National
പാറ്റ്‌നയിലെ സ്‌ഫോടനം: കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഷിന്‍ഡെ
ന്യൂഡല്‍ഹി: പാറ്റ്‌നയില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പ്രസംഗവേദിക്കു സമീപം സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. സംഭവത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ച തലസ്ഥാനത്ത് എത്തി താനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഷിന്‍ഡെ പറഞ്ഞു.
എന്നാല്‍ സ്‌ഫോടനങ്ങളെക്കുറിച്ച് യാതൊരു മുന്നറിയിപ്പുമില്ലെന്നായിരുന്നു സംഭവദിവസം നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. അതേസമയം രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടനമുണ്ടായ ഗാന്ധി മൈതാനത്തിന് സമീപം ഐജി ഓഫീസ് പരിസരത്തുനിന്നും ഒരു ബോംബു കൂടി പോലീസ് കണ്ടെടുത്തു. ബോംബ് സ്‌ക്വാഡെത്തി പിന്നീട് ഇത് നിര്‍വീര്യമാക്കി. സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ബീഹാര്‍ പോലീസിനെ സഹായിക്കാനായി മുംബൈയില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സംഘവും എത്തിയിട്ടുണ്ട്.