International
സ്പാനിഷ് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങളും അമേരിക്ക ചോര്‍ത്തി
മാഡ്രിഡ്: സ്പാനിഷ് പൗരന്‍മാരുടെ ആറ് കോടിയിലധികം വരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ അമേരിന്‍ ഏജന്‍സിയായ എന്‍ എസ് എ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വിവാദമായിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ തന്നെയാണ് പുതിയ വെളിപ്പെടുത്തലും നടത്തിയത്.
സ്പാനിഷ് ദിനപത്രമായ എല്‍ മുന്‍ഡോയാണ് വാര്‍ത്ത പുറത്തുവിട്ടത്. 2012 ഡിസംബര്‍ പത്തിനും 2013 ജനുവരി എട്ടിനും ഇടക്ക് ലക്ഷക്കണക്കിന് സ്പാനിഷ് പൗരന്‍മാരുടെ 6.5 കോടി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കുന്ന രേഖകളും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌നോഡനില്‍ നിന്ന് അമേരിക്കയുടെ ചോര്‍ത്തല്‍ വിവരങ്ങള്‍ ശേഖരിച്ച ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിനെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ യൂറോപ്യന്‍ യൂനിയനിലെ സഖ്യരാഷ്ട്രങ്ങളായ ഫ്രാന്‍സും ജര്‍മനിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ അഞ്ചലാ മെര്‍ക്കലിന്റെ ഫോണ്‍ സന്ദേശങ്ങള്‍ 2002 മുതല്‍ എന്‍ എസ് എ നിരീക്ഷിക്കുകയും ചോര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനെതിരെ യൂറോപ്യന്‍ യൂനിയന്‍ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ എല്ലാ സഖ്യ രാഷ്ട്രങ്ങളിലെയും പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ദിവസങ്ങളില്‍ ഇതേ കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുമെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.