National
അടിമവേലക്കെതിരെ ശക്തമായ നടപടി: മന്ത്രി ജയറാം രമേശ്
ന്യൂഡല്‍ഹി: അടിമസമാനമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമ വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. ലോകത്താകെയുള്ള അടിമ തൊഴിലാളികളുടെ പകുതിയും ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ആധുനിക കാലത്തെ അടിമവേലക്ക് സമാനമായ ബോന്‍ഡഡ് തൊഴില്‍ അടക്കമുള്ള തൊഴില്‍ മേഖലകളില്‍ കഴിയുന്നവരെ കണ്ടെത്തി ബദല്‍ ജീവിതമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ഗുരുതരമായ നിലയിലുള്ള 10 ജില്ലകളില്‍ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യ(എന്‍ ആര്‍ എല്‍ എം) ത്തിന്റെ ഭാഗമായി പുനരധിവാസ പരിപാടികള്‍ നടപ്പാക്കും. ബീഹാറിലെ ഗയ, ഛത്തീസ്ഗഢിലെ ബസ്താര്‍, കൊണ്ടഗാവ്, ആന്ധ്ര പ്രദേശിലെ പ്രകാശം, ചിറ്റൂര്‍, തമിഴ്‌നാട്ടിലെ കാഞ്ചിപുരം, വെല്ലൂര്‍, ഒഡീഷയിലെ ബോലാംഗിര്‍, ബാര്‍ഗഡ്, ഝാര്‍ഖണ്ഡിലെ ഗുംല എന്നിവയാണ് ഈ പത്ത് ജില്ലകള്‍. ഈ ജില്ലകളില്‍ പഴുതടച്ചുള്ള സര്‍വേ നടത്തും. അടിമ വേല ചെയ്യുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ ഈ സര്‍വേകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി രമേശ് പറഞ്ഞു. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ഉപയോഗിച്ചാകും സര്‍വേ സംഘടിപ്പിക്കുക.