളും സമ്മേളിക്കുന്ന ഒരു ഹൃദയത്തിന് വേണ്ടിയും.
നന്മയുടെ വാഹകരാകാനുള്ള വിളിയാളമാണ് ഇബ്‌റാഹിം നബി മുഴക്കിയത്. അതിന് പ്രത്യുത്തരമായി ഓരോ വര്‍ഷവും മഹാ പ്രവാഹമായി വിശ്വാസികള്‍ മക്കയിലെത്തുന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്നു.

Arafaവര്‍ഗ വര്‍ണ ദേശ ഭാഷ വൈജാത്യങ്ങള്‍ മറികടന്നും വിസ്മരിച്ചും സാഹോദര്യത്തിന്റെയും മാനവികതയുടെയും മഹത്തായ കൂട്ടായ്മ അറഫയില്‍ തീര്‍ക്കുന്നു. അറഫ നല്‍കുന്നത് പരസ്പര തിരിച്ചറിവാണ്. മനുഷ്യനാരാണെന്നും മനുഷ്യ ധര്‍മമെന്താണെന്നുമുള്ള അവബോധം. ഇത്തരം ഒരു തിരിച്ചറിവാണ് ആധുനിക ലോകത്തിന് വേണ്ടത്.

ചിലപ്പോള്‍ ഒരു വാക്കു മതി വിഷമസന്ധിയിലകപ്പെട്ട സഹോദരന് ജീവിതം കരകയറാന്‍ തിരുറസൂല്‍ മൊഴിഞ്ഞു. നല്ലൊരു വാക്ക് അതിന് സ്വദഖയുടെ ഗുണമുണ്ട്.
സഹോദരന്റെ മുഖത്ത് നോക്കി നല്ലൊരു വാക്ക് പോലും പറയാന്‍ പക്ഷേ നേരമില്ലാതായിരിക്കുന്നു. ഭാര്യയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍… മക്കളോട് ചങ്ങാത്തം കൂടാന്‍.. അയല്‍ വാസികള്‍ക്ക് സാന്ത്വനം പകരാന്‍.. മാതാപിതാക്കള്‍ക്ക് തണലേകാന്‍.. കഴിഞ്ഞെങ്കില്‍ ജീവിതം അര്‍ഥവത്താകും.

മതം നല്‍കുന്ന സന്ദേശം മാനവികതയുടെതാണ്. പെരുമാറ്റവും സമ്പര്‍ക്കവും സ്‌നേഹാര്‍ദ്രമാകുമ്പോള്‍ മനുഷ്യത്വം താനെ ഉയിരെടുക്കുമെന്നതില്‍ സംശയമില്ല.
സദ്പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുമ്പോള്‍ അനുകമ്പയും അലിവും മനസ്സില്‍ ഉറവയെടുക്കും. താനെന്ന സ്വാര്‍ഥതക്കപ്പുറം സമൂഹമെന്ന പരിഗണന രൂപപ്പെടും
നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. സഹോദരനെ പീഡിപ്പിക്കുകയോ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യരുത്. തന്റെ സഹോദരനെ ഒരാള്‍ തുണച്ചാല്‍ അല്ലാഹു അവനെ സംരക്ഷിക്കും. സ്വ സഹോദരന്റെ പ്രയാസത്തിന് പരിഹാരം കണ്ടാല്‍ അല്ലാഹു അന്ത്യനാളില്‍ സഹായിച്ചവന് പ്രത്യേക പരിഗണന നല്‍കും. സഹോദരന്റെ ദോഷം മറച്ച് വെച്ചാല്‍ പുനരുത്ഥാന നാളില്‍ അവന്റെ ദോഷവും അല്ലാഹു ഗോപ്യമാക്കും (ബുഖാരി, മുസ്‌ലിം ). പരസ്പര ബാധ്യതയെക്കുറിച്ചാണ് ഈ ഹദീസ് തര്യപ്പെടുത്തുന്നത്. ബലിപെരുന്നാളാഘോഷം വിഭവ സമൃദ്ധിയോടെ നാം കൊണ്ടാടുമ്പോള്‍ തന്റെ സഹോദരനായ അയല്‍വാസിയുടെ അവസ്ഥയെ കുറിച്ചും ആലോചിക്കേണ്ടത് നന്മയുടെ ഭാഗമാണ്.

