Ongoing News
ഇന്ത്യ-ആസ്‌ത്രേലിയ നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍
റാഞ്ചി: കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിച്ചീന്തി ആസ്‌ത്രേലിയ മുന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നാടായ റാഞ്ചിയില്‍ ഇന്ത്യ ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ഇന്നിറങ്ങും. ഭയപ്പാട് ഒന്ന് മാത്രം- 300 റണ്‍സിന് മുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീണ്ടും വഴങ്ങുമോ ? ആരോന്‍ ഫിഞ്ചും ജോര്‍ജ് ബെയ്‌ലിയും മാക്‌സ്‌വെലും ഫോക്‌നറും വാട്‌സനും അടങ്ങുന്ന വെടിക്കെട്ട് ബാറ്റിംഗ് ലൈനപ്പ് ഇന്ത്യന്‍ ബൗളര്‍മാരെ അത്രമാത്രം സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുന്നു. ഏഴ് മത്സര പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഓസീസിനെതിരെ തിരിച്ചുവരവാണ് ധോണിപ്പട ലക്ഷ്യമിടുന്നത്. ഹോംഗ്രൗണ്ടില്‍ രണ്ടാമത്തെ മാത്രം രാജ്യാന്തര മത്സരത്തിനിറങ്ങുന്ന ധോണി പ്രതീക്ഷയിലാണ്.
പൂനെയില്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ധോണി സെഞ്ച്വറിത്തിളക്കത്തിലായിരുന്നു. പക്ഷേ, നാല്‍പ്പത്തെട്ടാം ഓവറില്‍ ഇഷാന്ത് ശര്‍മയെ വേലിക്കെട്ടിന് പുറത്തേക്ക് തലങ്ങും വിലങ്ങും പ്രഹരിച്ച ഫോക്‌നര്‍ മത്സരം തട്ടിയെടുത്തു. ലെഗ് സൈഡ് ബൗണ്ടറിയില്‍ ഒമ്പത് ഫീല്‍ഡര്‍മാരെ നിരത്തിയാണ് ധോണി തന്ത്രമൊരുക്കിയതെങ്കിലും ഫോക്‌നര്‍ അവരുടെ തലക്ക് മുകളിലൂടെ പന്ത് പറത്തി. ബൗളറുടെ ആത്മവിശ്വാസത്തെയായിരുന്നു ഫോക്‌നര്‍ ബൗണ്ടറി കടത്തിയത്.
റാഞ്ചിയിലെ ആദ്യ രാജ്യാന്തര മത്സരത്തില്‍ ഇംഗ്ലണ്ടിനെ 42.2 ഓവറില്‍ 155ന് പുറത്താക്കിയ ചരിത്രമാണ് ഇന്ത്യന്‍ ബൗളിംഗ് നിരക്കുള്ളത്. എന്നാല്‍, ഏകദിനത്തിലെ പുതിയ നിയമം ബൗളര്‍മാരെ തല്ല് വാങ്ങികളാക്കുന്നു. രണ്ട് ന്യുബോളുകള്‍. ഡീപില്‍ അഞ്ച് ഫീല്‍ഡര്‍മാര്‍ക്ക് പകരം നാല് പേരിലേക്ക് ചുരുക്കിയത്. ഇതെല്ലാം പേസര്‍മാര്‍ക്ക് തിരിച്ചടിയാണ്.
സ്ലോഗ് ഓവറുകളില്‍ മോശം സ്‌പെല്ലുകള്‍ വഴി ധാരാളം റണ്ണൊഴുകുന്നത് തടയുക എന്നതാണ് ഇന്ത്യ ചെയ്യേണ്ടത്. ഇഷാന്ത് ശര്‍മയും ആര്‍ വിനയ് കുമാറുമാണ് റണ്‍ വിട്ടുകൊടുക്കുന്നതില്‍ ധാരാളിത്തം കാണിക്കുന്നത്. ഒരോവറില്‍ ഏഴ് റണ്‍സിലേറെയാണ് ഇവര്‍ നല്‍കുന്നത്. ഭുവനേശ്വര്‍ കുമാറിന്റെ 5.37 ഇക്കോണമി പ്രതീക്ഷാനിര്‍ഭരം.
