International
ഇന്ത്യ-ചൈന അതിര്‍ത്തി കരാര്‍
**കള്ളക്കടത്ത് തടയാന്‍ സംയുക്ത പരിശോധന
**നദീജല തര്‍ക്കപരിഹാരത്തിന് കരാര്‍
ബീജിംഗ്:”അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ (ബി ഡി സി എ) ഉള്‍പ്പെടെ ഇന്ത്യയും ചൈനയും ഒന്‍പത് സുപ്രധാന കരാറുകളില്‍ ഒപ്പ് വെച്ചു. പ്രതിരോധ സെക്രട്ടറി ആര്‍ കെ മാത്തൂറും ചൈനീസ് സംയുക്ത സേനാ ഉപ മേധാവി ലഫ്റ്റനന്റ് ജനറല്‍ സണ്‍ ജിയാംഗോയുമാണ് പ്രതിരോധ സംബന്ധമായ കരാറില്‍ ഒപ്പ് വെച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗിന്റെയും സാന്നിധ്യത്തിലായിരുന്നു കറാറില്‍ ഒപ്പു വെച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് സൈന്യം ലഡാക്കിലെ ഡെപ്‌സാംഗ് താഴ്‌വരയില്‍ കൈയേറ്റം നടത്തി തമ്പ് നിര്‍മിച്ചതിന് ശേഷം ഇന്ത്യയുമായി നിലനില്‍ക്കുന്ന നയതന്ത്ര സംഘര്‍ഷത്തിനൊടുവിലാണ് ഇരു രാജ്യങ്ങളും ഈ സുപ്രധാന കരാറില്‍ എത്തിയിരിക്കുന്നത്.
ഉഭയകക്ഷി ധാരണ അനുസരിച്ചും നിയമാനുസൃതമായും മാത്രമേ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാടുള്ളൂവെന്ന് കരാറില്‍ പറയുന്നു. പരസ്പരം വിവരങ്ങള്‍ കൈമാറിയശേഷം മാത്രമേ അതിര്‍ത്തിയില്‍ സൈനികാഭ്യാസങ്ങള്‍ നടത്തുകയുള്ളൂ. ആയുധ കള്ളക്കടത്ത് തടയാന്‍ സംയുക്ത പരിശോധന നടത്തുക, നിയന്ത്രണരേഖ മുറിച്ചു കടക്കുന്ന ആളുകളെയും വിമാനങ്ങളെയും കണ്ടെത്താന്‍ പരസ്പരം വിവരങ്ങള്‍ കൈമാറുക തുടങ്ങിയവയാണ് കരാറില്‍ നല്‍കുന്ന ഉറപ്പുകള്‍. അതിര്‍ത്തി സഹകരണ കരാര്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ അതിര്‍ത്തി രക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ഫഌഗ് മീറ്റിംഗുകള്‍ സംഘടിപ്പിക്കുക, സേനാ മേധാവികളുടെയും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുക, ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ സൈന്യങ്ങളെ പരസ്പരം പങ്കെടുപ്പിക്കുക തുടങ്ങിയവയാണ് അതിര്‍ത്തി സഹകരണ കരാറിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍. സേനകള്‍ക്കിടയിലും പ്രതിരോധ സ്ഥാപനങ്ങള്‍ക്കിടയിലും ഹോട്ട് ലൈ ന്‍ സംവിധാനം സ്ഥാപിക്കാനും അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തില്‍ പരസ്പരം സഹകരിക്കാനും ധാരണയായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നദീജല തര്‍ക്കം പരിഹരിക്കുന്നതിനുള്ള കരാറിലും ഇരുപക്ഷവും ഒപ്പ് വെച്ചു. പ്രകൃതി ദുരന്തവും പകര്‍ച്ചവ്യാധികളും തടയാനും പരസ്പരം സഹകരിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.
ഇന്ത്യയും ചൈനയും പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ ലോകം മുഴുവന്‍ അത് ശ്രദ്ധിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം ഡോ. മന്‍മോഹന്‍ സിംഗും ലി കെക്വിയാംഗും പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പുതിയ കരാര്‍ ഉപകരിക്കുമെന്ന് ലി പ്രത്യാശ പ്രകടിപ്പിച്ചു. തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ സഹകരണം ശക്തമാക്കാനും ധാരണയായി.
വ്യാപാര ശിഷ്ടത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രതികൂലാവസ്ഥ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലിയെ മന്‍മോഹന്‍ സിംഗ് ധരിപ്പിച്ചു. കൂടുതല്‍ സാമ്പത്തിക സഹകരണം സൃഷ്ടിക്കുന്നതിലൂടെ ഈ പ്രശ്‌നം മറികടക്കാനാകുമെന്ന് ലി കെക്വിയാംഗ് മറുപടി നല്‍കി.
ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായും സിംഗ് കൂടിക്കാഴ്ച നടത്തി. സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സിംഗ് ഇന്ന് പ്രസംഗിക്കും. റഷ്യന്‍ സന്ദര്‍ശന ശേഷമാണ് മന്‍മോഹന്‍ സിംഗ് ചൈനയില്‍ എത്തിയത്.