ബലിമാംസം വിതരണം ചെയ്യുമ്പോള്‍ അവകാശികളെ പ്രത്യേകം പരിഗണിക്കണം. അവശതയനുഭവിക്കുന്ന അനേകങ്ങള്‍ സമൂഹത്തിലുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. സമൃദ്ധിയുടെ ആനന്ദവും സന്തോഷവും കുടികൊള്ളുന്നത് അപരനെ കൂടി പരിഗണിക്കുമ്പോഴാണ്.

നന്മ നിറഞ്ഞതും നിസ്വാര്‍ഥവുമായ സാഹോദര്യ ബന്ധമാണ് വളര്‍ത്തിയെടുക്കേണ്ടത്. സ്‌നേഹം സങ്കുചിത താത്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണതയെ നാം അറുത്ത് കളയണം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചായിരിക്കണം നാം മറ്റൊരാള്‍ക്ക് ഉപകാരവും സഹായവും നല്‍കേണ്ടത്. പ്രത്യുപകാരം പ്രതീക്ഷിച്ചുള്ള സഹായ സഹകരണം ഫലസിദ്ധി നേടുകയില്ല. നബി(സ്വ) അരുളി ഒരാള്‍ പ്രത്യുപകാരം ആഗ്രഹിച്ചു സഹോദരനുവേണ്ടി ശിപാര്‍ശ ചെയ്യുകയും അതിന്റെ പേരില്‍ പാരിതോഷികം സ്വീകരിക്കുകയും ചെയ്താല്‍ മഹാപാപങ്ങളിലേക്കുള്ള കവാടമാണ് അയാള്‍ തുറക്കുന്നത്(അബൂദാവൂദ്).

jamraഭൗതിക നേട്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും വേണ്ടി സ്‌നേഹബന്ധങ്ങളുടെ വേരുകള്‍ പിഴുതുമാറ്റുന്നവരുടെ പട്ടിക നീളുകയാണിന്ന്. ജീവിതം തീച്ചൂളയുടെ പരീക്ഷണങ്ങളില്‍ കിടന്ന് വെന്തരിഞ്ഞപ്പോഴും പ്രവാചക ശ്രേഷ്ഠര്‍ ഇബ്‌റാഹീം നബി (സ്വ ) കുടുംബത്തെ കൈയൊഴിയാന്‍ തയാറായില്ല എന്ന ചരിത്ര പാഠം സ്മരണീയമാണ്. ഹാജറ ബീവിയെയും മകനെയും മണല്‍ കാട്ടിന്റെ ദുര്‍ഗ്രാഹ്യതയില്‍ ഉപേക്ഷിച്ച് പോകുമ്പോഴും ആ പ്രവാചക ഹൃദയത്തില്‍ കനത്തുനിന്നത് കുടുംബ ചിന്ത തന്നെയായിരുന്നു. പക്ഷേ, സത്യവിശ്വാസത്തിന്റെ പരമമായ ജീവിത വിതാനത്തിലേക്ക് ചിറകടിച്ചുയരാന്‍ വെമ്പിയ ആ വിശുദ്ധ ജീവിതം എല്ലാം സഹിക്കുകയും ത്യജിക്കുകയുമായിരുന്നു. ഈ ത്യാഗബോധമാണ് ഇന്നിന്റെ സാമൂഹ്യാന്തരീക്ഷത്തെ നന്മയിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ നാം തിരിച്ചു പിടിക്കേണ്ടത്.

കാരുണ്യത്തിനായി യാചിക്കുന്ന മുഖങ്ങളിലേക്ക് അലിവിന്റെയും വാത്സല്യത്തിന്റെയും വിരലുകള്‍ നീട്ടാന്‍ കഴിഞ്ഞാല്‍ ജീവിതം ശോഭനമാകും. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ എല്ലാറ്റിനും മേലെയായവന്‍ നമുക്കും കരുണ ചൊരിയുമെന്നാണ് മതാധ്യാപനം.

