National
ഇന്ത്യന്‍ ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു
ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് വിശ്വാസികള്‍ മക്കയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടക്കയാത്ര ആരംഭിച്ചു. 234 ഇന്ത്യന്‍ തീര്‍ഥാടകരുമായി ആദ്യ വിമാനം ജിദ്ദയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച പുറപ്പെട്ടിരുന്നു. ഇന്ത്യയിലെ 20 സ്ഥലങ്ങളിലേക്ക് 421 വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.
എയര്‍ ഇന്ത്യയില്‍ 46,401 ഉം സഊദി എയര്‍ലൈന്‍സില്‍ 74,937 ഉം തീര്‍ഥാടകരാണ് ഇന്ത്യയിലേക്ക് മടങ്ങുകയെന്ന് ഇവര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് പ്രവാചകന്‍(സ)യുടെ മദീനയിലെ റൗള സന്ദര്‍ശിക്കാനുള്ള മുഴുവന്‍ ഗതാഗത സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 59,230 പേര്‍ മദീന സന്ദര്‍ശിക്കും. ഇതുവരെ മൂന്ന് ഇന്ത്യക്കാരെയാണ് കാണാതായിരിക്കുന്നത്. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ഇവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഹജ്ജ് കര്‍മത്തിനെത്തിയ തീര്‍ഥാടകരില്‍ 95 പേര്‍ മക്കയില്‍ വെച്ച് മരിച്ചിട്ടുണ്ട്. 923 പേരെ വിവിധ കാരണങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൊത്തം 1,36,000 പേര്‍ ഇന്ത്യയില്‍ നിന്ന് തീര്‍ഥാടനത്തിനെത്തിയിരുന്നു.