Kannur
മദ്‌റസ കത്തിച്ച സംഭവം: അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു

തളിപ്പറമ്പ്: ഓണപ്പറമ്പില്‍ ചേളാരി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്‌റസ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. അഞ്ച് പേരും ചേളാരി വിഭാഗക്കാരാണ്. പിടിക്കപ്പെടുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒളിവില്‍ പ്രവേശിച്ച ഇവര്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തും പ്രതികള്‍ക്കായി പോലീസ് വലവിരിച്ചു. പ്രതികള്‍ മംഗലാപുരത്ത് ഉള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ശാസ്ത്രീയമായ അന്വേഷണത്തിന്റെയും ശക്തമായ സാഹചര്യത്തെളിവുകളുടെയും പിന്‍ബലത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ട് ചേളാരി ഗ്രൂപ്പുകാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ആസൂത്രിതമായാണ് ചേളാരി വിഭാഗം സ്വന്തം മദ്‌റസ അഗ്നിക്കിരയാക്കി സുന്നികളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചത്. സാഹചര്യത്തെളിവുകള്‍ തുടക്കത്തിലെ എതിരായതോടെ ഇവര്‍ക്ക് പിഴക്കുകയായിരുന്നു. മദ്‌റസയിലെ അര നൂറ്റാണ്ട് പഴക്കമുള്ള മേശയും രേഖകളും സംഭവത്തിന് മുമ്പ് തന്നെ മദ്‌റസയില്‍ നിന്ന് കടത്തിയിരുന്നു. (Read: ഓണപ്പറമ്പ്: മദ്‌റസ കത്തിക്കും മുമ്പ് കൂറ്റന്‍ മേശയും രേഖകളും കടത്തി) ഇതാണ് സംഭവത്തിന് പിന്നില്‍ ചേളാരി വിഭാഗം തന്നെ ആണെന്നതിന് ശക്തമായ തെളിവായത്.