ഉമറുബ്‌നുഖത്താബ് പറയുന്നു: ഒരിക്കല്‍ റസൂല്‍(സ്വ)ക്കു മുന്നില്‍ ഹാജരാക്കപ്പെട്ട തടവുകാരില്‍ ഒരു അടിമസ്ത്രീയുടെ പെരുമാറ്റം അല്ലാഹുവിന്റെ റസൂലിന്റെ കണ്ണ് നിറച്ചു. അക്ഷമയായിരുന്നു അവള്‍, സ്തനങ്ങളില്‍ നിറഞ്ഞ മുലപ്പാല്‍ ഒഴിവാക്കാന്‍ വല്ലാതെ പൊറുതിമുട്ടുന്നുണ്ടായിരുന്നു. കണ്ണില്‍ അകപ്പെട്ട കുഞ്ഞുങ്ങളെയെല്ലാം അവള്‍ വാരിയെടുത്തു. അവര്‍ക്ക് മുല കൊടുത്തു. ആ മാതൃവാത്സല്യം കണ്ട തിരു റസൂല്‍(സ്വ) സദസ്സ്യരോട് ചോദിച്ചു. നോക്കൂ!.. ഈ സ്ത്രീക്ക് സ്വന്തം കുഞ്ഞിനെ നരകത്തിലെറിയാന്‍ കഴിയുമോ? ഇല്ല. ഒരിക്കലും സാധിക്കില്ല.. അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. ഇതു ശ്രവിച്ച നബി(സ്വ) പറഞ്ഞു. സ്വന്തം കുഞ്ഞിനോട് വാത്സല്യം കാട്ടുന്ന പെണ്ണിനേക്കാള്‍ തന്റെ അടിമകളോട് കരുണകാട്ടുന്നവനാണ് അല്ലാഹു (ബുഖാരി). ക്രൂരനും കഠിന ഹൃദയനുമായ മനുഷ്യന്‍ അല്ലാഹുവില്‍ നിന്ന് ബഹുദൂരം അകന്ന് പോകുന്നവനാണെന്നും തിരുദൂതര്‍ വിലയിരുത്തുന്നുണ്ട്.

പിറന്ന് വീണ ഈദിന്റെ പുലരി കരുണയുടെ കവാടങ്ങള്‍ തുറക്കാനും ഇഴയറ്റുപോയ ബന്ധങ്ങള്‍ തുന്നിച്ചേര്‍ക്കാനുമുള്ള അവസരമായി നാം വിനിയോഗിക്കുക.
സര്‍വരോടും തോന്നുന്ന നന്മയാണ് കരുണ. മിത്രങ്ങളോടും സ്വകുടുംബത്തോടും മാത്രം പുലര്‍ത്തുന്ന സ്‌നേഹം കരുണയല്ല. അത് കടപ്പാടാണ്. എല്ലാ മനുഷ്യര്‍ക്കും നന്മവരണമെന്ന സദ്ചിന്തയും പ്രവൃത്തിയുമാണ് കരുണ. കരുണയുടെ ഹൃദയങ്ങളില്‍ നിന്നാണ് നന്മയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ പ്രകടമാകുക. ഹസ്‌റത്ത് ഇബ്‌റാഹീം നബി പ്രബോധന ദൗത്യം കാര്യക്ഷമതയോടെ പൂര്‍ത്തിയാക്കിയത് പ്രതിയോഗികളെ മാസ്മരികമായ വാചാലതയിലും യുക്തിബോധനത്തിലും തളച്ചിട്ടുകൊണ്ടായിരുന്നു. മുന്നില്‍ ശത്രുക്കള്‍ വൈതരണി തീര്‍ത്തപ്പോഴൊക്കെ കരുണയുടെ സ്‌നേഹ സ്പര്‍ശം കൊണ്ട് ശത്രുവിനെ കീഴ്‌പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ആ വിശുദ്ധ പ്രവാചകന്‍ ലോക ഹൃദയങ്ങളിലാണ് ജീവിക്കുന്നത്. ഹാജറ ബീവിയും ഇസ്മാഈല്‍ നബി (അ)മും ഓരോ വിശ്വാസിയുടെയും ഓര്‍മകളിലും മനസ്സുകളിലും സ്ഥിരപ്രതിഷ്ഠയാര്‍ന്ന ചരിത്ര ചിത്രങ്ങളാണ്.

ഇബ്‌റാഹീം നബി(അ) മിനെ അഗ്നിജ്വാലയില്‍ ക്രൂശിച്ച നംറൂദിനെ ഇന്നാരും ഓര്‍ക്കുന്നില്ല. ഹസ്‌റത്ത് ഇബ്‌റാഹീം നബിയെ ദിനങ്ങളിലെ അഞ്ച് നേരവും നാം സ്മരിക്കുന്നു. റൂമി പറയുന്നു: മരണപ്പെട്ടാല്‍ അന്ത്യവിശ്രമസ്ഥാനം ഭൂമിയില്‍ അന്വേഷിക്കാതിരിക്കുക. അവ മനുഷ്യഹൃദയങ്ങളില്‍ കാണുക.
നല്ലവനായിരിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രയാസമേറിയ ദൗത്യം. ഈ നന്മയെ പരിപോഷിപ്പിക്കാനാണ് ഇസ്‌ലാം ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു കൂട്ടായ്മ രൂപപ്പെടുത്തിയത്. സംഘടിത നിസ്‌കാരത്തിന്റെ ലക്ഷ്യം തന്നെ ഒത്തൊരുമയും കൂട്ടായ്മയും സൃഷ്ടിച്ചെടുക്കലാണ്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോകുന്നവന് സദ്ഗുണങ്ങളുടെയും സാമൂഹിക സേവനത്തിന്റെയും വാഹകനാകാന്‍ കഴിയില്ല. സംഘബോധം മനുഷ്യത്വത്തിലേക്കും വീണ്ടുവിചാരങ്ങളിലേക്കും നയിക്കുന്ന ഘടകമാണ്. മിത്രങ്ങളാകാനും ശത്രുത കൈയൊഴിയാനും കൂട്ടായ്മകള്‍ കളമൊരുക്കും. അതിലുപരി സദ്‌സ്വഭാവികളായ സ്‌നേഹിതന്മാരെ സമ്പാദിക്കാനും അവസരമേകും.

