Connect with us

Kozhikode

ചേളാരി വിഭാഗം നേതാവ് ശിയാ ആഘോഷത്തിന്

Published

|

Last Updated

തിരൂരങ്ങാടി: ചേളാരി വിഭാഗം നേതാവ് ഇറാനില്‍ നടക്കുന്ന ശിയാക്കളുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നു. ചേളാരി വിഭാഗം വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ചെമ്മാട്ടെ ദാറുല്‍ഹുദാ അക്കാദമി വൈസ് ചാന്‍സലറുമായ ബഹാഉദ്ദീന്‍ കൂരിയാടാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടക്കുന്ന ശിയാക്കളുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നത്.
ശിയാക്കളുടെ സുപ്രധാന ആഘോഷമായ ഈദുല്‍ ഗദീറിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലാണ് ഇദ്ദേഹം പങ്കെടുക്കുന്നത്. ടെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിയാ സംഘടനയായ ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ സുന്നി പക്ഷത്തെ പ്രതിനിധാനം ചെയ്താണ് സംബന്ധിക്കുന്നതെന്നാണ് ദാറുല്‍ഹുദാ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നത്. പരിപാടിയില്‍ ബഹാഉദ്ദീന്‍ അല്‍ഗദീറിനെകുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നുമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ഗള്‍ഫ് നാടുകളില്‍ നടത്തിയ പര്യടനം വിവാദമായിരുന്നു. സലഫി പ്രവര്‍ത്തകനാണെന്ന് കാണിച്ച് മുജാഹിദ് നേതാവ് ഐദീദ് തങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് തങ്ങളുടെ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയതെന്ന് പറഞ്ഞ് ഒരു വിഭാഗം മുജാഹിദുകള്‍ രംഗത്ത് വന്നിരുന്നു. മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പ് സമയത്ത് മടവൂര്‍ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് സലഫി സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുജാഹിദ് നേതാവിനെ ഒരു വിഭാഗം അണികള്‍ രൂക്ഷമായി വിമര്‍ശിക്കുകയും പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.