National
നുഴഞ്ഞുകയറ്റങ്ങള്‍ക്ക് പിന്നില്‍ ഹാഫിസ് സഈദ്: ഷിന്‍ഡെ
ജമ്മു: പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്‍കി ജമ്മു കാശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനം. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ഇക്കാര്യത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമത്തിന് പിന്നില്‍ ലഷ്‌കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സഈദാണെന്നും ഷിന്‍ഡെ പറഞ്ഞു.
മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണമെന്ന പാക്കിസ്ഥാന്റെ നിലപാട് സ്വീകാര്യമല്ല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് നെഹ്‌റുവിന്റെ കാലം മുതല്‍ തുടരുന്ന ദൃഢനിലപാടാണ്. ഷിംല കരാര്‍ അനുസരിച്ച്, ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ നയതന്ത്ര മാര്‍ഗത്തിലൂടെയാണ് പരിഹരിക്കേണ്ടത്. ബി എസ് എഫ് ജവാന്‍മാര്‍ യഥാര്‍ഥ ദേശീയ വീരന്‍മാരാണെന്ന് സാംബയിലെ ബി എസ് എഫിന്റെ 68 ബറ്റാലിയന്‍ ആസ്ഥാനത്ത് സംസാരിക്കവെ അദ്ദേഹം വിശേഷിപ്പിച്ചു. സൈനികരുടെ കഠിനാധ്വാനവും സമര്‍പ്പണവും ശ്ലാഘനീയമാണ്. സൈനികരുടെ സമര്‍പ്പണത്തിലാണ് രാജ്യത്തിന്റെ പരമാധികാരവും ഐക്യവും നിലകൊള്ളുന്നത്. “പാക് സൈന്യം നിങ്ങളുടെ ഉറക്കം കെടുത്തുന്നു. എന്നാല്‍ നിങ്ങള്‍ ധൈര്യം ഉപയോഗിച്ച് അത്തരം പ്രകോപനങ്ങള്‍ക്ക് ചുട്ട മറുപടിയും നല്‍കുന്നു. രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം നിങ്ങളെ അറിയിക്കുകയാണ്. രാജ്യമൊന്നടങ്കം നിങ്ങളോടൊപ്പമാണ്.” ഷിന്‍ഡെ പറഞ്ഞു.
അര്‍ധ സൈനിക വിഭാഗത്തിന്റെ ആവശ്യങ്ങള്‍ മന്ത്രാലയത്തിന്റെ അടിയന്തര പരിഗണനയിലാണെന്നും ഉടനെ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുരേഷ് കുമാര്‍, ഡി ജി പി അശോക് പ്രസാദ് എന്നിവരോടൊപ്പം ഷിന്‍ഡെ ബസന്തര്‍, ഉജ്ജനുല്ല, തേര്‍ണി തുടങ്ങിയ നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി. കത്വ, സാംബ ജില്ലകളിലെ മറ്റ് സ്ഥലങ്ങളു കഴിഞ്ഞ മാസം 26ന് ചാവേറാക്രമണം ഉണ്ടായ ഹിരാനഗര്‍ പോലീസ് സ്റ്റേഷനും അദ്ദേഹം സന്ദര്‍ശിച്ചു.
അതേസമയം, പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. ഹാമിര്‍പൂര്‍, ഭീംബര്‍ ഗലി സബ് സെക്ടറുകളിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യം ഉടനെ തിരിച്ചടിച്ചു.