Connect with us

Gulf

ഹജ്ജിന് പരിസമാപ്തി

Published

|

Last Updated

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ സന്തോഷകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞ ഹാജിമാര്‍ വിശുദ്ധ മക്കയോടും കഅബാലയത്തോടും വിട പറയാനുള്ള ഒരുക്കത്തിലാണ്. ഭാഷാ വൈജാത്യമോ വലിപ്പച്ചെറുപ്പമോ ഇല്ലാതെ സ്രഷ്ടാവിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശം ഹൃദയത്തിലേറ്റെടുത്താണ് ഓരോ ഹാജിയും മടങ്ങാനൊരുങ്ങുന്നത്. ലോകത്തിലെ വിവിധ ദിക്കുകളില്‍ നിന്നു വന്ന, ഭാഷയിലും വര്‍ണത്തിലും ആകാരത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ജനലക്ഷങ്ങള്‍ക്ക് വിശുദ്ധ ഭൂമികളില്‍ തീര്‍ത്ത സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വര്‍ണനാതീതമായ അനുഭവമാണ് നെഞ്ചോടു ചേര്‍ത്തു കൊണ്ടുപോകാനുള്ളത്.

ചരിത്രങ്ങളുറങ്ങിക്കിടക്കുന്ന അറഫയും മുസ്ദലിഫയും മിനാ താഴ്‌വരയുമെല്ലാം തീര്‍ഥാടകരുടെയുള്ളില്‍ പ്രോജ്ജ്വലമായി അടയാളപ്പെട്ടു കിടക്കുന്നു. ഹസ്രത്ത് ഇബ്‌റാഹീം പ്രവാചകന്റെ പ്രൗഢോജ്ജ്വല ചരിത്രവും പ്രിയ പത്‌നി ഹാജറയുടെയും മകന്‍ ഇസ്മാഈലിന്റെയും ത്യാഗത്തിന്റെ കഥ പറയുന്ന ചരിത്ര ഭൂമികളും സംസം തീര്‍ഥ ജലവും വിശുദ്ധ മക്കയും മുത്ത്‌നബിയുടെ പുണ്യ മദീനയുമെല്ലാം പകര്‍ന്നു തന്ന അനുഭൂതിയുടെ ചെപ്പുകള്‍ സ്മൃതിപഥങ്ങളില്‍ സൂക്ഷിച്ചുവെച്ച തീര്‍ഥാടകര്‍, പുണ്യ ഭൂമികളോട് വിട പറയുന്നതിന്റെ ഹൃദയവേദനയിലാണ്.
വെള്ളിയാഴ്ചയോടെ മൂന്നാം ദിവസത്തെ ജംറകളിലെ കല്ലേറും പൂര്‍ത്തിയായതോടെ ഹജ്ജിന്റെ കര്‍മങ്ങള്‍ അവസാനിച്ചു. പകുതിയോളം തീര്‍ഥാടകര്‍ രണ്ട് ദിവസത്തെ ഏറ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച തന്നെ മക്കയിലേക്കു തിരിച്ചിരുന്നു. ഇനി മക്കയോടു യാത്ര പറയുമ്പോള്‍ അവസാനമായി ചെയ്യുന്ന ത്വവാഫായ “ത്വവാഫുല്‍ വിദാഅ് ” നിര്‍വഹിക്കാനുള്ള ഒരുക്കത്തിലാണ് ഹാജിമാര്‍. വെള്ളിയാഴ്ച തൊട്ടേ സ്വദേശങ്ങളിലേക്കുള്ള മടക്കം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഞായറാഴ്ച മുതല്‍ മടക്കം തുടങ്ങും. ഹജ്ജിനു മുമ്പ് പ്രവാചക നഗരി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലേക്കു യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പാപക്കറകളെല്ലാം കഴുകിക്കളഞ്ഞ് നേടിയെടുത്ത വിശുദ്ധി, ജീവിതത്തിലുടനീളം തുടരാനാകട്ടേയെന്ന പ്രാര്‍ഥനയാണ് ഹാജിമാര്‍ക്ക്. വിശുദ്ധ മണ്ണിനോടു വിട പറയാനാകാതെ, കഅബാലയത്തിന്റെ ചാരത്തിരുന്ന് വിതുമ്പിക്കരയുന്ന തീര്‍ഥാടകരെ കാണാം. ചിലര്‍ ഒരിക്കല്‍ കൂടി ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനായി വരിയില്‍ നില്‍ക്കുന്നു. വേറെ ചിലര്‍ ഹിജ്ര്‍ ഇസ്മാഈലിനകത്ത് കഅബാലയത്തിന്റെ ചുമരില്‍ കൈകളമര്‍ത്തി കണ്ണീര്‍ വാര്‍ക്കുന്നു. എങ്ങും വികാരതീവ്രമായ രംഗങ്ങളാണ് കാണാനാകുന്നത്.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തെ സഊദി അധികൃതര്‍ ആശങ്കയോടെണ് കണ്ടിരുന്നത്. മസ്ജിദുല്‍ ഹറാം വിപുലീകരണവും മത്വാഫ് വികസനവുമെല്ലാം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം ചില നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു.
ജംറാ സമുച്ചയം മുന്‍ വര്‍ഷം തന്നെ തുറന്നു കൊടുത്തതിനാല്‍ മിനായില്‍ ഹാജിമാരുടെ നീക്കങ്ങളെല്ലാം നിയന്ത്രണ വിധേയവും സുഗമവുമായിരുന്നു. ഒരു ലക്ഷത്തില്‍ പരം സന്നദ്ധ ഭടന്‍മാരും വളണ്ടിയര്‍മാരുമായിരുന്നു മിനായടക്കമുള്ള പുണ്യ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നത്. നാലായിരത്തോളം മലയാളി വളണ്ടിയര്‍മാരും ആയിരത്തില്‍ പരം പാക് വളണ്ടിയര്‍മാരും മക്കയിലും മിനായിലും ഇവരുടെ സഹായത്തിനുണ്ടായിരുന്നു.