Connect with us

International

അമേരിക്ക ഫ്രഞ്ച് പൗരന്‍മാരുടെ ഫോണുകളും ചോര്‍ത്തി

Published

|

Last Updated

പാരീസ്: ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി എഡ്വേര്‍ഡ് സ്‌നോഡന്റെ പുതിയ വെളിപ്പെടുത്തല്‍. മുന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥനും അമേരിക്കയുടെ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഫ്രഞ്ച് ദിനപത്രമായ ലെ മൊന്‍ഡെയാണ് പുറത്തുവിട്ടത്.
2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ ഫ്രഞ്ച് പൗരന്‍മാരുടെ കോടിക്കണക്കിന് ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് സ്‌നോഡന്‍ വ്യക്തമാക്കി. മുപ്പത് ദിവസത്തിനിടെ 7.3 കോടി ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നോഡന്‍ പറഞ്ഞത്. റഷ്യയില്‍ നിന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഫ്രാന്‍സിലെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൗരന്‍മാര്‍ക്ക് പുറമെ സാധാരണക്കാരുടെയും ബിസ്‌നസ്, നയതന്ത്ര മേഖലയിലെ പ്രമുഖരുടെയും ഫോണ്‍ കോളുകള്‍ യു എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രത്യേക സംഘം ചോര്‍ത്തിയിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ആര് ആരോട് സംസാരിക്കുന്നുവെന്ന് മാത്രമാണ് നിരീക്ഷിച്ചതെന്നാണ് കരുതുന്നത്. സ്‌നോഡന്‍ എന്‍ എസ് എയില്‍ പ്രവര്‍ത്തിക്കുന്ന സമയത്തുള്ള വിവരമാണിതെന്നും ചോര്‍ത്തല്‍ ഇപ്പോഴും തുടരാന്‍ സാധ്യതയുണ്ടെന്നും പത്ര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു.
മുന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ഫിലിപെ കല്‍ഡെറോണിന്റെ ഇമെയില്‍ വിവരങ്ങള്‍ എന്‍ എസ് എ ചോര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്‌നോഡന്റെ പുതിയ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം തന്നെ തങ്ങളുടെ പൗരന്‍മാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ലെ മൊന്‍ഡെ രണ്ട് മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മെയിലാണ് അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച നിര്‍ണായക വിവരങങ്ങള്‍ പുറത്തുവിട്ടത്.

ശക്തമായ പതിഷേധവുമായി ഫ്രാന്‍സ്‌

പാരീസ്: ഫ്രഞ്ച് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായ ഫ്രാന്‍സ് ഭരണ നേതൃത്വം രംഗത്തെത്തി. വെളിപ്പെടുത്തലിനെ തുടര്‍ന്ന് യു എസ് അംബാസഡറെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
പൗരന്‍മാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി സഖ്യ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്തരം വ്യവഹാരങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫാബിയസ് വ്യക്തമാക്കി. വെളിപ്പെടുത്തലിനെ കുറിച്ച് അമേരിക്ക ഔദ്യോഗിക വിശദീകരണം ഉടന്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി മാന്വല്‍ വാല്‍സ് അഭിപ്രായപ്പെട്ടു.
സൗഹൃദ രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങള്‍ പോലും ചോര്‍ത്തുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest