Gulf
നിതാഖാത്: ഇളവ് കാലാവധി അവസാനിക്കാന്‍ പത്ത് ദിവസം
ജിദ്ദ; സഊദിയിലെ നിതാഖാത് ഇളവ് കാലം അവസാനിക്കാന്‍ അവശേഷിക്കുന്നത് ഇനി പത്ത് നാള്‍ കൂടി. അതില്‍ ഏഴ് പ്രവൃത്തി ദിനങ്ങള്‍ മാത്രം. സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിപ്പെടുത്തുന്നതിന് അബ്ദുല്ലാ രാജാവ് പ്രത്യേക താത്പര്യമെടുത്ത് നീട്ടി നല്‍കിയ ഇളവ് കാലം നവംബര്‍ നാലിന് അവസാനിക്കാനിരിക്കെ, ഇനിയും രേഖകള്‍ ശരിപ്പെടുത്താനാകാതെ പതിനായിരക്കണക്കിന് വിദേശ തൊഴിലാളികള്‍ രാജ്യത്ത് അവശേഷിക്കുന്നു.
നിതാഖാത്തിന്റെ ഭാഗമായി ആറ് മാസക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പദവി ശരിയാക്കല്‍ പ്രക്രിയയില്‍ രാജ്യത്ത് ആകെ നാല്‍പ്പത് ലക്ഷം വിദേശികള്‍ രേഖകള്‍ ശരിപ്പെടുത്തിയതായി ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഇരുപത് ലക്ഷത്തോളം പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയവരാണ്. ഒമ്പത് ലക്ഷത്തി അറുപതിനായിരം പേര്‍ നിതാഖാത്തുമായി ബന്ധപ്പെട്ട് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടുകഴിഞ്ഞു. രാജ്യം വിട്ടവരില്‍ 78,000 പേര്‍ ഇന്ത്യക്കാരാണ്. ഏഴ് ലക്ഷം ഇന്ത്യക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ, ജോലി മാറുകയോ, രണ്ടുംകൂടിയോ ചെയ്തിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇനിയും പദവി ശരിപ്പെടുത്താനാകാതെ രാജ്യത്ത് തുടരുന്നുണ്ട്. ഇതില്‍ പകുതിയിലധികം മലയാളികളാണ്.
പസ്‌പോര്‍ട്ടും ഇഖാമയും നഷ്ടപ്പെട്ടതിനാലും മതിയായ രേഖകള്‍ സ്‌പോണ്‍സറില്‍ നിന്ന് ലഭിക്കാത്തതിനാലും രേഖകള്‍ ശരിപ്പെടുത്താന്‍ സാധിക്കാത്തവരുമുണ്ട്. ഇളവ് കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്‍ രേഖകള്‍ ശരിയാക്കാത്തവരുമുണ്ട്. പദവി ശരിയാക്കാന്‍ ഇളവ് കാലാവധി ഇനിയും നീട്ടണമെന്ന് ബംഗ്ലാദേശ് ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ സഊദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇനിയും കാലാവധി നീട്ടേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എംബസി, കോണ്‍സുലേറ്റ് മിഷനുകള്‍ ഇന്ത്യന്‍ തൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തുന്ന ജോലികള്‍ പരമാവധി വേഗത്തില്‍ ചെയ്തു തീര്‍ത്തിട്ടുണ്ടെന്ന് അംബാസിഡര്‍ ഹാമിദലി റാവു റിയാദില്‍ വ്യക്തമാക്കി. അതേസമയം, ഇളവ് കാലാവധി ഇനിയും നീട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സഊദി തൊഴില്‍കാര്യ സഹമന്ത്രി ഡോ. മുഫ്‌രിജ് അല്‍ ഹഖ്ബാനി പ്രസ്താവനയില്‍ പറഞ്ഞു.
ഇളവ് കാലം അവസാനിക്കുന്നതോടെ നവംബര്‍ അഞ്ച് മുതല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ നിതാഖാത്ത് പരിശോധന കര്‍ശനമായി തുടങ്ങാനിരിക്കുകയാണ്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതോ, താമസ സൗകര്യം നല്‍കുന്നതോ കടുത്ത തെറ്റാണെന്നും അതിനു മുതിരുന്ന തൊഴിലുടമ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനധികൃത താമസക്കാരെ കടത്തിക്കൊണ്ടു പോകുന്നതിനെതിരെ സഊദി പൗരന്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിടിക്കപ്പെടുന്ന അനധികൃത വിദേശികളെ കരിമ്പട്ടികയിലുള്‍പ്പെടുത്തും. അവരുടെ വിരലടയാളം രേഖപ്പെടുത്തുന്നതിനാല്‍ പിന്നീടൊരിക്കലും രാജ്യത്തേക്കു പ്രവേശനമുണ്ടാകില്ല.
ഇളവ് കാലം തീരുന്നതോടെ രണ്ടര ലക്ഷം സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. വര്‍ഷാ വര്‍ഷം ആളൊന്നിന് 2500 റിയാല്‍ ലെവിയും വിസ പുതുക്കാനുള്ള സംഖ്യയുമടക്കം നല്ലൊരു തുക സ്ഥാപന ഉടമ ചെലവാക്കണമെന്നതിനാല്‍ മിക്ക സ്ഥാപനങ്ങളും കനത്ത പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. ഇത്രയും തുക തൊഴിലാളികള്‍ തന്നെ വഹിക്കണമെന്നു വന്നാല്‍, അതിനനുസരിച്ച് അവരുടെ ശമ്പളം വര്‍ധിപ്പിക്കേണ്ടതായി വരും.
രേഖകള്‍ ശരിയാക്കാനാകാതെ രാജ്യം വിട്ടു പോയ വിദേശികള്‍ക്കു പകരം പരമാവധി സ്വദേശികളെ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നീക്കം തുടങ്ങി. അതിനായുള്ള പരിശീലന പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, നിയമാനുസൃതം ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ട വിദേശികള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ വിസയില്‍ നിയമവിധേയമായി തിരിച്ചു വരാം. ഇതിന് നിയമ തടസ്സങ്ങളില്ല.