Connect with us

Gulf

നിതാഖാത്ത്: രണ്ട് ജയിലുകള്‍ തുറന്നു: സഊദി കടുത്ത നടപടികളിലേക്ക്‌

Published

|

Last Updated

റിയാദ്: സഊദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനുള്ള ഇളവു സമയം തീരാനിരിക്കെ ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. പിടികൂടുന്ന നിയമലംഘകര്‍ക്കായി റിയാദില്‍ രണ്ട് ജയിലുകള്‍ പുതുതായി തുറന്നിട്ടുണ്ട്. പിടിയിലാകുന്നവരുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്ത് രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ നിലവിലുള്ള ജയിലുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി.

നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന നടത്തുന്ന തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരെ അനുഗമിക്കാനും കസ്റ്റഡിയില്‍ എടുക്കാനും പോലീസുകാരെ വിട്ടുനല്‍കണമെന്ന തൊഴില്‍ വകുപ്പിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.
അബ്ദുല്ലാ രാജാവ് പ്രത്യേക താത്പര്യമെടുത്ത് നീട്ടി നല്‍കിയ ഇളവ് കാലം നവംബര്‍ നാലിന ാണ് അവസാനിക്കുക. ഇനിയും രേഖകള്‍ ശരിപ്പെടുത്താനാകാതെ പതിനായിരക്കണക്കിന് വിദേശ തൊഴിലാളികള്‍ രാജ്യത്ത് അവശേഷിക്കുന്നുണ്ട്. ഇളവ് കാലം അവസാനിക്കുന്നതോടെ നവംബര്‍ അഞ്ച് മുതല്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ നിതാഖാത്ത് പരിശോധന കര്‍ശനമായി തുടങ്ങാനിരിക്കുകയാണ്.
സ്ഥാപനങ്ങളിലും കമ്പനികളിലുമെത്തിയാകും പരിശോധന നടത്തുക. തെരുവുകളിലും പൊതുസ്ഥലങ്ങളിലും നിയമലംഘകരെ തേടിയുള്ള പരിശോധന നടത്താന്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയില്ല. പൊതുസ്ഥലങ്ങളില്‍ പരിശോധന നടത്തുന്നത് പൊതുസുരക്ഷാ വകുപ്പിലെ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജോലി, നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി, സ്ഥലം എന്നിവ പരിശോധിക്കും. രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിന് പകരം മറ്റൊരിടത്താണ് ജോലിയെങ്കില്‍ വ്യക്തമായ വിശദീകരണം നല്‍കേണ്ടി വരും. പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ സുരക്ഷാ വിഭാഗത്തിന് കൈമാറണമെന്നാണ് പുതിയ തീരുമാനം. കസ്റ്റഡിയില്‍ എടുക്കുകയും നിയമനടപടികള്‍ എടുക്കുകയും ചെയ്യുന്നത് ആഭ്യന്തര മന്ത്രാലയ ഏജന്‍സികള്‍ ആയിരിക്കും. പിടികൂടപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയും തുടര്‍ന്നുള്ള ശിക്ഷാ കാലവും ജയിലില്‍ കഴിയേണ്ടി വരും.
രേഖകള്‍ ശരിയാക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് മുഴുപ്പേജ് പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
നിയമലംഘനങ്ങള്‍ എന്തെല്ലാം എന്ന് വിശദീകരിക്കുന്നതോടൊപ്പം വരാനിരിക്കുന്ന ശിക്ഷയെ കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുക, സ്‌പോണ്‍സറുടെ കീഴിലല്ലാതെ സ്വതന്ത്രമായി ജോലിയെടുക്കുക, സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്ത സ്ഥാപനങ്ങളില്‍ ജോലിയെടുക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള നിയമലംഘനമായി കണക്കാക്കുന്നത്.
സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തമായോ മറ്റൊരു സ്‌പോണ്‍സറുടെ കീഴിലോ ജോലി ചെയ്യാന്‍ അനുവദിക്കുക, മറ്റൊരു സ്‌പോണ്‍സറുടെ കീഴിലുള്ള തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുക എന്നിവയാണ് തൊഴിലുടമകളുടെ ഭാഗത്തു നിന്നുള്ള പ്രധാന നിയമലംഘനങ്ങളായി തൊഴില്‍ മന്ത്രാലയം കാണുന്നത്. പരിശോധനകള്‍ക്കുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ചര്‍ച്ച ചെയ്തു.

 

Latest