ചങ്ങാത്തം സത്യവിശ്വാസത്തിന്റെയും നന്മകളുടെയും അടിത്തറ പൊളിക്കുന്നതിനോ അപരന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനോ ഉപയോഗിക്കരുത്. മികച്ച ചങ്ങാതിയെ തിരുറസൂല്‍ അടയാളപ്പെടുത്തുന്നുണ്ട്.

ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അതിക്രമം കാട്ടാത്തവന്‍. സംസാരിക്കുമ്പോള്‍ കള്ളം പറയാത്തവന്‍. വാഗ്ദാനം പാലിക്കുന്നവന്‍. ഇദ്ദേഹം സല്‍സ്വഭാവിയാണ്. ഭക്തിയുള്ളവനാണ് അവനെ സ്‌നേഹിതനാക്കാം.. (മുഹമ്മദ് നബി)
സദ്‌സ്വഭാവികളായ സ്‌നേഹിതരും ചങ്ങാത്തവുമുണ്ടാകുമ്പോള്‍ വ്യക്തിജീവിതം സുകൃതങ്ങളുടെ വിളനിലമാകും.. അതുകൊണ്ടുതന്നെ നല്ലവരോടൊത്ത് സഹവസിക്കാന്‍ മതം കല്‍പ്പിക്കുന്നു; മികച്ച കൂട്ടുകാരെ തിരഞ്ഞെടുക്കാനും.

അനസ്(റ) പറയുന്നു: “നബി(സ)യോടൊപ്പം ഇരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്കു മുന്നിലൂടെ ഒരാള്‍ കടന്നുപോയപ്പോള്‍ കൂട്ടത്തിലൊരാള്‍ നബി(സ)യോട് പറഞ്ഞു. തിരുദൂതരെ! ഞാനയാളെ ഇഷ്ടപ്പെടുന്നു. അക്കാര്യം അദ്ദേഹത്തെ അറിയിച്ചോ. എന്ന് റസൂല്‍ ആരാഞ്ഞു. ഇല്ല!.. തദവസരം തിരുറസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹത്തോട് നേരില്‍ പറയുക. അയാള്‍ സദസ്സില്‍ നിന്നെഴുന്നേറ്റ് പോയി ആ സഹോദരനോട് പറഞ്ഞു. അല്ലാഹുവിനു വേണ്ടി ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു. അപരന്‍ പറഞ്ഞു. അല്ലാഹുവിന് വേണ്ടി താങ്കളെ ഞാനും ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്)

മുഹമ്മദ് നബി(സ) പറഞ്ഞു. നിങ്ങളൊരാളെ പരിചയപ്പെട്ട് പ്രിയപ്പെട്ടവരാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പേര് ചോദിച്ച് പരിചയപ്പെടണം. അയാളുടെ മാതാപിതാക്കളുടെ പേരും കുടുംബവിവരവും അറിയാന്‍ ശ്രമിക്കണം. സ്‌നേഹവും സാഹോദര്യവും അത് ശക്തിപ്പെടുത്തും. (തിര്‍മുദി)
അബൂദര്‍റുല്‍ഗിഫാരി(റ) ഒരിക്കല്‍ തിരുദൂതരോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ. ഒരു വ്യക്തിയെ ഒരാള്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു. പക്ഷേ, അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിവില്ല. തിരുനബി(സ) മറുപടി പറഞ്ഞത് ഇപ്രകാരമാണ്. അബൂദര്‍റേ, താങ്കള്‍ സ്‌നേഹിക്കുന്നവരോടൊപ്പമായിരിക്കും താങ്കള്‍ (തിര്‍മുദി).

Latest