Connect with us

Kasargod

വേഗപ്പൂട്ട്: കാസര്‍കോട്ട് ഋഷിരാജ് സിംഗ് മിന്നല്‍ പരിശോധന നടത്തി

Published

|

Last Updated

കാസര്‍കോട്: സ്വകാര്യ ബസ്സുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കാസര്‍കോട്ട് മിന്നല്‍ സന്ദര്‍ശനം നടത്തി. സ്വകാര്യ സന്ദര്‍ശനത്തിനായി മുംബൈയിലേക്ക് പോയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അവിടെ നിന്നും ഇന്നോവ ടാക്‌സിയിലാണ് കാസര്‍കോട്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് സ്വകാര്യ ബസുകള്‍ പരിശോധിച്ചത്. ചില ബസ്സുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മിന്നല്‍ സന്ദര്‍ശനത്തിനിറങ്ങിയത്. ഇതിന്റെ ഭാഗമായിരുന്നു കാസര്‍കോട്ടെത്തിയത്.
ആര്‍ ടി ഒ. പി ടി എല്‍ദോ, എം വി ഐ. ടി ജെ തങ്കച്ചന്‍, എ എം വി സി എ പ്രദീപ് കുമാര്‍ എന്നിവര്‍ ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. അപകടങ്ങള്‍ തടയാനാണ് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയാണ് ഋഷിരാജ് സിംഗ് മടങ്ങിയത്.
തിരുവനന്തപുരം വരെ ടാക്‌സിയിലാണ് കമ്മീഷണറുടെ യാത്ര. മഞ്ചേശ്വരം ആര്‍ ടി ഒ ചെക്ക്‌പോസ്റ്റിലെത്തിയപ്പോള്‍ കാറിലിരുന്ന് ഡ്രൈവറെ ചെക്ക് പോസ്റ്റിലേക്ക് പറഞ്ഞയച്ചു.
രേഖകള്‍ കാണിച്ച് കൃത്യമായ ടാക്‌സ് വാങ്ങിയാണ് ചെക്ക് പോസ്റ്റ് അധികൃതര്‍ ഡ്രൈവറെ വിട്ടത്. ഈ കൃത്യനിഷ്ഠ തന്നില്‍ അത്ഭുതമുണ്ടാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ടി ഒയോട് പറഞ്ഞു. പാറക്കട്ട എ ആര്‍ ക്യാമ്പിനടുത്ത് എത്തി ആര്‍ ടി ഒയെ ഫോണ്‍ ചെയ്യുമ്പോഴാണ് കമ്മീഷണര്‍ കാസര്‍കോട്ടെത്തിയ വിവരം അധികൃതര്‍ അറിയുന്നത്.

 

Latest