Connect with us

Ongoing News

ആത്മസമര്‍പ്പണത്തിന്റെ ആവര്‍ത്തനം

Published

|

Last Updated

സ്‌നേഹവും പങ്കുവെക്കലുമാണ് ഓരോ ആഘോഷവും. പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കാന്‍ ആഘോഷവേളകള്‍ ഏറെ സഹായിക്കുന്നു. ബലിപെരുന്നാള്‍ ആഘോഷത്തിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു കൈകള്‍ കൊടുത്തും ആശംസകളര്‍പ്പിച്ചും ഊഷ്മള സ്‌നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്നു. അനുകരണീയമാണ് ഈ സ്‌നേഹപ്രകടനം.

ബലി പെരുന്നാള്‍ നല്‍കുന്നത് ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശമാണ്. ദൈവേച്ഛക്കു മുമ്പില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നല്‍കാന്‍ തയ്യാറായ പിതാവിന്റെയും അതു ശിരസാവഹിച്ച പുത്രന്റെയും കോരിത്തരിപ്പിക്കുന്ന ചരിത്രസ്മരണകളാണ് ബലി പെരുന്നാളില്‍ ഇരമ്പുന്നത്. പ്രവാചകനായിരുന്ന ഇബ്‌റാഹീം ഓമന പുത്രന്‍ ഇസ്മാഈലിനെ സ്‌നേഹ പരിലാളനകള്‍ നല്‍കി വളര്‍ത്തുന്ന സാഹചര്യത്തില്‍ ദൈവം ഇബ്‌റാഹീമിനെ പരീക്ഷിച്ചു. മകനെ ബലി നല്‍കാനായിരുന്നു കല്‍പ്പന. ഒരുവേള പകച്ചുപോയ നിമിഷം. ഒടുവില്‍ ദൈവ കല്‍പ്പന അംഗീകരിച്ച് അതിന് സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകന്‍ ഇബ്‌റാഹീമിന്റെ വിശ്വാസദാര്‍ഢ്യവും സന്നദ്ധതയും ആത്മസമര്‍പ്പണവും ത്യാഗവും പരീക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം. മകനെ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കപ്പെട്ട നിമിഷം തന്നെ അതില്‍നിന്നു പിന്തിരിയാന്‍ ദൈവം രണ്ടുപേരോടും കല്‍പ്പിച്ചു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ആവര്‍ത്തനമാണ് ഓരോ ബലിപെരുന്നാളിലും സംഭവിക്കേണ്ടത്.

ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയില്‍ എത്തിയവരോടുള്ള ഐക്യദാര്‍ഢ്യവും പെരുന്നാള്‍ ആഘോഷത്തിലുണ്ട്. ദരിദ്രരും ധനികരും ഒരുപോലെയാകുന്നതാണ് ഹജ്ജിന്റെ പ്രാധാന്യം. അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രവും അവരുടെ ലക്ഷ്യസ്ഥാനവും ഒന്ന് തന്നെയായി മാറുന്ന അപൂര്‍വ കാഴ്ച്ച. പെരുന്നാള്‍ തലേദിവസം തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കുമ്പോള്‍ വ്രതമെടുത്ത് മറ്റുള്ളവര്‍ അവരോട് ഐക്യദാര്‍ഢ്യപ്പെടുന്നു.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സമയബന്ധിതമായി യാത്രപോകാനുള്ള സൗകര്യം ഒരുക്കി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് പതിവായി കേള്‍ക്കുന്ന പരാതികള്‍ ഇത്തവണയുണ്ടായില്ല. പെരുന്നാള്‍ ആഘോഷത്തിന് ഇത് കൂടുതല്‍ സംതൃപ്തി പകരും.
എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍….

Latest