Kozhikode
അക്രമികളെ ഒറ്റപ്പെടുത്തണം: കാന്തപുരം
കോഴിക്കോട്: വിഘടിത വിഭാഗം നേതാവിന്റെ അറസ്റ്റിലൂടെ ഓണപ്പറമ്പില്‍ മദ്‌റസ തീവെച്ച് നശിപ്പിച്ച സംഭവത്തിന് പിന്നിലാരെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അക്രമികളെ ഒറ്റപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
മദ്‌റസ കത്തിച്ച ശേഷം സുന്നികളുടെ മേല്‍ കുറ്റമാരോപിക്കുകയും നാട്ടിലാകെ കുഴപ്പമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുകയുമായിരുന്നു വിഘടിതര്‍.
ശക്തമായ സമ്മര്‍ദമുണ്ടായിട്ടും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്ത പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുകയും അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന വിഘടിതര്‍ക്കെതിരെ ജനാധിപത്യ സമൂഹം ജാഗ്രത്താകണം. പാനൂര്‍ പാറാട്ട് സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ വിഘടിതര്‍ക്ക് പരുക്കേറ്റ സംഭവവും എളങ്കൂരില്‍ സുന്നി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവും വിഘടിതര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന കുറ്റവാസനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഓണപ്പറമ്പ് മദ്‌റസക്ക് തീവെച്ച കേസിലെയും പാറാട് സ്‌ഫോടനക്കേസിലെയും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കാന്തപുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.