Gulf
മാപ്പിളപ്പാട്ടുകളുടെ തേന്‍മഴ പെയ്ത് എ.വി. മുഹമ്മദ് അനുസ്മരണം
ജിദ്ദ: മാപ്പിളപ്പാട്ട് ശാഖയിലെ ഇതിഹാസമായ എ.വി. മുഹമ്മദിനെ അനുസ്മരിക്കാന്‍ ജിദ്ദയില്‍ സംഘടിപ്പിച്ച സംഗീതമേള തനത് മാപ്പിളപ്പാട്ടുകളുടെ ആലാപനം കൊണ്ട് സമ്പന്നമായി. എ.വി. മുഹമ്മദിന്റെ പുത്രന്‍ എ.വി. റാഫി പിതാവ് അനശ്വരമാക്കിയ ഏതാനും ജനപ്രിയ ഗാനങ്ങള്‍ അതിന്റെ തനിമയോടെ ആലപിച്ചത് സദസിന് അപൂര്‍വ വിരുന്നൊരുക്കി. എ.വി. മുഹമ്മദുമായി ചേര്‍ന്ന് നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകന്‍ എം.എസ് ബാബു രാജിന്റെ മകന്‍ സുല്‍ഫീക്കര്‍ തബല വായിക്കാനുണ്ടായതിലൂടെ രണ്ടുപേരുടേയും മക്കളുടെ അപൂര്‍വ ഒത്തുചേരലിലിനും ഈ സംഗമം സാക്ഷിയായി. കെ.ടി. അബ്ദുല്‍ ഹഖ്് ഹിന്ദി ഗാനങ്ങളും മാപ്പിള ഗാനങ്ങളും അവതരിപ്പിച്ച് സദസിന്റെ പ്രശംസ പിടിച്ചുപററി. രെഹ്‌ന സലീം, മന്‍സൂര്‍ എടവണ്ണ, അഷ്‌റഫ് വലിയോറ, സോഫിയ സുനില്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
സെന്‍ചുറി ഫൈന്‍ ആര്‍ട്‌സും ഇസസ ആര്‍ട്‌സും സംയുക്തമായി സംഘടിപ്പിച്ച സംഗീതമേളക്ക് മുസ്തഫ മലയില്‍, സലീം വാണിയമ്പലം എന്നിവര്‍ നേതൃത്വം നല്‍കി. ഉമ്മര്‍ അഞ്ചച്ചവിടി എ.വി. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്മാന്‍ പാണ്ടിക്കാട്,സമദ് കാരാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹമീദ് കുണ്ടോട്ടി സ്വാഗതം ആശംസിച്ചു. ഹസന്‍ കുണ്ടോട്ടി നന്ദി പറഞ്ഞു.