Kannur
ഓണപ്പറമ്പ്: മദ്‌റസ കത്തിക്കും മുമ്പ് കൂറ്റന്‍ മേശയും രേഖകളും കടത്തി
തളിപ്പറമ്പ്: ഓണപ്പറമ്പ് മദ്‌റസ തീവെപ്പ് കേസില്‍ തെളിവുകളെല്ലാം ചേളാരി വിഭാഗത്തെ തിരിഞ്ഞുകുത്തുന്നു. ആസൂത്രിതമായി നടത്തിയ നാടകമായിരുന്നു തീവെപ്പെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മദ്‌റസക്ക് തീവെക്കുന്നതിന് മുമ്പ് മദ്‌റസയിലുണ്ടായിരുന്ന അര നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍ മേശയും അതിനകത്തുണ്ടായിരുന്ന ഹാജര്‍പട്ടിക, അമൂല്യ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയും കടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ പോലീസ് വലയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ട് പ്രതികള്‍ മംഗലാപുരത്തേക്ക് കടന്നതായും പോലിസിന് വിവരം ലഭിച്ചു.
മൂന്ന് സാധാരണ മേശയുടെ നീളവും വീതിയുമുള്ള സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന മേശ അഗ്നിക്കിരയായിരുന്നില്ലെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. തീ വെക്കും മുമ്പ് ഈ മേശ ഇവിടെ നിന്ന് മാറ്റിയതായാണ് പോലിസിന് സൂചന ലഭിച്ചത്. നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്നെങ്കില്‍ മാത്രമേ ഈ മേശ മാറ്റാന്‍ കഴിയുകയുള്ളൂവെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
മേശ ഇപ്പോള്‍ എവിടെയുണ്ടെന്ന് മംഗലാപുരത്തേക്ക് രക്ഷപ്പെട്ടുവെന്ന് കരുതുന്ന പ്രതികള്‍ക്ക് അറിയാമെന്നാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളവര്‍ പോലീസിന് മൊഴി നല്‍കിയതെന്ന് അറിയുന്നു. ഇവര്‍ക്കായി പോലീസ് സംഘം മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
ഈ മാസം 18നാണ് ചേളാരി വിഭാഗം നടത്തുന്ന, നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓണപ്പറമ്പിലെ നൂറുല്‍ ഇസ്ലാം മദ്‌റസ അഗ്നിക്കിരയാക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സുന്നികളാണെന്നാണ് ചേളാരി വിഭാഗം ആരോപിച്ചിരുന്നത്. എന്നാല്‍ സുന്നികളെ കുരുക്കാന്‍ സ്വയം നടത്തിയ നാടകമായിരുന്നു തീവെപ്പെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.