International
അമേരിക്കന്‍ ചാരപ്രവര്‍ത്തനം പുറത്തുകൊണ്ടുവന്ന ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് 'ഗാര്‍ഡിയന്‍' വിട്ടു

ലണ്ടന്‍: ഇ-മെയില്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സന്ദേശകൈമാറ്റ സംവിധാനങ്ങള്‍ നിരീക്ഷിച്ച അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് “ദി ഗാര്‍ഡിയന്‍” പത്രം വിട്ടു. സി ഐ എയിലെ ഉദ്യോഗസ്ഥനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ സഹായത്താലാണ് ഗ്രീന്‍വാള്‍ഡ് ലോകത്തെ ഞെട്ടിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
സ്വന്തം ബ്ലോഗിലാണ് ഗ്രീന്‍വാള്‍ഡ് തന്റെ രാജിക്കാര്യം അറിയിച്ചത്. ഗാര്‍ഡിയനുമായി ചേര്‍ന്നുള്ള തന്റെ പ്രവര്‍ത്തനം അത്യന്തം ഫലപ്രദമായിരുന്നു എന്നും ഗാര്‍ഡിയനിലെ തന്റെ കൂടെ പ്രവര്‍ത്തിച്ചവരോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും ബ്ലോഗില്‍ ഗ്രീന്‍വാള്‍ഡ് അറിയിച്ചു. എന്നാല്‍ ഏതു സ്ഥാപനത്തിലേക്കാണ് അടുത്തതായി പോവുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ അഭയം നല്‍കിയിരിക്കുകയാണിപ്പോള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്‌നോഡന് അഭയം നിഷേധിക്കുകയായിരുന്നു.
2012ലാണ് ഗ്രീന്‍വാള്‍ഡ് ഗാര്‍ഡിയനില്‍ ചേര്‍ന്നത്. പുരസ്‌കാര ജേതാവായ എഴുത്തുകാരനും സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനുള്ള ആദ്യ ഐ എഫ് സ്റ്റോണ്‍ അവാര്‍ഡ് ജേതാവുമാണ് ഗ്രീന്‍വാള്‍ഡ്.