Kannur
ഓണപ്പറമ്പ് മദ്‌റസ തീവെപ്പ്: വാദി പ്രതിയാകുന്നു
തളിപ്പറമ്പ്: ഓണപ്പറമ്പില്‍ ചേളാരി വിഭാഗത്തിന്റെ മദ്‌റസ അഗ്നിക്കിരയാക്കപ്പെട്ട സംഭവത്തില്‍ വാദി തന്നെ പ്രതിയാകുന്നു. ചേളാരി വിഭാഗം തന്നെയാണ് മദ്‌റസക്ക് തീവെച്ചതെന്ന സുന്നികളുടെ നിലപാട് ശരിവെക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്തതില്‍ നിന്നും ശാസ്ത്രീയ രീതിയിലുള്ള അന്വേഷണത്തില്‍ നിന്നും ഇ കെ വിഭാഗം നടത്തിയ ആസൂത്രിത നീക്കമാണ് മദ്‌റസ തീവെപ്പെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പ്രതികള്‍ അറസ്റ്റിലാകുമെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള മദ്‌റസക്ക് തീവെക്കപ്പെട്ടത്. തുടര്‍ന്ന് എ പി സുന്നികളാണ് തീവെച്ചതെന്ന ആരോപണവുമായി ചേളാരി വിഭാഗം രംഗത്തെത്തുകയും പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം കെ അബ്ദുല്‍ കരീം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കണ്ണൂരില്‍ ചേളാരി വിഭാഗം അടുത്തിടെ നടത്തിയ അക്രമസംഭവങ്ങള്‍ മറക്കാന്‍ അവര്‍ സ്വയം ആസൂത്രണം ചെയ്ത നാടകമാണ് മദ്‌റസ തീവെപ്പെന്നും എസ് വൈ എസ് നേതൃത്വം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ സാഹചര്യതെളിവുകളും സുന്നികള്‍ നിരത്തി. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതികളെന്ന് സംശയിക്കുന്നവരുടെ ലാന്‍ഡ്‌ലൈന്‍ – മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലിസിന് നിര്‍ണായക സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് രണ്ട് പേരെ സി ഐ ജോണിന്റെയും പ്രിന്‍സിപ്പല്‍ എസ് ഐ ഷിജുവിന്റെയും നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ അന്വേഷണം വഴിത്തിരിവിലെത്തുകയായിരുന്നു.
മദ്‌റസക്ക് തീവെക്കപ്പെട്ട അന്നു തന്നെ ചേളാരി വിഭാഗത്തിന്റെ നീക്കങ്ങള്‍ സംശയത്തിന് ഇടനല്‍കിയിരുന്നു. മദ്‌റസയിലെ പ്രധാനാധ്യാപകന്‍ മുസ്തഫ സഅദി പുലര്‍ച്ചെ 4.45ന് പള്ളിയിലേക്ക് പോകുമ്പോള്‍ മദ്‌റസ കത്തുന്നത് കണ്ടുവെന്നാണ് ചേളാരി വിഭാഗം പറഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന് വിവരമറിയിക്കാതെ മദ്‌റസക്ക് എ പിക്കാര്‍ തീവെച്ചുവെന്നും ഉടന്‍ സംഘടിച്ചെത്തണമെന്നും മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് 5.30നാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ചേളാരിവിഭാഗം തന്നെയാണെന്നതിന് വ്യക്തമായ തെളിവ് നല്‍കുന്നതായിരുന്നു ഈ സംഭവങ്ങള്‍.
അതേസമയം അന്വേഷണം തങ്ങളിലേക്ക് തന്നെ എത്തുന്നുവെന്ന് മനസ്സിലാക്കിയ വിഘടിത നേതൃത്വം അതില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ്. സമ്മര്‍ദം ചെലുത്തി ഗൂഢാലോചന ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വിവരമുണ്ട്. നേതൃത്വം അറിയാതെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മദ്‌റസക്ക് തീവെക്കുകയായിരന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.