നാലാം ഏകദിനത്തിനുള്ള ടീമില്‍ ഇഷാന്ത് ശര്‍മയെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ജയദേവിന് അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. കൂടാതെ, ലെഗ് സ്പിന്നര്‍ അമിത് മിശ്രയും പ്ലെയിംഗ് ഇലവനിലേക്ക് മത്സരിക്കുന്നു. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് തകര്‍ത്തുവിട്ട രവീന്ദ്ര ജഡേജയുടെ മറ്റൊരു തകര്‍പ്പന്‍ പ്രകടനം ടീം പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ഫഌറ്റ് പിച്ചുകളില്‍ റണ്ണൊഴുക്ക് തടയുക പ്രയാസകരമാണ്. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി 1864 റണ്‍സാണ് പിറന്നത്. ജയ്പൂരിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 44 ഓവറില്‍ 360 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് സൂചിപ്പിക്കുന്നത് ഒരു ഭീമന്‍ സ്‌കോറും ഭദ്രമല്ലെന്നാണ്. മൊഹാലിയില്‍ ധോണി പുറത്തെടുത്ത ഇന്നിംഗ്‌സ് മികച്ചതായിരുന്നു. 76/4, 154/6 എന്നിങ്ങനെ തകര്‍ന്ന ഇന്ത്യയെ 139 നോട്ടൗട്ട് ഇന്നിംഗ്‌സുമായി ധോണി മുന്നൂറിന് മുകളിലെത്തിച്ചു.
റാഞ്ചിയില്‍ ധോണി നാട്ടുകാര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. 52 പന്തില്‍ സെഞ്ച്വറിയടിച്ച വിരാട് കോഹ് ലിയും മികച്ച ഫോമിലുള്ള രോഹിത് ശര്‍മയും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയാണ്. ട്വന്റിട്വന്റിയില്‍ പുറത്താകാതെ 77 റണ്‍സടിച്ച യുവരാജ് സിംഗില്‍ നിന്ന് ഇനിയുമൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് വന്നിട്ടില്ല. നിര്‍ണായക സമയത്ത് യുവരാജ് ഉണരുമെന്ന് തന്നെയാണ് ധോണി വിശ്വസിക്കുന്നത്.
ഓപണിംഗ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമെടുത്താല്‍ ആസ്‌ത്രേലിയക്ക് സ്ഥിരതയുണ്ട്. 56,110, 74, 68 എന്നിങ്ങനെയാണ് ഇന്ത്യന്‍ പര്യടനത്തില്‍ അവരുടെ പ്രകടനം. ശിഖര്‍ധവാനും രോഹിത് ശര്‍മയും ചേരുന്ന ഇന്ത്യന്‍ സഖ്യത്തിന്റെത് 12,26,176,14 എന്നിങ്ങനെയാണ്.
സാധ്യതാ ലൈനപ്പ്:
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, വിനയ് കുമാര്‍, ഇഷാന്ത് ശര്‍മ/ജയദേവ് ഉനാത്കാദ്.
ആസ്‌ത്രേലിയ: ആരോന്‍ ഫിഞ്ച്, ഫിലിപ് ഹ്യൂസ്, ഷെയിന്‍ വാട്‌സന്‍, ജോര്‍ജ് ബെയ്‌ലി(ക്യാപ്റ്റന്‍), ആദം വോഗ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബ്രാഡ് ഹാഡിന്‍ (വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്‌നര്‍, മിച്ചല്‍ ജോണ്‍സന്‍, ക്ലിന്റ് മക്‌ഗേ, സാവിയര്‍ ദൊഹര്‍തി.